SignIn
Kerala Kaumudi Online
Friday, 20 September 2024 12.02 PM IST

നാളുകളായുള്ള ആ തടസം ഉടൻ മാറുമെന്ന് സൂചന, തമിഴ്നാട്ടിൽ നിന്ന് വ്യവസായ സംരംഭങ്ങൾ കേരളത്തിൽ എത്തിയേക്കും

Increase Font Size Decrease Font Size Print Page
green-field-highway

വ്യവസായ മേഖലയായ പുതുശേരിയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള നിർദ്ദിഷ്ട ആറുവരി ഗ്രീൻഫീൽഡ് ഹൈവേയെക്കുറിച്ച് ചൂടുപിടിച്ച ചർച്ചകൾ പുരോഗമിക്കുന്നു. ഹൈവേ യാഥാർത്ഥ്യമാകുമ്പോൾ ജില്ലയിലെ വ്യാവസായിക മേഖലയ്ക്കുണ്ടാവുന്ന ഉണർവിൽ ഒരുവിഭാഗം പ്രതീക്ഷയർപ്പിക്കുന്നു. മറുവശത്ത് മണ്ണാർക്കാട്, പാലക്കാട് താലൂക്കുകളിലായി 22 വില്ലേജുകളിലെ കുടുംബങ്ങൾ ആശങ്കയിലാണ്.

കിടപ്പാടങ്ങളും കൃഷിയിടങ്ങളും ഉപജീവനമാർഗങ്ങളും എന്നെന്നേക്കുമായി നഷ്ടപ്പെടുമോയെന്ന ഭയമാണവർക്ക്. പാലക്കാട് ജില്ലയിലെ രണ്ട് താലൂക്കുകളിലായി 3,900 സ്ഥല ഉടമകളാണ് ആശങ്കയറിയിച്ച്‌ സ്ഥലമേറ്റെടുപ്പ് ചുമതലയുള്ള ഡെപ്യൂട്ടി കളക്ടർ ഉൾപ്പെടെയുള്ളവരെ സമീപിച്ചത്. റോഡിന്റെ അലൈൻമെന്റിൽ വ്യക്തതയില്ലാത്തതാണ് പ്രധാനപ്രശ്നം. പാത കടന്നുപോകുന്ന സർവേ നമ്പർ അറിയാമെങ്കിലും കൃത്യമായ സ്ഥലരേഖ അറിയില്ല. ഇതിനാൽ, ആരുടെയെല്ലാം വീടും സ്ഥലവും നഷ്ടപ്പെടുമെന്ന് കൃത്യമായി നിർണയിക്കാൻ കഴിഞ്ഞിട്ടില്ല. സ്ഥലം വിട്ടുകൊടുക്കാൻ തയ്യാറായവർക്ക് നഷ്ടപരിഹാരം എത്രയെന്നും വ്യക്തമായിട്ടില്ല. ഒമ്പത് വില്ലേജുകളിലെയും പരാതികൾ പരിശോധിച്ചു. മണ്ണാർക്കാട് താലൂക്കിലെ പരാതികളിൽ തെളിവെടുപ്പ് തുടരുകയാണ്. ഇതിനോടകം നാല് വില്ലേജുകളിലെ പരാതികൾ പരിശോധിച്ചു. പരമാവധി ജനവാസമേഖലയെ ഒഴിവാക്കണമെന്നാണ് ആവശ്യം.

ഉണരുമോ വ്യവസായങ്ങൾ ?

കേന്ദ്ര സർക്കാർ ഭാരത് മാല പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന പാലക്കാട് - കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേ യാഥാർത്ഥ്യമാകുമ്പോൾ ഏറ്റവും കൂടുതൽ നേട്ടം പാലക്കാട്,​ മലപ്പുറം ജില്ലകൾക്കാണ്. വ്യാവസായിക സാമ്പത്തിക രംഗങ്ങളിൽ കുതിച്ചുചാട്ടത്തിന് പാത വഴിയൊരുക്കും. നിലവിലെ പാലക്കാട് - കോഴിക്കോട് ദേശീയപാതയെ അപേക്ഷിച്ച് പുതിയ പാതയിൽ ദൂരവും യാത്രാസമയവും ഗണ്യമായി കുറയുമെന്നതാണ് വലിയ നേട്ടം. പുതിയ വ്യാവസായിക വാണിജ്യ പദ്ധതികളെ ഇരുജില്ലകളിലേക്കും ആകർഷിക്കാനും കഴിയും. കോയമ്പത്തൂർ - മംഗളൂരു ചരക്ക് ഗതാഗതം സുഗമമാകുമെന്നതും പദ്ധതിയുടെ നേട്ടമാണ്. കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വ്യവസായമേഖല പാലക്കാട് ജില്ലയിലെ കഞ്ചിക്കോടാണ്. പക്ഷേ,​ കഴിഞ്ഞ കുറേവർഷങ്ങളായി കടത്തിന്റെയും അടച്ചുപൂട്ടലിന്റെയും നീട്ടിവലിച്ചുള്ള സൈറനുകളാണ് നിത്യവും മുഴങ്ങുന്നത്. പലരും വ്യവസായ സംരംഭങ്ങൾ തമിഴ്നാട്ടിലേക്ക് പറിച്ചുനടുകയാണ്. പശ്ചാത്തലരംഗങ്ങളിലെ അപര്യാപ്തതയാണ് തിരിച്ചടിക്ക് കാരണം. അധികൃതർ മനസുവെച്ചാൽ ഈ അവസ്ഥയ്ക്ക് ശാശ്വത പരിഹാരം കാണാം. ഗ്രീൻ ഫീൽഡ് ഹൈവേ കടന്നുപോകുന്ന പ്രദേശങ്ങളിൽ വ്യാവസായിക മേഖലകൾ നിർമിച്ചാൽ നിക്ഷേപം എളുപ്പത്തിൽ ആകർഷിക്കാം. പ്രാദേശിക വികസനത്തിനൊപ്പം വലിയതോതിലുള്ള തൊഴിലവസരങ്ങളും സൃഷ്ടിക്കാനാകും. മലപ്പുറം,​ പാലക്കാട് ജില്ലകൾക്ക് കോഴിക്കോട് വിമാനത്താവളത്തിന്റെ സാദ്ധ്യതകളും ഉപയോഗപ്പെടുത്താനാകും.

പാത കടന്നുപോകുന്നത് 39 വില്ലേജുകളിലൂടെ

മൂന്ന്‌ ജില്ലകളിലായി കടന്നുപോകുന്ന ഗ്രീൻഫീൽഡ് ഹൈവേയുടെ ആകെ ദൈർഘ്യം 121.006 കിലോമീറ്ററാണ്. ഇതിൽ 61.440 കിലോമീറ്റർ പാലക്കാട്ടും 52.960 കിലോമീറ്റർ മലപ്പുറത്തും 6.606 കിലോമീറ്റർ കോഴിക്കോട് ജില്ലയിലുമാണ് ഉൾപ്പെടുക. കോയമ്പത്തൂർ - പാലക്കാട് ദേശീയപാതയിലെ മരുതറോഡ് വില്ലേജ് ഭാഗത്ത് നിന്ന് തുടങ്ങി കോഴിക്കോട് എൻ.എച്ച് 66-ലെ പന്തീരങ്കാവിലാണ് ഉപഇടനാഴി അവസാനിക്കുന്നത്. മൂന്ന് ജില്ലകളിലുമായി 39 വില്ലേജുകളിലൂടെയാണ് പാത കടന്നുപോകുന്നത്. 2018-ലാണ് കേന്ദ്ര സർക്കാർ ആദ്യമായി പദ്ധതിയുടെ അലൈൻമെന്റ് നടപടികൾ രൂപകല്പന ചെയ്തത്. ഏകദേശം 8,000 കോടി രൂപയാണ് പദ്ധതിക്കായി പ്രതീക്ഷിക്കുന്ന ചെലവ്. ഇതിൽ 4,000 കോടി രൂപ നിർമ്മാണത്തിനാണ് വകയിരുത്തിയിട്ടുള്ളത്. ബാക്കി 4000 കോടി രൂപ സ്ഥലമേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ചെലവുകൾക്കായി വിനിയോഗിക്കും. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ ‘ത്രീ എ’ വിജ്ഞാപനം ജൂൺ ആദ്യം പുറത്തുവന്നു. ഇപ്പോൾ ‘ത്രീ സി’ പ്രകാരം പൊതുജനങ്ങളുടെ പരാതികളിൽ തെളിവെടുപ്പും തുടർ നടപടികളുമാണ് പുരോഗമിക്കുന്നത്.

547 ഹെക്ടർ ഏറ്റെടുക്കും

ദേശീയപാതാ നിർമ്മാണത്തിന് സ്ഥലം ഏറ്റെടുക്കലിന് മുന്നോടിയായുള്ള ഫീൽഡ് സർവേ (ജോയന്റ് മെഷർമെന്റ് സർവേ) ആരംഭിച്ചു. ഗ്രീൻഫീൽഡ് ഉപ ഇടനാഴി (ഐ.സി.ആർ.34) അവസാനിക്കുന്ന കോഴിക്കോട് ദേശീയപാത 66ലെ പന്തീരങ്കാവിൽനിന്നാണ് സർവേ തുടങ്ങിയത്. ഒരാഴ്ചയ്ക്കകം മലപ്പുറം, പാലക്കാട് ജില്ലകളിലും സർവേ തുടങ്ങും. എൻ.എച്ച് വിഭാഗത്തിനുവേണ്ടി സ്ഥലമേറ്റെടുപ്പ് ചുമതലയുള്ള ഡെപ്യൂട്ടി കളക്ടർമാരുടെ നേതൃത്വത്തിൽ മൂന്ന് ഓഫീസുകൾ കേന്ദ്രീകരിച്ചാണ് ഫീൽഡ് സർവേ നടത്തുന്നത്. അലൈൻമെന്റ് തയ്യാറാക്കാൻ 25 ശതമാനം ഭൂമി അധികമായി രേഖപ്പെടുത്തിയാണ് ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ അളവ് തിട്ടപ്പെടുത്തിയത്. എന്നാൽ, പാത നിർമ്മിക്കാൻ 45 മീറ്റർ വീതി കൃത്യമായി രേഖപ്പെടുത്തിയാണ് അളന്നെടുക്കുക. ഇതിനാൽ, ജൂൺ ആദ്യം പുറത്തുവന്ന ത്രീ എ വിജ്ഞാപനപ്രകാരം ഏറ്റെടുക്കാൻ ഉദ്ദേശിച്ചിരുന്ന (നോട്ടിഫൈഡ് ഏരിയ) സ്ഥലത്തിന്റെ അളവിൽ കുറവുണ്ടാകും. ഇതുപ്രകാരം മൂന്ന് ജില്ലകളിലുമായി ആകെ 547 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കുക.

എത്ര താലൂക്കുകൾ ?

മണ്ണാർക്കാട് താലൂക്കിലെ 13 വില്ലേജുകളിലും പാലക്കാട് താലൂക്കിലെ ഒമ്പത് വില്ലേജുകളിലൂടെയുമാണ് ദേശീയപാത കടന്നുപോകുന്നത്. പാലക്കാട് താലൂക്കിലെ മരുതറോഡ് ഗ്രാമപഞ്ചായത്ത് മുതൽ മണ്ണാർക്കാട് താലൂക്കിലെ അലനല്ലൂർ, എടത്തനാട്ടുകര വരെയാണിത്. മരുതറോഡ്, മലമ്പുഴ (ഒന്ന്, രണ്ട്), പാലക്കാട് (രണ്ട്), അകത്തേത്തറ, പുതുപ്പരിയാരം (ഒന്ന്, രണ്ട്), മുണ്ടൂർ (ഒന്ന്, രണ്ട്) എന്നിങ്ങനെയാണ് പാലക്കാട് താലൂക്കിൽ ഉൾപ്പെടുന്ന വില്ലേജുകൾ. മണ്ണാർക്കാട് താലൂക്കിലെ കരിമ്പ (ഒന്ന്, രണ്ട്), കാരാകുറിശ്ശി, തച്ചമ്പാറ, പാലക്കയം, പൊറ്റശ്ശേരി, മണ്ണാർക്കാട് (ഒന്ന്, രണ്ട്), പയ്യനെടം, കോട്ടോപ്പാടം (ഒന്ന്, രണ്ട്, മൂന്ന്), അലനല്ലൂർ (മൂന്ന്) എന്നീ വില്ലേജുകളുമുൾപ്പെടും.

സമയം ലാഭിക്കാം

നിലവിൽ പാലക്കാട് നിന്ന് കോഴിക്കോട് എത്താൻ മൂന്നുമണിക്കൂറും 50 മിനിറ്റുമാണ് കണക്കാക്കുന്നത്. ഇത്‌ ഒന്നര മണിക്കൂറാക്കി ചുരുക്കുകയാണ് പ്രധാന ലക്ഷ്യം. പൊതുഗതാഗതത്തോടൊപ്പം ചരക്ക് ഗതാഗതത്തിനും തുല്യപ്രാധാന്യം ലഭിക്കും. പാത കടന്നുപോകുന്ന മേഖലകളിലെ വികസനപദ്ധതികൾ, സ്ഥലങ്ങളുടെ വികസനം, ഭാവിയിൽ നിർമ്മിക്കാൻ സാദ്ധ്യതയുള്ള വൻകിട പദ്ധതികൾ, ബാഗ്ലൂർ - കൊച്ചി ഇടനാഴിയിൽ കഞ്ചിക്കോട് വ്യാവസായിക മേഖലയെ ബന്ധിപ്പിക്കൽ, തമിഴ്നാട് - ഉത്തരേന്ത്യൻ ഗതാഗത വികസനം തുടങ്ങിയവയും പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളാണ്. പുതിയപാത വരുമ്പോൾ, നിലവിൽ മുണ്ടൂർ - പെരിന്തൽമണ്ണ - മലപ്പുറം വഴിയുള്ള എൻ.എച്ച്. 966ലെ അപകടങ്ങളും തിരക്കും കുറയ്ക്കാനാവുമെന്നാണ് മറ്റൊരു പ്രതീക്ഷ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: GREEN FIELD HIGH WAY, PALAKKAD CALICUT, KERALA, DEVELOPMENT
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.