അന്തരിച്ച മിമിക്രി താരം കൊല്ലം സുധിയുടെ മക്കൾക്ക് കെഎച്ച്ഇഡിസി എന്ന കൂട്ടായ്മ വീട് വച്ചുകൊടുത്തിരുന്നു. വാടക വീട്ടിൽ നിന്ന് കുടുംബം ഈ വീട്ടിലേക്ക് താമസം മാറിയത് വലിയ വാർത്തയായിരുന്നു. എന്നാൽ ഈ വീടിന് ചോർച്ചയുണ്ടെന്ന് സുധിയുടെ ഭാര്യ രേണു കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഈ ആരോപണത്തോട് പ്രതികരിച്ചിരിക്കുകയാണ് കെഎച്ച്ഇഡിസി സ്ഥാപകനും വീടുവച്ചുനൽകാൻ നേതൃത്വം വഹിച്ചവരിലൊരാളുമായ ഫിറോസ്.
"രേണുവിന്റെ വീഡിയോ കണ്ടപ്പോൾ വളരെ സങ്കടം തോന്നി. വളരെ മികച്ച കെട്ടുറപ്പിൽ പണിത വീടാണ്. ഇനി ആർക്കും വീട് നൽകാൻ ഞങ്ങളില്ല. ഇത്രയധികം സങ്കടപ്പെട്ട മറ്റൊരു ദിവസമുണ്ടായിട്ടില്ല. രേണുവിനോട് ഈ ചോദ്യങ്ങൾ ചോദിച്ചതിനും അതിന് ഇങ്ങനെ കള്ളം നിറഞ്ഞ മറുപടി നൽകി ഞങ്ങളെ മോശക്കാരാക്കിയതിനും ഒരുപാട് നന്ദി.
പച്ചക്കള്ളമാണ് രേണു പറയുന്നത്. ആ വീട് ചോരുന്നില്ലെന്ന് നൂറല്ല, ഇരുന്നൂറ് ശതമാനം ഉറപ്പ്. സുധിയുടെ മക്കളുടെ പേരിലാണ് വീട് നിർമിച്ചത്. വീടിന്റെ ഫ്രണ്ട് എലിവേഷൻ നോക്കിക്കഴിഞ്ഞാൽ ഒരു ബ്ലാക്ക് ലൂബേഴ്സ് വരുന്നുണ്ട്. അത് തന്നെ സൈഡിലും കൊടുത്തിട്ടുണ്ട്. ലൂബേഴ്സിന്റെ അവിടെയൊരു ഗ്യാപ്പുണ്ട്. ശക്തമായ കാറ്റും മഴയുമുണ്ടാകുമ്പോൾ അതുവഴി വെള്ളം ചാറ്റൽ അടിച്ച് അകത്ത് കയറും. അത് അംഗീകരിക്കുന്നു. അതിനെയാണ് ഇവർ ഇങ്ങനെ മോശമായി പറയുന്നത്.
എല്ലാ വർഷവും പാവപ്പെട്ട കുടുംബങ്ങൾക്ക് ഓരോ വീട് നൽകാറുണ്ട്. അത്തരത്തിലാണ് സുധിയുടെ മക്കൾക്കും നൽകിയത്. സാധാരണ വീട് മാത്രമാണ് നൽകുന്നത്. എന്നാൽ ഈ വീട്ടിൽ ഫർണിച്ചറും ടിവിയും വാട്ടർ ഫിൽട്ടറുമൊക്കെ നൽകാൻ സാധിച്ചു. അതിന് ഒരുപാടുപേർ സഹായിച്ചിട്ടുണ്ട്. വ്യക്തിപരമായി എന്റെ ഭാഗത്തുനിന്നും വലിയൊരു തുക ചെലവഴിച്ചിട്ടുണ്ട്.
സഹായിക്കാൻ കാശില്ലാത്തതിനാൽ അവിടെ വന്ന് വീടിന്റെ പണി ചെയ്ത് കൂലി വാങ്ങാതെ പോയവരുണ്ട്. അഞ്ചും പത്തും ദിവസം പണിയെടുത്താണ് അവർ പോയത്. അവർക്കെല്ലാം വിഷമം ഉണ്ടാക്കുന്ന വീഡിയോയാണ് ഇന്നലെ മുതൽ പ്രചരിക്കുന്നത്. നല്ല കാര്യങ്ങൾ ചെയ്താലും ഒന്നുമല്ലാതെ പോകുന്ന അവസ്ഥയാണ്.
വീട് നിർമാണം കഴിഞ്ഞതിനുശേഷം ഒരു വർക്ക് ഏരിയ കൂടി ഉണ്ടാക്കിക്കൊടുക്കണമെന്ന് പറഞ്ഞ് അവർ വിളിച്ചിരുന്നു. ഫണ്ട് തികയാതെയാണ് വീട് നിർമാണം പൂർത്തിയാക്കിയത്. ഇനി വർക്ക് ഏരിയ കൂടി ഉണ്ടാക്കിക്കൊടുക്കാൻ ഫണ്ടില്ലെന്ന് പറഞ്ഞപ്പോൾ ഞങ്ങൾ യൂട്യൂബേഴ്സിനെ വിളിച്ച് ഇവിടെ വർക്ക് ഏരിയ ഇല്ലെന്ന് പറയും. അങ്ങനെ ആരെങ്കിലും ഉണ്ടാക്കിത്തന്നാൽ നിങ്ങൾക്കാണ് നാണക്കേടെന്ന് ഭീഷണിയുടെ സ്വരത്തിലാണ് രേണു പറഞ്ഞത്.
അന്നെന്റെ കൈയിൽ പണമില്ലായിരുന്നു. അതിനാൽ നിങ്ങൾ ആരെയെങ്കിലുംവച്ച് ചെയ്‌തോളൂവെന്ന് ഞാൻ പറഞ്ഞു. വീടുകേറി താമസത്തിന് ഞങ്ങൾ പോയെങ്കിലും ഭക്ഷണം തികയില്ലെന്ന് കരുതി ഞങ്ങൾ ആരും ഭക്ഷണം കഴിച്ചില്ല. മാ എന്ന സംഘടന ഒരു ലക്ഷം രൂപ തന്നിരുന്നു. അതുവച്ചാണ് ആ പരിപാടിയുടെ തുക കണ്ടെത്തിയത്.
വീട് കൊടുത്തത് ഒരു കടപ്പാടായിട്ട് അവരെക്കൊണ്ട് നടപ്പിക്കരുതെന്ന് ഉണ്ടായിരുന്നു. ലൂബേഴ്സിന്റെ ഉള്ളിൽ കൂടി ചാറ്റൽ അടിക്കുന്നെന്ന് പറഞ്ഞപ്പോൾ 5000 രൂപ മുടക്കിയാൽ അവിടെ ഗ്ലാസ് ഇടാനാകുമെന്ന് ഞാൻ പറഞ്ഞു. ഒരു ക്ലോക്ക് ഫിക്സ് ചെയ്തത് താഴെ വീണാൽ ഉടൻ വിളിച്ച് ശരിയാക്കുക്കൊടുക്കാൻ പറയും. മോട്ടോർ കത്തിയിട്ട് അതും ശരിയാക്കിക്കൊടുക്കാൻ പറഞ്ഞു. ബൾബ് പോയാലോ ഫ്യൂസ് പോയാലോ ഞങ്ങളെ വിളിക്കും. വീട് തന്നു, അതിന്റെ മെയിന്റനൻസ് കൂടി വേണമെന്ന് പറഞ്ഞാൽ എങ്ങനെ ശരിയാകുമെന്ന് ചോദിച്ചിരുന്നു. അതിനുശേഷം അവർ ഇങ്ങനെയൊരു വീഡിയോ ചെയ്ത് ഞങ്ങളെ പൊതുസമൂഹത്തിന് മുന്നിൽ മോശക്കാരനാക്കുമെന്ന് കരുതിയില്ല. ഇതോടുകൂടി ഈ പരിപാടി നിർത്തി."- അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |