SignIn
Kerala Kaumudi Online
Thursday, 25 April 2024 4.33 PM IST

മികച്ച ഭരണം കാഴ്‌ചവച്ച് വീണ്ടും അധികാരത്തിൽ വന്ന പാലക്കാട് നഗരസഭയിലെ പ്രകടനം ആവർത്തിക്കാൻ പന്തളത്ത് ബിജെപിക്ക് കഴിയാത്തതിന് പിന്നിൽ

bjp-panthalam

ബി.ജെ.പിക്ക് സംസ്ഥാനത്ത് അധികാരം കിട്ടിയ രണ്ടാമത്തെ നഗരസഭയാണ് പന്തളം. കഴിഞ്ഞ തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ സീറ്റ് വർദ്ധിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഭരണം തന്നെ കിട്ടിയത് പാർട്ടി നേതാക്കളെയും പ്രവർത്തകരെയും ഒരുപോലെ അമ്പരപ്പിച്ചു. ചെയർമാനാകാൻ സീനിയർ കൗൺസിലർമാർ പലരുണ്ടായിരുന്നെങ്കിലും പട്ടികജാതി വനിതയെ ചെയർപേഴ്സണാക്കി ബി.ജെ.പി സംസ്ഥാന നേതൃത്വം ആരും പ്രതീക്ഷിക്കാതിരുന്ന തീരുമാനമെടുത്തു. സുശീലാ സന്തോഷ് ചേയർപേഴ്സണായി ഒന്നര വർഷം പിന്നിട്ടപ്പോൾ ബി.ജെ.പിയിലെ പാളയത്തിൽ പടയും പൊട്ടിത്തെറിയും നഗരസഭാ ഭരണത്തെ അനിശ്ചിതത്വത്തിലാക്കിയിരിക്കുന്നു. പരിചയക്കുറവും ബഡ്ജറ്റ് അവതരണം വൈകിയതും തുടക്കത്തിലേ കല്ലുകടിയായിരുന്നു. കഴിഞ്ഞയാഴ്ച പദ്ധതി രൂപീകരണം ചർച്ച ചെയ്യാനായി ചേർന്ന യോഗത്തിനിടെ ചെയർപേഴ്സൺ പാർട്ടിയിലെ തന്നെ സീനിയർ കൗൺസിലർ കെ.വി പ്രഭയെ അസഭ്യം പറയുന്ന വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിച്ചതാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങൾക്ക് കാരണം. പിന്നാലെ പാർട്ടി ജില്ലാക്കമ്മിറ്റി ഇടപെട്ട് നടത്തിയ അനുരഞ്ജന നീക്കം പാളി. ആർ.എസ്.എസ്, ബി.ജെ.പി സംസ്ഥാന നേതാക്കൾ താക്കീതു നൽകിയതോടെ താൽക്കാലിക വെടിനിറുത്തൽ പ്രഖ്യാപിച്ചിരിക്കുകയാണ്.

പ്രശ്ന പരിഹാര ചർച്ചകൾ ഉടനെയുണ്ടാകുമെന്നാണ് നേതാക്കൾ സൂചിപ്പിക്കുന്നത്. ശബരിമല പ്രക്ഷോഭ കാലത്ത് ഒന്നിച്ച് ശരണം വിളിച്ച് സമരം ചെയ്തവർ തമ്മിൽ തെറികൊണ്ട് അഭിഷേകം നടത്തിയത് ബി.ജെ.പിക്കും ഒപ്പം നിന്നവർക്കും ആകമാനം നാണക്കേടുണ്ടാക്കിയിരിക്കുകയാണ്. ചെയർപേഴ്സനെ ചൊടിപ്പിച്ചത് പദ്ധതി രൂപീകരണത്തിനുള്ള അടിയന്തര യോഗം നടന്നത് ഞായറാഴ്ചയായിരുന്നു. കനത്ത മഴയുണ്ടായിരുന്ന ആ ദിവസം ചെയർപേഴ്സണെ വിളിച്ചുകൊണ്ടുപോകാൻ ഭർത്താവ് നഗരസഭയിലെത്തി. യോഗം തീരാൻ വൈകിയതിനാൽ കേസരയിട്ട് അവിടെ ഇരുന്ന ചെയർപേഴ്സന്റെ ഭർത്താവിന്റെ വീഡിയോ ബി.ജെ.പി കൗൺസിലർമാരുടെ വാട്സാപ്പ് ഗ്രൂപ്പിലെത്തി. ''ആരാണ് ചെയർപേഴ്സൺ, ഭാര്യയോ ഭർത്താവോ " എന്നു ചോദിച്ച് പ്രതികരണങ്ങളും വന്നതോടെ നിയന്ത്രണം വിട്ട സുശീല സന്തോഷ് പാർട്ടിയിലെ തന്റെ എതിരാളിയായ പ്രഭയ്ക്കു നേരെ പാഞ്ഞടുത്തു. 'അടിച്ചു ചെവിക്കല്ല് പൊട്ടിക്കും' എന്ന് പറഞ്ഞതിനു പിന്നാലെ മോശമായ പദപ്രയോഗങ്ങളുമുണ്ടായി. ഇതിന്റെ വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചത്. ചെയർപേഴ്സണായ ഭാര്യയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ വന്ന ഭർത്താവ് ഓഫീസിൽ കസേരയിലിരുന്നതിന്റെ വീഡിയോ പകർത്തി സ്വന്തം പാർട്ടിയുടെ ഗ്രൂപ്പിലേക്ക് പറത്തിയ വിവരദോഷത്തിനെതിരെ രോഷം പ്രകടിപ്പിച്ച സുശീല സന്തോഷ് അകമ്പടിയായി അസഭ്യം പറഞ്ഞത് അതിരു കടന്നു. നഗരസഭാ ഓഫീസിൽ വച്ച് ഇങ്ങനെയൊരു അനിഷ്ട സംഭവമുണ്ടായതിൽ ഖേദം പ്രകടിപ്പിക്കാൻ അദ്ധ്യാപികയായിരുന്ന സുശീല സന്തോഷ് തയ്യാറായത് അന്തരീക്ഷം തണുപ്പിച്ചിട്ടുണ്ട്.

വീഡിയോ പകർത്തി പ്രചരിപ്പിച്ചവർക്കെതിരെയും പൊട്ടിത്തെറിച്ച ചെയർപേഴ്സനെതിരെയും പാർട്ടി നടപടിയുണ്ടായില്ല. പക്ഷേ, പ്രശ്നങ്ങൾക്ക് പരിഹാരമില്ലാതെ നീളുന്നത് കനലുകൾ വീണ്ടും ആളിക്കത്താനിടയാക്കും. ബി.ജെ.പി നഗരസഭ ഭരണം തുടങ്ങിയപ്പോൾ മുതൽ താളപ്പിഴകളാണ്. ബി.ജെ.പി കൗൺസിലർമാരിൽ കൂടുതലും വനിതകളാണ്. അതുകൊണ്ട് വനിതയെ തന്നെ ചെയർപേഴ്ണാക്കി. എന്നാൽ, ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്ന നഗരസഭയിലെ സീനിയർ കൗൺസിലറായ കെ.വി പ്രഭയും കൂട്ടരും തുടക്കം മുതൽ സുശീല സന്തോഷിനോട് സഹകരിക്കാതിരുന്നത് പൊട്ടിത്തെറിയുടെ വക്കിലെത്തിയതാണ് അടുത്തിടെ കണ്ടത്. ആകെയുള്ള 33 സീറ്റുകളിൽ 18 നേടിയാണ് ബി.ജെ.പി അധികാരത്തിലെത്തിയത്. 11പേർ സുശീല സന്തോഷിനും ഏഴ് പേർ പ്രഭയ്ക്കുമൊപ്പമാണ്.

കരുനീക്കവുമായി എൽ.ഡി.എഫ്

കൈവിട്ട ഭരണം ഏതുവിധേനയും തിരിച്ചുപിടിക്കാനുള്ള നീക്കങ്ങളിലാണ് സി.പി.എം. ഒൻപത് സീറ്റുകളാണ് എൽ.ഡി.എഫിനുള്ളത്. ഒരു സ്വതന്ത്ര അംഗത്തെ കഴിഞ്ഞ ദിവസം ചാക്കിട്ടുപിടിച്ച് അംഗബലം പത്താക്കി. ചെയർപേഴ്സൺ സുശീല സന്തോഷിനോട് ഇടഞ്ഞു നിൽക്കുന്ന ബി.ജെ.പിയിലെ കെ.വി പ്രഭയടക്കം ഏഴ് കൗൺസിലർമാർ ഒപ്പം വന്നാൽ ഭരണം പിടിക്കാമെന്നാണ് സി.പി.എം കണക്കുകൂട്ടൽ. അത് എളുപ്പമുള്ള കാര്യമല്ലെന്ന് സി.പി.എമ്മിനറിയാം. താൽക്കാലിക വെടിനിറുത്തൽ ഉണ്ടായ ബി.ജെ.പിയിൽ വീണ്ടും പ്രശ്നം കലുഷിതമായാൽ പ്രഭയും കൂട്ടരും നേതൃമാറ്റം ആവശ്യപ്പെട്ടേക്കാം. നഗരസഭാ ഭരണത്തിനെതിരെ നിരന്തരം സമരം നടത്തിയും ബി.ജെ.പിക്കുള്ളിലെ അസംതൃപ്തരെ ചെയർപേഴ്സനെതിരെ പ്രവർത്തിക്കാൻ പ്രേരിപ്പിച്ചും മുന്നോട്ടു പോകാനാണ് സി.പി.എം തീരുമാനം.

മികച്ച സംഘാടകനും ജില്ലാ സെക്രട്ടറിയേറ്റംഗവുമായ പി.ബി ഹർഷകുമാറിനാണ് സി.പി.എം പന്തളം ഏരിയ കമ്മറ്റിയുടെ ചുമതല നൽകിയിരിക്കുന്നത്. അഞ്ച് അംഗങ്ങളുള്ള യു.ഡി.എഫിൽ നിന്ന് ആരെയെങ്കിലും കിട്ടുമോയെന്നും സി.പി.എം നോക്കുന്നു. പന്തളത്തിന്റെ കാര്യത്തിൽ ബി.ജെ.പി സംസ്ഥാന നേതൃത്വം ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ അധികാര അട്ടിമറി വിദൂരത്തല്ല. പ്രതീക്ഷിക്കാതെ കിട്ടിയ അധികാരം ഫലപ്രദമായി വിനിയോഗിക്കണമെന്നും ഭരണത്തുടർച്ചയ്ക്കുള്ള സാദ്ധ്യത നിലനിറുത്തണമെന്നും കൗൺസിലർമാരെ പഠിപ്പിക്കേണ്ടതുണ്ട്. സ്വന്തം പാർട്ടി ഭരിക്കുന്ന നഗരസഭയിൽ ചെയർപേഴ്സന്റെ തീരുമാനത്തിനെതിരെ, സെക്രട്ടറിയെ ഉപരോധിച്ച് സമരം ചെയ്ത ഒരു വിഭാഗം ബി.ജെ.പി കൗൺസിലർമാർ ഭരണം അട്ടിമറിക്കാനും ശ്രമിച്ചു കൂടെന്നില്ല.

സംസ്ഥാനത്ത് ആദ്യമായി ബി.ജെ.പി അധികാരത്തിലെത്തിയ നഗരസഭ പാലക്കാട‌ാണ്. ഭരണമികവു കൊണ്ട് അവി‌ടെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വീണ്ടും അധികാരത്തിലെത്തി. കേന്ദ്ര സർക്കാർ ആവിഷ്ക്കരിച്ച നഗര വികസന പദ്ധതികൾ ഫലപ്രദമായി നടപ്പാക്കിയെന്ന സൽപ്പേരും പാലക്കാടിനുണ്ട്. എന്നാൽ, പന്തളത്തെ ഇപ്പോഴത്തെ സ്ഥിതി ഒട്ടും ആശാവഹമല്ല. നേരായ രീതിയിൽ ഭരണം മുന്നോട്ടുകൊണ്ടുപാേകാൻ ഒന്നര വർഷത്തിനുള്ളിൽ കഴിഞ്ഞിട്ടില്ല. ഈ നില തുടർന്നാൽ അടുത്ത തിരഞ്ഞെടുപ്പിൽ വമ്പൻ പരാജയം ഏറ്റുവാങ്ങും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BJP, KERALAM, PALAKKAD, PANTHALAM, PANTHALAM MUNICIPALITY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.