കൊച്ചി: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്ളാസ് ആരംഭിച്ചശേഷം ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും സ്കൂൾ അധികൃതരെയും വലച്ചു. സ്കൂളുകളിൽ തയ്യാറാക്കിയ പ്രഭാതഭക്ഷണം പാഴായി. സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രതികരണം രൂക്ഷമായതോടെ കളക്ടർ രേണുരാജ് വിശദീകരണം നൽകിയെങ്കിലും പ്രതിഷേധം അയഞ്ഞില്ല.
കനത്ത മഴയെത്തുടർന്ന് രണ്ടു ദിവസമായി ജില്ലയിൽ അവധിയായിരുന്നു. കോതമംഗലം, മൂവാറ്റുപുഴ താലൂക്കുകളിൽ ഇന്നലെ അവധിയാണെന്ന് ബുധനാഴ്ച വൈകിട്ട് അറിയിച്ചിരുന്നു. ഇന്നലെ രാവിലെ 8.23നാണ് ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ കളക്ടർ ജില്ലയിൽ മുഴുവൻ അവധി പ്രഖ്യാപിച്ചത്.
സ്കൂളുകൾ പ്രവർത്തനം തുടങ്ങിയശേഷം അവധി പ്രഖ്യാപിച്ചതിലെ അനൗചിത്യത്തെ കളക്ടറുടെ ഫേസ്ബുക്ക് പേജിൽ നൂറുകണക്കിന് പേരാണ് ചോദ്യം ചെയ്തത്. പ്രതിഷേധം കനത്തതോടെ 9.06ന് കളക്ടർ വിശദീകരണം നൽകി. രാത്രിയിൽ പെയ്ത മഴ നിലയ്ക്കാത്തതിനാലാണ് അവധി നൽകിയതെന്നും പ്രവർത്തനമാരംഭിച്ച സ്കൂളുകൾ അടയ്ക്കേണ്ടെന്നായിരുന്നു അറിയിപ്പ്. ഇതിനെതിരെയും വിമർശനം ഉയർന്നു.
രാവിലെ 8ന് ക്ളാസുകൾ ആരംഭിക്കുന്ന വിദ്യാലയങ്ങളുണ്ട്. സ്കൂൾ ബസുകൾ രാവിലെ 6 മുതൽ സർവീസും ആരംഭിക്കും. ഇതെല്ലാം തുടരുമ്പോഴാണ് അവധി പ്രഖ്യാപനം. ടിവി ചാനലുകളും സാമൂഹ്യമാദ്ധ്യമങ്ങളും വഴി അവധി വിവരം രക്ഷിതാക്കൾ അറിഞ്ഞപ്പോഴേയ്ക്കും വിദ്യാർത്ഥികളിൽ ഭൂരിഭാഗവും സ്കൂളുകളിലേയ്ക്ക് പുറപ്പെട്ടിരുന്നു. മക്കളെ സ്കൂളിൽ വിട്ട് ജോലിക്ക് പോയവരും അവധി വിവരമറിഞ്ഞ് ആധിയിലായി. സ്വീകരിക്കാൻ രക്ഷിതാക്കളില്ലാതെ വിദ്യാർത്ഥികളെ ബസുകളിൽ തിരിച്ചിറക്കാനും കഴിഞ്ഞില്ല. സ്കൂളിൽ എത്തിയ വിദ്യാർത്ഥികളുടെ രക്ഷിതാക്കളെത്തി തിരിച്ചുകൊണ്ടുപോകും വരെ അദ്ധ്യാപകർ കാത്തിരുന്നു.
സി.ബി.എസ്.ഇ സ്കൂളുകൾ കത്ത് നൽകി
രാവിലെ ഏഴിനകം അവധി പ്രഖ്യാപിക്കണമെന്ന് കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്കൂൾ ജില്ലാ കളക്ടർക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു. രാവിലെ എട്ടിന് ക്ളാസുകൾ ആരംഭിക്കുന്നതാണ് പതിവ്. ഏഴിനകം അറിയിപ്പ് ലഭിച്ചില്ലെങ്കിൽ വിദ്യാർത്ഥികൾ വിഷമത്തിലാകുമെന്ന് കൗൺസിൽ സെക്രട്ടറി ജനറൽ ഡോ. ഇന്ദിര രാജൻ കളക്ടർക്ക് നൽകിയ കത്തിൽ അറിയിച്ചു.
പ്രഭാതഭക്ഷണം പാഴായി
അവധി അറിയിപ്പ് വൈകിയതിനാൽ പുത്തൻകുരിശ്, തിരുവാണിയൂർ പഞ്ചായത്തുകളിലെ 13 സ്‌കൂളുകളിൽ പ്രഭാത, ഉച്ചഭക്ഷണം പാഴായി. കൊച്ചി റിഫൈനറിയുടെ സാമൂഹിക പ്രതിബദ്ധതാ ഫണ്ടിൽ നിന്നാണ് ഇവിടെ പ്രഭാതഭക്ഷണം നൽകുന്നത്. സ്‌കൂളുകളിൽ 4,000 കുട്ടികൾക്ക് പ്രഭാതഭക്ഷണം തയ്യാറാക്കിയിരുന്നു. രാവിലെ 6ന് തയ്യാറാക്കി 8ന് വിളമ്പുന്നതാണ് രീതി. ചില സ്‌കൂളുകളിലെത്തിയ കുട്ടികൾക്ക് ഭക്ഷണം നൽകി. മറ്റിടങ്ങളിൽ സമീപവാസികൾക്കടക്കം നൽകി. 12 ന് നൽക്കുന്ന ഉച്ചഭക്ഷണത്തിന് തയ്യാറെടുപ്പുകൾ തുടങ്ങിയശേഷമാണ് അവധി അറിയിപ്പ് ലഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |