ചാലക്കുടി: മേലൂർ അനാഥാലയത്തിലെ വിദ്യാർത്ഥികൾക്ക് മർദ്ദനം. ആദിവാസി കുട്ടികൾക്ക് രക്ഷകനായത് ഹെൽത്ത് ഇൻസ്പെക്ടർ മജേഷ്. ആറു കുട്ടികളെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെയോടെ വിദ്യാർത്ഥികൾ വീട്ടിലേക്ക് പോകാനായി അനാഥാലയം വിട്ടിറങ്ങുകയായിരുന്നു. ഇവരെ കണ്ട ഹെൽത്ത് ഇൻസ്പെക്ടർ കാര്യം അന്വേഷിച്ചപ്പോഴാണ് മുതിർന്ന കുട്ടികൾ മർദ്ദിച്ചെന്ന് വെളിപ്പെടുത്തിയത്. ഉടൻ അദ്ദേഹം പൊലീസിനെയും ചൈൽഡ് ലൈൻ പ്രവർത്തകരെയും വിവരമറിയിക്കുകയായിരുന്നു.
വാച്ച്മരം ആദിവാസി കോളനിയിലെ കുട്ടികളാണ് ഇവർ. ആദിവാസി കുട്ടികൾക്ക് സർക്കാർ എല്ലാവിധ ആനുകൂല്യങ്ങളും ഹോസ്റ്റൽ സൗകര്യങ്ങളുമൊക്കെ നൽകുന്നുണ്ട്. എന്നിട്ടും എന്തിനാണ് ഇത്തരത്തിലുള്ള അനാഥാലയത്തിൽ കുട്ടികളെ താമസിപ്പിക്കുന്നതെന്ന ചോദ്യം ഉയരുന്നുണ്ട്. രക്ഷിതാക്കളെ പല രീതിയിൽ പ്രലോഭിപ്പിച്ചായിരിക്കാം കുട്ടികളെ ഇവിടെ താമസിപ്പിച്ചതെന്നാണ് പ്രഥമിക നിഗമനം.
ഏകദേശം 69 കുട്ടികൾ ഇവിടെ താമസിച്ച് പഠിക്കുന്നുണ്ട്. എന്നാൽ ഈ അനാഥാലയം അനധികൃതമാണെന്നും ഇത്രയും കുട്ടികളെ താമസിപ്പിക്കാനുള്ള സൗകര്യമോ ജീവനക്കാരോ ഇവിടില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു. സംഭവത്തെപ്പറ്റി വിശദമായ അന്വേഷണം വേണമെന്ന് ചാലക്കുടി എം.എൽ.എ ബി.ഡി. ദേവസി ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |