കാട്ടാക്കട: മാരക ലഹരിമരുന്നായ എം.ഡി.എം.എ കൈവശം സൂക്ഷിച്ചതിന് രണ്ടു പേരെ വിവിധ കേസുകളിൽ അറസ്റ്റ് ചെയ്തു. ഓണം സ്പെഷ്യൽ ഡ്രൈവ് എൻഫോഴ്സ്‌മെന്റ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കാട്ടാക്കട എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ആർ. രതീഷിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
കാട്ടാക്കട നക്രാംഞ്ചിറ പാലേലി തടത്തരികത്ത് വീട്ടിൽ കണ്ണൻ എന്ന ഗിരീഷ്(24), കാട്ടാക്കട കുളതുമ്മൽ കുരുതംകോട് കണ്ണേറ്‌വിള റോഡരികത്ത് പുത്തൻ വീട്ടിൽ ചോപ്ര എന്ന ആനന്ദ് (22) എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്. കാട്ടാക്കട പുലിയൂർക്കോണം ഭാഗത്തുനിന്നാണ് 15.303 ഗ്രാം എം.ഡി.എം.എ യുമായി ഗിരീഷും മൂന്നാറ്റുമുക്ക് ഭാഗത്തുനിന്ന് 7.420 ഗ്രാം എം.ഡി.എം.എ യുമായി ആനന്ദും പിടിയിലാകുന്നത്. ഇരുവരേയും കോടതിയിൽ ഹാജരാക്കി.
ഇതര സംസ്ഥാന തൊഴിലാളികളും വിദ്യാർത്ഥികളും യുവാക്കളുമാണ് ലഹരി മാഫിയയുടെ ലക്ഷ്യം.അരഗ്രാമിന് രണ്ടായിരത്തോളം രൂപയാണ് വിലയിടാക്കുന്നത് ഇതുതന്നെ ദിവസങ്ങളോളം ഇവർക്ക് ഉപയോഗിക്കാൻ കഴിയും. ഒരുതവണ ഉപയോഗിച്ചാൽ 24 മണിക്കൂറും ഇതിന്റെ ലഹരി നിൽക്കുമെന്നതിനാൽ കഞ്ചാവിനെക്കാൾ കൂടുതൽ ലഹരി മാഫിയ ഉപയോഗിക്കുന്നത് ഇതാണ്. പ്രവന്റീവ് ഓഫീസർമാരായ ജയകുമാർ, സന്തോഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ രജിത്ത്,ശ്രീജിത്ത്,ഹരിത്ത്,ഹർഷകുമാർ, വിനോദ് കുമാർ,മണികണ്ഠൻ,ഷിന്റോ എബ്രഹാം,അഭിലാഷ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ വീവ. ഐ.വി,ഡ്രൈവർ അനിൽ കുമാർ എന്നിവർ അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.