ആലുവ: ആലുവ നഗരത്തിലെ പുരാതനമായ ക്രൈസ്തവ ദേവാലയത്തിലും സമീപത്തെ അഞ്ച് കടകളിലും മോഷണം. പ്രതിയുടെ സി.സി ടി.വി ദൃശ്യം സഹിതം ആലുവ സെന്റ് ഡൊമിനിക് പള്ളി വികാരി ഫാ. ജോസഫ് കരുമത്തി ആലുവ പൊലീസിൽ പരാതി നൽകി. പള്ളിയിൽ നിന്ന് 5000 രൂപയും സമീപത്തെ കടകളിൽ നിന്ന് ചില്ലറത്തുട്ടുകൾ, ഒരു മൊബൈൽ തുടങ്ങിയവയുമാണ് അപഹരിച്ചത്.
കഴിഞ്ഞ രാത്രി 12.45 നാണ് മോഷ്ടാവ് എത്തിയത്. അൽത്താരയ്ക്ക് പിന്നിലെ സങ്കീർത്തന മുറി കമ്പിപ്പാര ഉപയോഗിച്ച് തകർത്തിട്ടുണ്ട്. പള്ളിക്ക് മുമ്പിലെ കപ്പേളയിലെ പൂട്ട് തകർത്താണ് 5000 രൂപയോളം അപഹരിച്ചത്.
പള്ളിയുടെ മുന്നിലുള്ള എം.കെ. ട്രേഡേഴ്സ് എന്ന പലചരക്ക് മൊത്തവ്യാപാര സ്ഥാപനം, പൂക്കട, ചില്ലറ വില്പന കടകൾ എന്നിവിടങ്ങളിലാണ് മോഷ്ടാവ് കയറിയത്.
കഴിഞ്ഞ ദിവസം ആലുവ പൊലീസ് സ്‌റ്റേഷന്റെ മൂക്കിന് താഴെ തൃക്കുന്നത്ത് സെമിനാരി പള്ളിയിൽ മോഷണം നടന്നിരുന്നു. പള്ളിയുടെ അകത്തും പിതാക്കന്മാരുടെ കബറിടത്തിലുമുള്ള നേർച്ചപ്പെട്ടികൾ തകർത്ത് ഏകദേശം 10,000 രൂപയാണ് കവർന്നത്. ഈ കേസിൽ പ്രതികളെ തെരയുന്നതിനിടെയാണ് വെള്ളിയാഴ്ച്ച രാത്രി മോഷണ പരമ്പര നടന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |