SignIn
Kerala Kaumudi Online
Sunday, 25 September 2022 7.25 PM IST

എസ്.എസ്.എൽ.സി കേസിലെ വിധി പകരുന്ന സന്ദേശം

photo

കേരളകൗമുദി പുറത്തുകൊണ്ടുവന്ന, ഏറെ കോളിളക്കമുണ്ടാക്കിയ 2005 ലെ എസ്.എസ്.എൽ.സി ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട അച്ചടിക്കരാർ അഴിമതിക്കേസിൽ ജീവിച്ചിരിക്കുന്ന മൂന്നു പ്രതികൾക്കും തടവും പിഴയും ശിക്ഷ നൽകിയ, തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതി ജഡ്ജി കെ.സനിൽകുമാറിന്റെ വിധി നീതിക്കായി പോരാടുന്നവർക്ക് പ്രചോദനമേകുന്നതും അഴിമതി വീരന്മാർക്ക് ശക്തമായ താക്കീത് നൽകുന്നതുമാണ്.

അഞ്ചുലക്ഷത്തിലധികം കുട്ടികൾ എഴുതുന്ന കേരളത്തിലെ ഏറ്റവും വലിയ പൊതുപരീക്ഷയായ എസ്.എസ്.എൽ.സിയുടെ ചോദ്യപേപ്പർ ചോർന്ന സംഭവം കുട്ടികളുടെ മാത്രമല്ല രക്ഷിതാക്കളുടെയും ആത്മവിശ്വാസം തകർക്കുന്നതായിരുന്നു. വിദ്യാർത്ഥികൾക്കായി തയ്യാറാക്കുന്ന പരീക്ഷാ ചോദ്യപേപ്പർ അത് അച്ചടിച്ച പ്രസിൽനിന്നും ഉറ്റബന്ധുക്കൾക്ക് ചോർത്തിക്കൊടുക്കാനിടയാക്കിയത് അച്ചടിക്കരാറിലൂടെ പണം തട്ടാൻ കച്ചകെട്ടിയ ഒരുപിടി ഉദ്യോഗസ്ഥരുടെ കുതന്ത്രങ്ങളായിരുന്നു. ചോദ്യപ്പേപ്പർ ചോർത്തിയവരെ നേരത്തെ ശിക്ഷിച്ചിരുന്നു. അച്ചടിക്കരാർ തിരിമറിയിലൂടെ പണം തട്ടിയവരും ഇപ്പോൾ അഴിക്കുള്ളിലായിരിക്കുന്നു. കരാറുകാരും ഉദ്യോഗസ്ഥരും ചേർന്ന് സർക്കാരിന് 1.33 കോടിരൂപയുടെ നഷ്ടം വരുത്തിവച്ചെന്ന് സി.ബി.ഐ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. വഞ്ചനാക്കുറ്റം, കുറ്റകരമായ ഗൂഢാലോചന, കൈക്കൂലി, ഒൗദ്യോഗികപദവി ദുരുപയോഗം ചെയ്ത് സ്വകാര്യവ്യക്തിക്ക് ലാഭമുണ്ടാക്കൽ എന്നീ കുറ്റങ്ങൾ പ്രതികൾ ചെയ്തതായി കോടതി വിലയിരുത്തി. അഴിമതി സമൂഹത്തെ ബാധിക്കുന്ന കാൻസറാണെന്നും അഴിമതിക്കാരായ ഉദ്യോഗസ്ഥർ നിയമത്തിന്റെ ഒരു സഹതാപവും പ്രതീക്ഷിക്കേണ്ടതില്ലെന്നും കോടതി അസന്നിഗ്ദ്ധമായി വ്യക്തമാക്കി. പ്രായം പരിഗണിച്ച് ശിക്ഷയിൽ ഇളവ് വേണമെന്ന വാദം തള്ളിക്കൊണ്ടായിരുന്നു ഈ പരാമർശം.

ചോർന്ന ഒരു യഥാർത്ഥ ചോദ്യക്കടലാസടക്കം സുപ്രധാന വിവരങ്ങൾ ലഭിച്ചപ്പോൾ അതൊരു സെൻസേഷണൽ വാർത്തയാക്കാതെ വിവരം സൂചിപ്പിക്കുകമാത്രം ചെയ്തുകൊണ്ട് അതിന്റെ കോപ്പി പരീക്ഷാകമ്മിഷണർക്കും ഡി.ജി.പിക്കും കൈമാറുകയാണ് ഞങ്ങൾ അന്നു ചെയ്തത്. വിദ്യാർത്ഥികളുടെ ഭാവിയെക്കരുതി തികഞ്ഞ ചുമതലാബോധത്തോടെയാണ് അങ്ങനെയൊരു സമീപനം സ്വീകരിച്ചത്. ഞങ്ങളുടെ സഹജീവിയായ മാതൃഭൂമി ആ തീരുമാനത്തെ അഭിനന്ദിച്ച് അന്ന് മുഖപ്രസംഗമെഴുതിയത് സ്മരണീയമാണ്. ചോദ്യപേപ്പർ ചോർച്ച റിപ്പോർട്ട് ചെയ്ത ഞങ്ങളുടെ ലേഖകൻ വി.എസ്.രാജേഷിന് അവാർഡ് നൽകിയ വേളയിൽ രാഷ്ട്രപതി ഡോ.എ.പി.ജെ അബ്ദുൾകലാം പത്രം സ്വീകരിച്ച മാതൃകാപരമായ നിലപാടിനെ ഏറെ പ്രശംസിച്ചതും ഈ അവസരത്തിൽ ചാരിതാർത്ഥ്യത്തോടെ ഒാർക്കുന്നു. കേരളത്തിന്റെ വിദ്യാഭ്യാസ സാംസ്‌കാരിക മേഖലകളെയാകെ ചുട്ടുപൊള്ളിച്ച ഈ സംഭവത്തിനു പിന്നിൽ ചരടുവലിച്ചവരെയെല്ലാം നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ കഴിഞ്ഞുവെന്നത് ഒരു മാദ്ധ്യമ സ്ഥാപനമെന്ന നിലയിൽ സമൂഹത്തോട് കാട്ടിയ ഉത്തരവാദിത്വം മാത്രമായി കാണാനാണ് ഞങ്ങൾ ഇഷ്ടപ്പെടുന്നത്. ഇപ്പോൾ വിധിന്യായത്തിൽ ഞങ്ങളുടെ പങ്ക് പരാമർശിക്കപ്പെട്ടത് സാമൂഹ്യ വിഷയങ്ങളിൽ ശക്തമായി ഇടപെട്ട്, അഴിമതിക്കും തെറ്റായ പ്രവണതകൾക്കുമെതിരെ ഞങ്ങൾ തുടർന്നുവരുന്ന പോരാട്ടം മുന്നോട്ടുകൊണ്ടുപോകാൻ പ്രേരിപ്പിക്കുന്നതാണ്.

തുടക്കത്തിൽ ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും ഈ കേസ് ഒതുക്കാൻ ശ്രമിച്ചപ്പോൾ നിരന്തരമായ റിപ്പോർട്ടുകളും അന്വേഷണ പരമ്പരയുമായി ഞങ്ങൾ പോരാട്ടം തുടരുകയായിരുന്നു. കേസ് സി.ബി.ഐ ഏറ്റെടുത്തപ്പോൾ ആ കണ്ടെത്തലുകളും നിഗമനങ്ങളും ശരിയാണെന്ന് തെളിഞ്ഞു. സ്തുത്യർഹമായ അന്വേഷണത്തിലൂടെ പ്രതികളെ വലയിലാക്കിയ സി.ബി.ഐ ഉദ്യോഗസ്ഥൻ പരേതനായ പി.കെ.ഐൻസ്റ്റീൻ മുതൽ പ്രോസിക്യൂഷനുവേണ്ടി ഹാജരായ സി.ബി.ഐ പ്രോസിക്യൂട്ടർ അരുൺ കെ.ആന്റണിവരെയുള്ള എല്ലാവരെയും അഭിനന്ദിക്കാൻ ഈ അവസരം വിനിയോഗിക്കുന്നു. നീതിതേടുന്നവരുടെ അഭയകേന്ദ്രം മാത്രമല്ല അഴിമതിക്കാർക്കും കൊള്ളരുതായ്മ കാട്ടുന്നവർക്കും പേടിസ്വപ്നം കൂടിയാണ് കോടതിയെന്ന് ഈ വിധി ഉറക്കെപ്രഖ്യാപിക്കുന്നുണ്ട്. ജഡ്ജി കെ.സനിൽകുമാറിന്റെ വിധിന്യായം സത്യത്തിന്റ പാതയിൽ സഞ്ചരിക്കുന്നവർക്ക് പ്രതീക്ഷനൽകുന്നതും നീതിപീഠത്തിന്റെ ഉന്നതമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതുമാണ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: EDITORIAL
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.