പിക്കറ്റ് 43 എന്ന മലയാള ചിത്രത്തിൽ പ്രിഥ്വിരാജിനൊപ്പം നിഴൽ പോലെ അഭിനയിച്ച നായയും പ്രേക്ഷക മനസിൽ ഇടം പിടിച്ചിരുന്നു. അതിർത്തിയിൽ രാജ്യത്തിന്റെ അഭിമാനം കാക്കുന്നതിൽ സൈനികർക്ക് വഴിയൊരുക്കുന്നവരാണ് സൈന്യത്തിലെ നായകൾ. തീവ്രവാദികളെ കണ്ടെത്തുന്നതിൽ സൈന്യത്തിന് മുതൽക്കൂട്ടാണിവർ. ഇതിന് പുറമേ ബോംബുകൾ കണ്ടെത്താനും സൈന്യത്തെ ഇവർ സഹായിക്കുന്നുണ്ട്. ജൂലായ് 30ന് രാഷ്ട്രീയ റൈഫിൾസ് ബറ്റാലിയൻ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് വയസ്സുള്ള ആക്സൽ എന്ന ആർമി നായ മരണപ്പെട്ടിരുന്നു. ഭീകരനെ കണ്ടെത്തി തടയുന്നതിനിടെ വെടിയേറ്റാണ് ആക്സൽ മൃത്യുവരിച്ചത്. ആർമി വെറ്ററിനറി ഹോസ്പിറ്റലിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ ആക്സലിന് പത്തിലധികം വെടിയേറ്റതായി കണ്ടെത്തിയിരുന്നു. ആർമി ഡോഗ് യൂണിറ്റിൽ സംസ്‌കരിക്കുന്നതിന് മുമ്പ് ആക്സലിന് സൈന്യം ഒരു ആചാരപരമായ ഗാർഡ് ഓഫ് ഓണർ നൽകിയതും മാദ്ധ്യമങ്ങൾ പ്രാധാന്യത്തോടെ റിപ്പോർട്ടു ചെയ്തിരുന്നു. ഇന്ത്യൻ സൈന്യത്തിലെ ഡോഗ് യൂണിറ്റുകളിലെ ചില പ്രത്യേകതകൾ നമുക്ക് മനസിലാക്കാം. ബെൽജിയൻ മാലിനോയിസ് ഇനത്തിൽപ്പെട്ട നായയായിരുന്നു ആക്സൽ.
ഇന്ത്യൻ സൈന്യത്തിന് കരുത്തേകാൻ 25 ഫുൾ ഡോഗ് യൂണിറ്റുകളും രണ്ട് ഹാഫ് യൂണിറ്റുകളുമാണുള്ളത്. ഇതിൽ ഫുൾ ഡോഗ് യൂണിറ്റിൽ 24 നായ്ക്കളും ഹാഫ് യൂണിറ്റിൽ 12 എണ്ണവുമാണ് ഉണ്ടാവുക. മൂന്ന് വർഷങ്ങൾക്ക് മുൻപ് പാർലമെന്റിൽ പ്രതിരോധ മന്ത്രി നൽകിയ വിവരങ്ങളാണ് ഡോഗ് സ്വാഡിനെ കുറിച്ച് ലഭ്യമായ ഈ വിവരങ്ങൾ. വിവിധയിനം നായ്ക്കൾ ഇന്ത്യൻ ആർമിയുടെ പക്കലുണ്ട്. ബെൽജിയൻ മാലിനോയിസ്, ഗ്രേറ്റ് മൗണ്ടൻ സ്വിസ് ഡോഗ്സ്, ലാബ്രഡോർസ്, ജർമ്മൻ ഷെപ്പേർഡ്സ് എന്നീ വിഖ്യത ഇനങ്ങൾ ഡോഗ് യൂണിറ്റിന്റെ അഭിമാന താരങ്ങളാണ്.
പ്രധാനമായും അതിർത്തികളിൽ കാവൽ ഡ്യൂട്ടി, പട്രോളിംഗ്, സ്‌ഫോടക വസ്തുക്കൾ കണ്ടെത്തൽ, മയക്കുമരുന്ന് കണ്ടെത്തൽ, അപകടത്തിൽ പെടുന്നവരെ തിരയൽ തുടങ്ങിയ വിവിധ ആവശ്യങ്ങൾക്കായാണ് സൈന്യം നായകളെ ഉപയോഗിക്കുന്നത്. മറഞ്ഞിരിക്കുന്ന ഭീകരരെ കണ്ടെത്തുക എന്നതാണ് അതിർത്തികളിൽ ഡോഗ് സ്വാഡിന്റെ പ്രധാന ജോലി.
ഓരോ പട്ടാള നായയെയും സംരക്ഷിക്കുവാൻ ഉത്തരവാദിയായ ഡോഗ് ഹാൻഡ്ലർമാർ ഉണ്ടാവും. മീററ്റിലെ റിമൗണ്ട് ആന്റ് വെറ്ററിനറി കോർപ്സ് സെന്ററിലാണ് നായകൾക്ക് പരിശീലനം നൽകുന്നത്. എട്ട് വർഷമാണ് ആരോഗ്യമുള്ള നായകളുടെ പട്ടാളത്തിലെ സേവന കാലാവധി. മുൻപ് സേവന കാലാവധി കഴിഞ്ഞ നായകളെ ദയാവധം നടത്തുന്ന രീതിയുണ്ടായിരുന്നു. എന്നാൽ 2015ന് ശേഷം ഈ നടപടി മാറ്റി നായ്ക്കളെ പുനരധിവസിപ്പിക്കുവാൻ ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |