തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളിലെ വൈസ്ചാൻസലർ നിയമനത്തിൽ ചാൻസലറായ ഗവർണർ നോക്കുകുത്തിയാവും. ഇതിനായി സർവകലാശാലാ നിയമങ്ങൾ ഭേദഗതി ചെയ്ത് സർക്കാർ ഓർഡിനൻസ് ഇറക്കും. വൈസ്ചാൻസലറെ കണ്ടെത്താനുള്ള സെർച്ച് കമ്മിറ്റിയിൽ ചാൻസലറായ ഗവർണറുടെ പ്രതിനിധിക്ക് പകരം, സർക്കാർ തന്നെ പ്രതിനിധിയെ നിശ്ചയിച്ച് ഗവർണറെ അറിയിക്കാനുള്ളതാണ് ഒരു ഭേദഗതി. വി.സിയാക്കാനുള്ളവരുടെ പാനൽ നൽകുന്നതിലാണ് രണ്ടാമത്തെ ഭേദഗതി. നിലവിൽ മൂന്നംഗ സെർച്ച് കമ്മിറ്റിക്ക് ഒറ്റ പാനലോ, കമ്മിറ്റിയംഗങ്ങൾക്ക് വെവ്വേറെ പാനലോ നൽകാം. ഇതിനു പകരം, കമ്മിറ്റിയിലെ മൂന്നിൽ രണ്ട് അംഗങ്ങൾ അംഗീകരിക്കുന്ന പാനലാവും ഔദ്യോഗിക പാനലായി ഗവർണർക്ക് കൈമാറുക. സെർച്ച് കമ്മിറ്റിയിലെ സെനറ്റ് പ്രതിനിധിയും സർക്കാർ നിയമിക്കുന്ന ചാൻസലറുടെ പ്രതിനിധിയും അംഗീകരിച്ചാൽ വേണ്ടപ്പെട്ടവരുടെ പാനൽ നൽകാം. ഇതിൽ നിന്ന് നിയമനം നടത്താൻ ഗവർണർ
നിർബന്ധിതനാവും.
ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ നിയമ ഭേദഗതി നിയമപരമായി നിലനിൽക്കുന്നതാണെന്ന് നിയമവകുപ്പ് സർക്കാരിനെ അറിയിച്ചു. അടുത്ത മന്ത്രിസഭായോഗത്തിൽ അവതരിപ്പിച്ചേക്കും. കേരള, എം.ജി, കാലിക്കറ്റ്, കണ്ണൂർ, സംസ്കൃതം, സാങ്കേതികം, ഓപ്പൺ, മലയാളം, കുസാറ്റ് സർവകലാശാലകളിലാണ് നിയമഭേദഗതി.
തിടുക്കപ്പെട്ട് ഓർഡിനൻസ്
ഒക്ടോബറിൽ വിരമിക്കുന്ന കേരള വി.സി ഡോ. വി.പി. മഹാദേവൻ പിള്ളയ്ക്ക് പകരക്കാരനെ കണ്ടെത്താനുള്ള സെർച്ച്കമ്മിറ്റിയിൽ സെനറ്റിന്റെ പ്രതിനിധിയായി ആസൂത്രണബോർഡ് ഉപാദ്ധ്യക്ഷൻ പ്രൊഫ.വി.കെ.രാമചന്ദ്രനെ കഴിഞ്ഞ15ന് സെനറ്റിന്റെ അടിയന്തരയോഗം നിശ്ചയിച്ചെങ്കിലും, ഗവർണറെ അറിയിച്ചിട്ടില്ല. അറിയിച്ചാലുടൻ യു.ജി.സി, ചാൻസലർ പ്രതിനിധികളെക്കൂടി ഉൾപ്പെടുത്തി സെർച്ച് കമ്മിറ്റി രൂപീകരിച്ച് ഗവർണർ ഉത്തരവിറക്കും. പിന്നെ,ഓർഡിനൻസ് ഇറക്കാനാവില്ല.
സ്വന്തം അധികാരം കവരുന്ന ഓർഡിനൻസിൽ ഗവർണർ ഒപ്പിടുമോയെന്നാണ് സംശയം. ഒപ്പിടാതെ തിരിച്ചയയ്ക്കുന്ന പക്ഷം, മന്ത്രിസഭ പരിഗണിച്ച് വീണ്ടും അയച്ചാൽ ഒപ്പിടണം.
സർക്കാരിന്റെ അനുഭവം
സെർച്ച്കമ്മിറ്റിയിലെ ആദ്യത്തെ രണ്ടു പേരുകാരെ ഒഴിവാക്കി, ആരോഗ്യ സർവകലാശാലാ വൈസ്ചാൻസലറായി ഡോ.മോഹൻ കുന്നുമ്മലിനെ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ നിയമിച്ചത് സർക്കാരിന് തിരിച്ചടിയായിരുന്നു. ഡോ. പ്രവീൺലാൽ, മുൻമുഖ്യമന്ത്റി സി. അച്യുതമേനോന്റെ മകൻ ഡോ. വി.രാമൻകുട്ടി എന്നിവരെയാണ് ഒഴിവാക്കിയത്. ഡോ. പ്രവീൺലാലിനെ വി.സിയാക്കാനുള്ള താത്പര്യം സർക്കാർ രാജ്ഭവനെ അറിയിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |