അഞ്ചൽ: അരുണാചൽ പ്രദേശിൽ ചൈനയുടെ അതിർത്തിക്കു സമീപം കാണാതായ വ്യോമസേന വിമാനത്തിൽ ഉണ്ടായിരുന്ന ഫ്ളൈറ്റ് എൻജിനിയർ അനൂപ്കുമാറിനായി പ്രാർത്ഥനയോടെ ഒരു ഗ്രാമം.
അഞ്ചൽ ആലഞ്ചേരി വിജയവിലാസത്തിൽ അനൂപ് കുമാറാണ് വിമാനത്തിലുണ്ടായിരുന്ന മലയാളി. സി.ആർ.പി.എഫിൽ സേവനം അനുഷ്ഠിച്ചിരുന്ന ശശിധരൻ പിള്ളയുടെയും വിമലയുടെയും മൂത്ത മകനാണ് ഈ മുപ്പത്തിനാലുകാരൻ. ആറു മാസം മുമ്പാണ് ഒരു കുഞ്ഞു പിറന്നത്. വൃന്ദയാണ് ഭാര്യ. ഒന്നര മാസം മുമ്പാണ് അവസാനമായി നാട്ടിൽ എത്തിയത്. കുഞ്ഞു പിറന്നതിന്റെ സന്തോഷത്തിലായിരുന്നു ആ വരവ്. പതിനൊന്ന് വർഷം മുമ്പാണ് വ്യോമസേനയിൽ ചേർന്നത്.
അപകടത്തിൽപ്പെട്ട വിമാനത്തിൽ അനൂപ്കുമാറും ഉണ്ടെന്ന വിവരം കഴിഞ്ഞ ദിവസമാണ് വീട്ടുകാരെ വ്യോമസേനാ അധികൃതർ അറിയിച്ചത്. അനുജൻ അനീഷും ഭാര്യാമാതാവും ചിറ്റപ്പനും അടക്കമുള്ള ബന്ധുക്കൾ അസാമിൽ എത്തിയിട്ടുണ്ട്. വിമാനത്തിൽ അനൂപിനെ കൂടാതെ ഏഴ് വ്യോമസേനാ അംഗങ്ങൾ അടക്കം 13 പേർ ഉണ്ടായിരുന്നു. വിമാനം കണ്ടെത്തുന്നതിന് സുഖോയ് 30 ഉൾപ്പെടെ ഉപയോഗിച്ച് തെരച്ചിൽ തുടരുന്നതായി വ്യോമസേന അധികൃതർ ബന്ധുക്കളെ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |