ന്യൂഡൽഹി: ലൈംഗികത ആവശ്യപ്പെടുന്ന സ്ത്രീകൾ ലൈംഗിക തൊഴിലാളികളാണെന്ന പരാമർശത്തിന് പിന്നാലെ നടൻ മുഖേഷ് ഖന്നയ്ക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്യാനാവശ്യപ്പെട്ട് ഡൽഹി വനിതാ കമ്മിഷൻ (ഡിസിഡബ്ള്യൂ). സ്ത്രീകൾക്കെതിരായുള്ള അപകീർത്തിപരവും സ്ത്രീവിരുദ്ധവുമായ പരാമർശങ്ങൾക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്യണമെന്നാണ് ഡിസിഡബ്ള്യൂ ഡൽഹി സൈബർ പൊലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഭീഷം ഇന്റർനാഷണൽ എന്ന സ്വന്തം യൂ ട്യൂബ് ചാനലിലൂടെയായിരുന്നു മുകേഷ് ഖന്ന പരാമർശം നടത്തിയത്. രണ്ട് ദിവസം മുൻപ് ഇറങ്ങിയ വീഡിയോ ഇന്നലെയായിരുന്നു വൈറലായത്. പിന്നാലെ സമൂഹമാദ്ധ്യമങ്ങളിൽ നടനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയർന്നിരുന്നു.
ക്യാ ആപ്‌കോ ഭീ ഐസി ലഡ്കിയാൻ ലുഭാതി ഹേ എന്ന തലക്കെട്ടിലാണ് നടൻ വീഡിയോ പുറത്ത് വിട്ടത്. 'ആൺകുട്ടിയോട് ലൈംഗികബന്ധത്തിൽ ഏർപ്പെടണമെന്ന് ഏതെങ്കിലും പെൺകുട്ടി പറഞ്ഞാൽ, അവൾ ഒരു പെൺകുട്ടിയല്ല, അവൾ ഒരു ലൈംഗികത്തൊഴിലാളിയാണ്. കാരണം ഒരു പരിഷ്‌കൃത വിഭാഗത്തിൽപ്പെട്ട ഒരു മാന്യയായ പെൺകുട്ടി ഒരിക്കലും അത്തരം കാര്യങ്ങൾ പറയില്ല' ഏഴ് മിനിട്ട് ദൈർഘ്യമുള്ള വീഡിയോയിൽ മുകേഷ് ഖന്ന പറയുന്നു. സ്ത്രീകളാൽ വശീകരിക്കപ്പെടാതിരിക്കാൻ യുവാക്കൾ ശ്രദ്ധിക്കണമെന്നും സ്ത്രീകളോട് പരിധിക്കുള്ളിൽ തുടരാനും പാരമ്പര്യങ്ങളെ ബഹുമാനിക്കാനും അദ്ദേഹം വീഡിയോയിൽ ആവശ്യപ്പെടുകയും ചെയ്യുന്നു.
എന്നാൽ പരാമർശങ്ങൾ വിമർശിക്കപ്പെട്ടതിന് പിന്നാലെ വിശദീകരണവുമായി ഖന്ന രംഗത്തെത്തിയിരുന്നു. പൊതുവെയുള്ള സ്ത്രീ- പുരുഷ ബന്ധത്തെക്കുറിച്ച് പറഞ്ഞതല്ലെന്നും യുവാക്കൾക്ക് സെക്‌സ് റാക്കറ്റുകളെക്കുറിച്ച് അവബോധം നൽകാനാണ് ശ്രമിച്ചതെന്നും താരം പ്രതികരിച്ചു.നിരപരാധികളായ പുരുഷന്മാരെ ബ്ലാക്ക് മെയിൽ ചെയ്യുന്ന സംഭവങ്ങളുണ്ടെന്നും ലൈംഗികത വാഗ്ദാനം ചെയ്തുകൊണ്ട് തനിക്ക് യുവതികളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്നും സന്ദേശങ്ങൾ ലഭിക്കാറുണ്ടെന്നും നടൻ പറഞ്ഞു.
അഭിനയ രംഗത്ത് ഇപ്പോൾ സജീവമല്ലെങ്കിലും പ്രശസ്ത പരമ്പരയായ ശക്തിമാന്റെ ജനപ്രീതി കാരണം സമൂഹമാദ്ധ്യമങ്ങളിൽ ലക്ഷങ്ങളാണ് മുകേഷ് ഖന്നയെ ഇപ്പോഴും പിന്തുടരുന്നത്. ശക്തിമാന്റെ ജനപ്രീതി പരിഗണിച്ച് ഒരു പ്രശസ്ത പ്രൊഡക്ഷൻ ഹൗസ് ശക്തിമാനെ പുനരവതരിപ്പിക്കാൻ പദ്ധതിയിടുകയും ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |