കൊച്ചി: ഭാര്യാസഹോദരന്റെ ഭാര്യയ്ക്കൊപ്പം കൊച്ചിയിൽ താമസിക്കുന്ന യുവാവിനെ കൊല്ലാൻ തിരുവനന്തപുരത്തുനിന്ന് ക്വട്ടേഷൻ സംഘവുമായെത്തിയ ഗുണ്ട അറസ്റ്റിലായി. കാട്ടാക്കട പൊലീസ് സ്റ്റേഷനിലെ റൗഡി പട്ടികയിൽപ്പെട്ട പൂവച്ചൽ കോവിലുവിളസ്വദേശി മനുവിനെയാണ് (30) നെയ്യാറ്റിൻകരയിൽനിന്ന് കൊച്ചി സിറ്റി പൊലീസ് പിടികൂടിയത്.
മരട് കണ്ണാടിക്കാട് പാണ്ടവത്ത് റോഡിൽ വാടകയ്ക്ക് താമസിക്കുന്ന നെയ്യാറ്റിൻകര വഴുതൂർ പവിത്രാനന്ദപുരം സ്വദേശി ഷെൈനുമോനെയാണ് (28) കാറിലെത്തിയ സംഘം കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. മനുവിന്റെ ഭാര്യാസഹോദരനും ഭാര്യയും തമ്മിൽ നാളുകളായി അകൽച്ചയിലാണെന്നും ഈ യുവതി ഇപ്പോൾ മരടിലെ വാടകവീട്ടിൽ ഷൈനുമോനൊപ്പമാണ് താമസമെന്നും പൊലീസ് പറഞ്ഞു. ഇരുവർക്കും വധഭീഷണി ഉണ്ടായിരുന്നു.
പെയിന്റിംഗ് തൊഴിലാളിയായ ഷൈനുവിനെ 24ന് രാവിലെ ബൈക്കിൽ ജോലിക്ക് പോകുമ്പോഴാണ് മരട് മാർട്ടിൻപുരം പള്ളിക്ക് സമീപംവച്ച് അപായപ്പെടുത്താൻ ശ്രമിച്ചത്. വ്യാജരജിസ്ട്രേഷൻ നമ്പർ കാറിലെത്തിയ മനുവും സംഘവും ബൈക്ക് തടഞ്ഞുനിറുത്തി കത്തി പുറത്തെടുത്തു. രക്ഷപ്പെടാൻ ഷൈനു നടത്തിയ മരണപ്പാച്ചിലിനിടെ തോമസ്‌പുരം പള്ളിക്ക് സമീപം സ്കൂട്ടർ യാത്രക്കാരനും വഴിയാത്രക്കാരിക്കും ബൈക്കിടിച്ച് പരിക്കേറ്റിരുന്നു. അപകടസ്ഥലത്ത് ആളുകൾ തടിച്ചുകൂടുന്നതിനിടെ മനുവും സംഘവും പിന്തിരിഞ്ഞു. ഇവിടെനിന്ന് മരട് പൊലീസ് സ്റ്റേഷനിൽ ഓടിക്കയറിയാണ് ഷൈനു പരാതി നൽകിയത്.
കാട്ടാക്കട സ്റ്റേഷനിലെ നാല് ക്രിമിനൽക്കേസുകളിലെ പ്രതിയാണ് മനു. ഇയാൾ ആംബുലൻസ് ഡ്രൈവറായിരുന്നപ്പോൾ തൃപ്പൂണിത്തുറയിലും ജോലിചെയ്തിട്ടുണ്ട്. ഇയാൾക്കൊപ്പം മരടിലെത്തിയ സംഘത്തിലെ മറ്റുള്ളവരെ തിരിച്ചറിയാൻ ശ്രമം തുടരുന്നു. വധശ്രമത്തിനാണ് കേസ്.
ഷൈനുവും യുവതിയും ആറുമാസമായി മരടിലാണ് താമസം. മനുവിന്റെ ഭാര്യാസഹോദരന്റെ പരാതിയിൽ കഴിഞ്ഞകൊല്ലം ഷൈനുവിനേയും യുവതിയേയും തിരുവനന്തപുരം പൊലീസ് കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കിയിരുന്നു. തുടർന്ന് ഷൈനുവിനൊപ്പം പോകാൻ കോടതി അനുവദിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |