SignIn
Kerala Kaumudi Online
Thursday, 25 April 2024 11.45 AM IST

മുഖ്യമന്ത്രി അതു പറഞ്ഞതോടു കൂടി സിപിഐ മന്ത്രിമാർ പിന്നൊന്നും മിണ്ടിയില്ല, ഇന്നലെ മന്ത്രിസഭാ യോഗത്തിൽ നടന്നത്

pinarayi-vijayan

തിരുവനന്തപുരം: മന്ത്രിമാർ അറിയാതെയും, മന്ത്രിസഭായോഗത്തിൽ ചർച്ചയില്ലാതെയും ഐ.എ.എസ് ഉദ്യോഗസ്ഥരെ നിയമിക്കുന്നതിൽ പ്രതിഷേധിച്ച സി.പി.ഐ മന്ത്രിമാരോട് രോഷാകുലനായി മുഖ്യമന്ത്രി. 'പുതിയ മന്ത്രിയാവുമ്പോൾ പരിചയക്കുറവുണ്ടാകും. മന്ത്രിസഭായോഗം അതൃപ്തി ഉന്നയിക്കാനുള്ള വേദിയാണ്. എന്നാൽ നിങ്ങൾ (സി.പി.ഐ മന്ത്രിമാർ) എന്താണ് ചെയ്‌തത്? അതൃപ്തിയറിയിച്ച് കത്തെഴുതിയശേഷം സകല മാദ്ധ്യമങ്ങൾക്കും കൊടുത്ത് വാർത്തയാക്കിയില്ലേ? ഇത്രയൊക്കെ ചെയ്‌തിട്ട് പിന്നെ ഇവിടെ വന്നുന്നയിക്കുന്നത് എന്തിനാണ്?"- ഇന്നലെ ചേർന്ന ഓൺലൈൻ മന്ത്രിസഭായോഗത്തിൽ മുഖ്യമന്ത്രി ചോദിച്ചു.

സി.പി.ഐയുടെ വകുപ്പുകളിൽ വിവാദനായകരായ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിൽ പാർട്ടിയുടെ പ്രതിഷേധം മന്ത്രി കെ. രാജൻ അറിയിച്ചപ്പോഴാണ് മുഖ്യമന്ത്രി രോഷാകുലനായത്. ശ്രീറാം വെങ്കിട്ടരാമനെ സപ്ലൈകോ ജോയിന്റ് സെക്രട്ടറി റാങ്കിൽ ജനറൽ മാനേജരായി നിയമിച്ചതിൽ മന്ത്രി ജി.ആർ. അനിൽ അതൃപ്തിയറിയിച്ചെന്ന മാദ്ധ്യമവാർത്തയും ഇതിന് ആക്കം കൂട്ടി.

ഐ.എ.എസ് നിയമനങ്ങൾ മന്ത്രിസഭ തീരുമാനിച്ചിരുന്ന കീഴ്‌വഴക്കം തുടരണമെന്നും, കളക്ടർമാർ നിയമനത്തിൽ അതത് ജില്ലയിൽ നിന്നുള്ള മന്ത്രിമാരുടെ അഭിപ്രായം തേടണമെന്നും രാജൻ ആവശ്യപ്പെട്ടു. എന്നാൽ പരാതി വാർത്തയായതിന്റെ ഉത്തരവാദിത്വം വകുപ്പ് മന്ത്രിക്കാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശ്രീറാമിന്റെ നിയമനം താനറിഞ്ഞില്ലെന്ന് ഇതിനിടയിൽ മന്ത്രി അനിൽ പറഞ്ഞു. എന്നാൽ കാര്യങ്ങൾ ആലോചിച്ച് തീരുമാനിക്കുന്നയാളാണ് ചീഫ് സെക്രട്ടറി എന്ന് മുഖ്യമന്ത്രി പറഞ്ഞതോടെ തുടർചർച്ചയുണ്ടായില്ല. മന്ത്രിസഭായോഗത്തിൽ ഇനി ചർച്ചയുണ്ടാകുമോയെന്നും വ്യക്തമാക്കിയില്ല.

ആലോചിക്കാതെ വകുപ്പദ്ധ്യക്ഷന്മാരെയും കളക്ടർമാരെയും നിയമിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടെന്ന് കഴിഞ്ഞാഴ്ചയിലെ മന്ത്രിസഭാ യോഗത്തിലും സി.പി.ഐ മന്ത്രിമാർ മുഖ്യമന്ത്രിയോട് പറഞ്ഞിരുന്നു. ചില സി.പി.എം മന്ത്രിമാരും അതിനെ പിന്തുണച്ചു. ഇതേത്തുടർന്ന് ബന്ധപ്പെട്ട മന്ത്രിയുമായി ആലോചിച്ചിട്ടേ വകുപ്പ് മേധാവികളെ നിശ്ചയിക്കാവൂവെന്ന് മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് നിർദ്ദേശവും നൽകിയിരുന്നു.

വീണ്ടും തലവേദനയായി ശ്രീറാം

മാദ്ധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ സപ്ലൈകോ ജനറൽമാനേജരായി നിയമിച്ചപ്പോൾ വകുപ്പുമന്ത്രിയായ തന്നെ ഇരുട്ടിൽ നിറുത്തിയതാണ് മന്ത്രി അനിലിനെ ചൊടിപ്പിച്ചത്.

ആലപ്പുഴ കളക്ടറായി നിയമിച്ച ശ്രീറാമിനെതിരെ പ്രതിപക്ഷവും മുസ്ലിം സംഘടനകളും കേരള പത്രപ്രവർത്തകയൂണിയനും പ്രതിഷേധിച്ചിരുന്നു. മഴക്കെടുതിയുള്ള ആലപ്പുഴയിൽ ദുരിതാശ്വാസ നടപടികൾക്ക് കളക്ടർക്ക് പിന്തുണ ലഭിക്കാതിരുന്നതും പ്രതിഷേധമുയരുന്നതുമായ സാഹചര്യവും ഇന്റലിജന്റ്സ് വിഭാഗം മുഖ്യമന്ത്രിക്ക് റിപ്പോർട്ട് ചെയ്തു. ഇതേത്തുടർന്നാണ് ശ്രീറാമിനെ മാറ്റിയത്. ഭരണനേതൃത്വത്തിലെ ഉന്നതരുടെ നിർദ്ദേശപ്രകാരമാണ് ചീഫ്സെക്രട്ടറി ഐ.എ.എസ് നിയമങ്ങളിൽ ഉത്തരവിറക്കുന്നതെന്ന സംശയവും ചില മന്ത്രിമാർക്കുണ്ടെന്നാണ് സൂചന.

സ്വർണക്കടത്തിൽ ആരോപണവിധേയനായ എം. ശിവശങ്കറിനെ മൃഗസംരക്ഷണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാക്കിയത് വകുപ്പുമന്ത്രി ചിഞ്ചുറാണി അറിയാതെയായിരുന്നെന്നും ആക്ഷേപമുണ്ടായിരുന്നു. ഹൗസിംഗ് ബോർഡ് കമ്മിഷണറായിരുന്ന എൻ. ദേവിദാസിനെ മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിൽ നിയമിച്ചത് വ്യവസായ മന്ത്രി പി. രാജീവ് അറിയാതെയാണെന്നും ആക്ഷേപമുണ്ട്. ഇതിൽ രാജീവിനും അതൃപ്തിയുണ്ടായെന്നാണ് സൂചന.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SREERAM VENKITA RAMAN, CABINET, KERALA, PINARAYI VIJAYAN, CPI MINISTERS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.