നിപ രോഗിയുടെ നില തൃപ്‌തികരം
കൊച്ചി: നിപ രോഗ ലക്ഷണങ്ങളുമായി വെള്ളിയാഴ്ച രാത്രി മൂന്നുപേരെക്കൂടി എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോടെ ഐസൊലേഷൻ വാർഡിൽ 10 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ ഒമ്പതു പേരുടെ പരിശോധനാഫലം നെഗറ്റീവാണ്. ഒരാളുടേത് കിട്ടിയിട്ടില്ല. ചികിത്സയിലുള്ള നിപ രോഗിയുടെ നില തൃപ്തികരമാണ്.
നോർത്ത് പറവൂരിലെ സ്വകാര്യ ആശുപത്രിയിൽ രോഗലക്ഷണങ്ങളുമായി പ്രവേശിപ്പിച്ച ആളെ മെഡിക്കൽ കോളേജിലേക്ക് മാറ്റും. പൂനെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ (എൻ.ഐ.വി ) നിന്നുള്ള സംഘം മെഡിക്കൽ കോളേജിൽ ക്യാമ്പ് ചെയ്ത് ലാബ് പരിശോധന, അണുവിമുക്ത പ്രവർത്തനങ്ങൾ എന്നിവയ്ക്ക് നേതൃത്വം നൽകുന്നുണ്ട്. എൻ.ഐ.വിയിലെ ഡോ.സുദീപ്, ഡോ. ഗോഖലെ, ഡോ. ബാലസുബ്രഹ്മണ്യൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഫീൽഡ് ബയോളജി സംഘം വവ്വാലുകളെ കുറിച്ച് പഠിക്കേണ്ട സ്ഥലങ്ങൾ കണ്ടെത്താൻ വടക്കേക്കര സന്ദർശിച്ചു. വവ്വാൽ പരിശോധന നടത്താനുള്ള സാങ്കേതിക ജീവനക്കാർ പ്രവർത്തനം തുടങ്ങി. വനം വകുപ്പിലെ ഡോ.അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘവും ഇതിൽ പങ്കാളികളാകും. സ്വകാര്യ ആശുപത്രികൾ നിരീക്ഷിക്കാനായി നാല് ടീമുകളുണ്ട്. സംഘം 63 ആശുപത്രികൾ സന്ദർശിച്ചു.
കളക്ടറേറ്റ് ഹാളിൽ നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ അവലോകനയോഗം മന്ത്രി സി. രവീന്ദ്രനാഥിന്റെ നേതൃത്വത്തിൽ നടന്നു. പ്രതിരോധത്തിനും ചികിത്സയ്ക്കും കൂടുതൽ ശ്രദ്ധനൽകാൻ തീരുമാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |