ഏതൊരു ശിശുവിന്റെയും ജന്മാവകാശമാണ് അമ്മയുടെ മുലപ്പാൽ. പ്രകൃതിദത്തമായി ലഭിക്കുന്ന ഈ അമൂല്യ പോഷകാഹാരം കുഞ്ഞിനുവേണ്ട എല്ലാ രോഗപ്രതിരോധശക്തിയും പ്രദാനം ചെയ്യുന്നു. ചെറുചൂടോടെ സദാ ലഭ്യമാകുന്ന മുലപ്പാൽ കുഞ്ഞിന് വിശക്കുമ്പോഴെല്ലാം കൊടുത്തേ തീരൂ. പ്രത്യേക കരുതലോ പണച്ചെലവോ കൂടാതെ സൂക്ഷിക്കാവുന്ന അടിസ്ഥാനാഹാരത്തിന്റെ ഒരു കരുതൽ ശേഖരം കൂടിയാണിത്. ശിശുവിന്റെ മാനസികവും വൈകാരികവുമായ വളർച്ചയ്ക്കും സ്വഭാവരൂപീകരണത്തിനും മുലയൂട്ടൽ അനിവാര്യമാണ്. മുലക്കണ്ണിൽ നിന്ന് നേരിട്ട് വായിലേക്ക് ലഭിക്കുന്നതിനാൽ മുലപ്പാൽ പൂർണമായും രോഗാണുവിമുക്തമായിരിക്കുമെന്നതാണ് പ്രത്യേകത. മുലയൂട്ടലിലൂടെ അമ്മയ്ക്ക് കുഞ്ഞിനെ സ്‌നേഹപൂർവ്വം ഓമനിക്കാനും തഴുകാനും കുഞ്ഞിനോട് സംസാരിക്കാനും ഒക്കെ അവസരം ലഭിക്കുന്നു.
അമ്മയെയും കുഞ്ഞിനെയും വൈകാരികമായി ബന്ധിപ്പിക്കുന്ന കരുത്തുറ്റ കണ്ണിയാണ് മുലപ്പാൽ. മുലപ്പാൽ കുടിച്ചു വളരുന്ന കുട്ടികൾക്ക് മറ്റ് പാൽ കുടിക്കുന്ന കുട്ടികളെക്കാളും അലർജി രോഗങ്ങൾക്കും ശ്വാസകോശരോഗങ്ങൾക്കും വയറിളക്കത്തിനുമുള്ള സാധ്യത താരതമ്യേന കുറവാണ്. നാലഞ്ചു മാസത്തേക്ക് നവജാതശിശുവിന് അമ്മയുടെ പാൽ മാത്രമേ നൽകാവൂ. അത് കഴിഞ്ഞ് രണ്ടു വയസ്സുവരെ മറ്റ് ആഹാരങ്ങളോടൊപ്പം മുലപ്പാൽ നൽകണം. കുഞ്ഞിനോടുള്ള അമ്മയുടെ സ്‌നേഹത്തിന്റെ പ്രതിരൂപമാണ് മുലപ്പാൽ. പ്രസവാനന്തര ദിനങ്ങളിൽ ചുറ്റുമുള്ള ബന്ധുക്കളും മുതിർന്നവരുമെല്ലാം മുലയൂട്ടാൻ അമ്മയെ പ്രോത്സാഹിപ്പിക്കണം.
മുലയൂട്ടുന്നതെന്തിന്?
പ്രസവം കഴിഞ്ഞാൽ എത്രയും വേഗം കുഞ്ഞിന് മുലപ്പാൽ നൽകണം. പൊക്കിൾകൊടി കെട്ടിക്കഴിഞ്ഞയുടൻ മുല ചവപ്പിക്കാമെങ്കിൽ ഏറെ ഉത്തമം. മുലപ്പാൽ ഊറുന്നതിനു മുമ്പ് മുലയിലൂറുന്ന കൊളസ്ട്രം എന്ന ദ്രാവകം നിർബന്ധമായും കുഞ്ഞിന് കൊടുക്കണം. കുഞ്ഞിന് ലഭിക്കുന്ന ആദ്യത്തെ പ്രതിരോധ വാക്സിൻ ഇതാണ്. പല രോഗങ്ങളെയും ചെറുക്കാൻ ശക്തിയുള്ള ആന്റിബോഡീസ് ഇതിൽ കലർന്നിരിക്കുന്നു. വളരെ കൂടുതൽ പോഷകമൂല്യമുള്ളതും കുഞ്ഞിന് രോഗപ്രതിരോധശക്തി നൽകുന്നതുമാണ് ഇത്.
മുലയൂട്ടുന്നതെങ്ങനെ?
കുഞ്ഞിന് ആവശ്യം പോലെ പാലൂട്ടുന്നതാണ് നല്ലത്. രാത്രിയിലും പാൽ കൊടുക്കാം. തേൻ, ഗ്ലൂക്കോസ്, തിളപ്പിച്ചാറ്റിയ വെള്ളം, വിറ്റാമിൻ തുള്ളികൾ തുടങ്ങിയവയൊന്നും കൊടക്കേണ്ടതില്ല. മുലക്കണ്ണിന് തകരാറുള്ളവർ പാൽ പിഴിഞ്ഞെടുത്ത് കുഞ്ഞിന് കോരിക്കൊടുക്കണം. സുഖപ്രസവം കഴിഞ്ഞ് അരമണിക്കൂറിനുള്ളിൽ നിർബന്ധമായും മുലയൂട്ടൽ തുടങ്ങണം. സിസേറിയനിലൂടെ ജനിച്ച കുഞ്ഞുങ്ങൾക്ക് നാലു മണിക്കൂറിനകം മുലപ്പാൽ കൊടുക്കണം. പശു, ആട് എന്നീ മൃഗങ്ങളുടെ പാലും പാൽപ്പൊടികളും കുഞ്ഞിന് കൊടുക്കാതിരിക്കുന്നതാണ് നല്ലത്. അമ്മയുടെ മുലപ്പാൽ മാത്രം മതി. ഇരുപത്തിനാല് മണിക്കൂറും കുഞ്ഞ് അമ്മയുടെ ചൂടേറ്റുകിടക്കുന്നതാണ് ഉത്തമം.
കടിഞ്ഞൂൽ പ്രസവം കഴിഞ്ഞ അമ്മമാർക്ക് മുലയൂട്ടുമ്പോൾ കുട്ടിയെ എങ്ങനെ പിടിക്കണമെന്നറിയില്ല. അമ്മ എഴുന്നേറ്റിരുന്ന് കുഞ്ഞിനെ രണ്ടു കൈകൊണ്ടും ചുറ്റിപ്പൊതിഞ്ഞ് മുലക്കണ്ണിന് നേരെ കുഞ്ഞിന്റെ വായ് വരത്തക്ക ഉയരത്തിൽ വിലങ്ങനെ മാറോടണച്ചു പിടിക്കണം. കുഞ്ഞിന്റെ തലയുടെ പിൻഭാഗം അമ്മയുടെ മടക്കിയ കൈത്തണ്ടയിൽ താങ്ങിയിരിക്കണം.
കുഞ്ഞിനെ അമ്മ മാറോടണച്ചു പിടിച്ച് പാലൂട്ടുണമെന്ന് പറഞ്ഞല്ലോ. ആദ്യത്തെ ഏതാനും മിനിട്ടുനേരം കുഞ്ഞ് ശക്തിയായി പാൽ വലിച്ചു കുടിക്കും. ഇതോടെ മാറിലേക്ക് കൂടുതൽ പാൽ ഊറിയിറങ്ങും. തുടർന്ന് കുഞ്ഞ് സാവകാശമായി വലിച്ചുകുടിക്കും. ഒരു മുലയിലെ പാൽ കുടിച്ചുതീരമ്പോൾ മാത്രമേ അടുത്ത മുലയിൽ നിന്ന് കുടിപ്പിക്കാവൂ. മുലക്കണ്ണുകൾ മുലയൂട്ടുന്നതിന് മുമ്പും പിമ്പും കഴുകി വൃത്തിയാക്കണം. ചില അമ്മാരുടെ മുലക്കണ്ണുകൾ ഉൾവലിഞ്ഞിരിക്കും. ഇതുമൂലം കുഞ്ഞിന് പാൽ വലിച്ചുകുടിക്കാൻ കഴിയാതെ വരും. ഇവർ മുലക്കണ്ണ് ശക്തിയായി പുറത്തേക്ക് വലിച്ചുനീട്ടിയിട്ട് വേണം കുഞ്ഞിന് പാൽ കൊടുക്കാൻ. മുലക്കണ്ണ് വെടിക്കൽ ഉണ്ടെങ്കിൽ മുലയൂട്ടമ്പോൾ അമ്മയ്ക്ക് അസഹ്യമായ വേദനയുണ്ടാകാം. ഈ സമയത്ത് കുഞ്ഞ് മുലഞെട്ടിൽ കടിക്കാതെ അതിനു ചുറ്റുമുള്ള ഇരുണ്ട തൊലി ഭാഗത്ത് നുണഞ്ഞു കുടിക്കാൻ ശീലിപ്പിക്കാം. മുലക്കണ്ണും ചുറ്റുമുള്ള ഭാഗവും മുഴുവനായും കുഞ്ഞിന്റെ വായ്ക്കുള്ളിൽ കടത്തി മേല്പറഞ്ഞ രീതിയിൽ പാൽ കുടിപ്പിക്കണം.
മുലയൂട്ടൽ എത്രനേരം?
മിനിട്ടോ മണിക്കൂറോ കണക്കാക്കേണ്ട. കുഞ്ഞിന് മതിവരുവോളം കുടിക്കട്ടെ. കുഞ്ഞിന് വയറുനിറഞ്ഞാൽ തനിയെ മുലകുടി നിർത്തും. ചിലപ്പോൾ ഉറങ്ങും. അല്ലെങ്കിൽ ഉന്മേഷത്തോടെ കളി തുടങ്ങും.
മുലപ്പാൽ കുഞ്ഞിന് മതിയാവുന്നുണ്ടോ?
വയറു നിറയുമ്പോൾ കുഞ്ഞ് ഉറങ്ങും. ചിലപ്പോൾ മുലകുടിച്ചു കൊണ്ടുതന്നെ ഉറങ്ങാം. അതുമല്ലെങ്കിൽ ഉണർന്ന് കൈകാലിളക്കി സന്തോഷത്തോടെ കളിക്കാം. മുലപ്പാൽ മതിയാവുന്നില്ലെങ്കിൽ മുലയൂട്ടലിന് ശേഷവും കരയുകയും വിശപ്പിന്റെ ലക്ഷണങ്ങൾ കാണിക്കുകയും ചെയ്യും. മലബന്ധവും ഉണ്ടാവാം. സ്വാഭാവികമായ തൂക്കവർദ്ധനവും ഉണ്ടാവില്ല. മാസം തികയാതെ പ്രസവിച്ച കുട്ടികൾക്കും തീരെ തൂക്കക്കുറവ് ഉള്ള കുട്ടികൾക്കും ഏറെ നേരം മുലവലിച്ച് കുടിക്കാനുള്ള ശക്തി ഇല്ലെന്ന് വരാം. ഇവരെ ഒന്നോ ഒന്നരയോ മണിക്കൂർ ഇടവിട്ട് കുടിപ്പിക്കുന്നതിൽ തെറ്റില്ല.
കുപ്പിപ്പാൽ മുലപ്പാലിന് പകരമാവമോ?
പ്രസവം കഴിഞ്ഞ് ഏതാനും ദിവസത്തേക്ക് മുലപ്പാൽ കുറവായിരിക്കും. ഈ സമയത്ത് ശിശുവിന് മറ്റാഹാരങ്ങളൊന്നും കൊടുക്കാനാകാത്തതിനാൽ അമ്മ ആശങ്കാഭരിതയാകും. മനസ്സിലെ ഈ ആശങ്ക തന്നെ മുലപ്പാൽ ഊറിവരുന്നതിന് വിഘാതമാവും. ഇതോടെ കുപ്പിപ്പാൽ അമ്മയുടെയും ബന്ധുക്കളുടെയും അഭയമാകും. ഇത് സംഭവിക്കുവാൻ പാടില്ല. മുലപ്പാലൂറുന്നതിന് മുമ്പുള്ള പാൽ അളവിൽ കുറവെങ്കിലും കൂടുതൽ പോഷകമൂല്യമുള്ളതാണ്. മുല കുടിക്കുന്ന ശിശുക്കൾ എപ്പോഴും കരയുന്നത് സാധാരണയാണ്. കരഞ്ഞയുടനെ പാലില്ലാഞ്ഞിട്ടാണെന്നു പറഞ്ഞ് കുപ്പിപ്പാൽ കൊടുക്കും. ഇവിടെയാണ് കുഴപ്പം. പ്രസവം കഴിഞ്ഞ് രണ്ടു ദിവസം കഴിയുമ്പോഴേക്കും സ്വാഭാവികമായി മുലപ്പാൽ വന്നു തുടങ്ങും. മുലപ്പാലില്ലെങ്കിലും കുഞ്ഞിനെ മുലക്കണ്ണു ചവപ്പിക്കണം. കുഞ്ഞു നുണയമ്പോൾ അമ്മയുടെ തലച്ചോറിൽ മുലപ്പാലൂറുന്നതിനുള്ള ഹോർമോണിന്റെ പ്രഭവകേന്ദ്രം പ്രചോദിതമാകും. മുലപ്പാൽ ചുരത്തുന്നതിനെ നിയന്ത്രിക്കുന്ന ഹോർമോൺ ഉണ്ടാവുന്നത് മുലയൂട്ടുന്നതിനുള്ള അമ്മയുടെ ആഗ്രഹത്തെയും ആശ്രയിച്ചിരിക്കുന്നു. മുലപ്പാൽ കുറവാണെങ്കിൽ വീണ്ടും വീണ്ടും കുഞ്ഞിനെ മുലയൂട്ടാൻ ചുറ്റുമുള്ളവർ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്നത് നല്ലതാണ്.
മുലകുടി എപ്പോൾ എങ്ങനെ നിർത്താം?
കുഞ്ഞിന് രണ്ട് വയസ്സ് തികയുന്നതുവരെ മുലയൂട്ടാം. കുഞ്ഞിന്റെ ആഹാരരീതിയിൽ വരുന്ന മാറ്റത്തെ മുലയൂട്ടൽ നിർത്തലുമായി ബന്ധപ്പെടുത്താം. ആറുമാസം കഴിയമ്പോൾ കപ്പിൽ നിന്നും കോരിക്കൊടുക്കാൻതുടങ്ങാം. ഈ സമയം ഖരരൂപത്തിലുള്ള ആഹാരത്തിന്റെ അളവ് കൂട്ടിക്കൂട്ടി കൊണ്ടുവരണം. ഒമ്പത് മാസം കഴിഞ്ഞാൽ ചെറിയ കപ്പ് കൈയിൽ പിടിപ്പിച്ച് കുടിക്കാൻ ശീലിപ്പിക്കണം. സ്വയം പര്യാപ്തത നേടാനുള്ള ശ്രമം നേരത്തെ തുടങ്ങട്ടെ. ഒരു വയസ്സ് കഴിയുമ്പോൾ കുഞ്ഞിന് മുതിർന്നവരുടെ ആഹാരങ്ങളെല്ലാം കൊടുത്തുതുടങ്ങണം. ഈ രീതിയിൽ ആഹാരരീതി ക്രമീകരിച്ചാൽ ഒരു വയസ് കഴിയുന്നതോടെ കുഞ്ഞിന് മുലപ്പാലിനോടുള്ള താല്പര്യം കുറഞ്ഞുകൊള്ളും. എന്നാൽ നമ്മുടെ നാട്ടിലെ പല അമ്മമാർക്കും കുഞ്ഞിന് മുലപ്പാൽ കൊടുത്തുകൊണ്ടിരിക്കുന്നതാണിഷ്ടം. എന്തായാലും രണ്ട് വയസ്സുകഴിഞ്ഞാൽ മുലയൂട്ടൽ നിർത്താം.
മുലവീക്കം എന്നു പറഞ്ഞാൽ എന്താണ്?
കുഞ്ഞ് പാൽ കുടിക്കാതിരുന്നാൽ പാൽ നിറഞ്ഞ് മുലവീക്കം ഉണ്ടാക്കുന്നു. പുറത്തേക്ക് ഒഴുകാതെ കെട്ടി നിൽക്കുന്ന പാൽ അമ്മയ്ക്ക് വേദനയും അസ്വാസ്ഥ്യവുമുണ്ടാക്കുന്നു. തണുത്ത വെള്ളത്തിൽ തുണിമുക്കി മാറിലിടുന്നത് ആശ്വാസം നൽകും. അസ്വസ്ഥതയകറ്റാനായി മാറിൽ ചൂട് കൊടുക്കരുത്. സാധാരണ ഗതിയിൽ ഈ വീക്കം രണ്ടു മൂന്നു ദിവസത്തിനുള്ളിൽ തനിയെ കുറയും.
ശരിയായ രീതിയിലല്ല മുലയൂട്ടുന്നതെങ്കിൽ അമ്മയുടെ മുലക്കണ്ണ് വരഞ്ഞുപൊട്ടാനിടയുണ്ട്. മുലക്കണ്ണ് തെറ്റായ രീതിയിൽ കുഞ്ഞിന്റെ വായ്ക്കുള്ളിൽ ആകുന്നതാണ് ഇതിനുകാരണം. കുഞ്ഞ് ശരിയായ പൊസിഷനിൽ പാൽ കുടിക്കമ്പോൾ അമ്മയ്ക്ക് വേദന ഉണ്ടാവില്ല. മുലയൂട്ടമ്പോൾ മുലക്കണ്ണിനോ അതിനു ചുറ്റമോ വേദനയുണ്ടെങ്കിൽ കുഞ്ഞ് ശരിയായ രീതിയിലല്ല മുലകുടിക്കുന്നത് എന്നു മനസിലാക്കാം. ഇങ്ങനെ വേദന അനുഭവപ്പെട്ടാൽ ഡോക്ടറുടെ ഉപദേശം തേടണം. മുലക്കണ്ണിൽ വെടിച്ചുകീറൽ ഉള്ളവർ സോപ്പോ ഡെറ്റോളോ ഉപയോഗിച്ച് കഴുകുക. ഏറെ നേരം തുടരെ മുലയൂട്ടരുത്. മുലക്കണ്ണ് ഈർപ്പമയം ഇല്ലാതെ വയ്ക്കുകയാണ് ഇത് പെട്ടെന്ന് ഭേദമാകാൻ സഹായകം. കൃത്രിമ ലൈറ്റോ സൂര്യപ്രകാശമോ ഏൽക്കുന്നത് നല്ലതാണ്.
മുലപ്പാൽ കുറവാകുന്നതെന്തുകൊണ്ട്?
ശരീരക്ഷീണം, ആഹാരത്തിലെ പോഷകമൂല്യക്കുറവ്, അമിതമായ ശരീരക്‌ളേശം, മാനസിക സമ്മർദ്ദം, ഭയം, പരിഭ്രമം, സംഭ്രാന്തി ഇവ മൂലമെല്ലാം മുലപ്പാൽ കുറയാം. മുലയൂട്ടുന്നതിനുള്ള അമ്മയുടെ വൈമനസ്യവും ഒരു പ്രധാന കാരണമാണ്.
മുലപ്പാൽ വർദ്ധിപ്പിക്കാൻ
*മുലപ്പാലിന്റെ അളവ് കൂട്ടുന്നതിനായി താഴെ പറയുന്ന കാര്യങ്ങൾ അമ്മമാർ ശ്രദ്ധിക്കണം.
*ലഘുവും പോഷകമൂല്യവുമുള്ള ആഹാരം വേണ്ടത്ര അളവിൽ കഴിക്കണം.
*ധാരാളം ശുദ്ധജലം കുടിക്കണം.
*കടുപ്പം കൂടിയ കാപ്പിയും ചായയും ഒഴിവാക്കി ദിവസവും ധാരാളം പാൽ കുടിക്കണം.
*പുളിപ്പ് കുറഞ്ഞ മോര് കട്ടികുറച്ച് ആവശ്യംപോലെ കുടിക്കുന്നത് നല്ലതാണ്.
*രാവിലെ അരലിറ്റർ വെള്ളത്തിൽ ഒരു നാരങ്ങയുടെ നീര് ചേർത്ത് കഴിക്കണം. ഓറഞ്ചുനീരും നല്ലതാണ്.
*പച്ചക്കറികളും ഇലക്കറികളും മറ്റ് പഴവർഗ്ഗങ്ങളും ധാരാളം ഉപയോഗിക്കണം.
*മനസ്സിൽ സന്തോഷവും ശുഭാപ്തിവിശ്വാസവും ശാന്തതയും നിലനിർത്തണം.
*കുട്ടിയെ മാറോടു ചേർത്തു പിടിച്ചവേണം മുലയൂട്ടാൻ.
*കുഞ്ഞ് തന്റെ പാൽ തന്നെ ആവശ്യം പോലെ കുടിച്ച് ആരോഗ്യത്തോടെ വളരണമെന്ന അദമ്യമായ ആഗ്രഹവും അമ്മയ്ക്കുണ്ടാവണം.
* രാത്രി നേരത്തേ ഉറങ്ങണം.
*മാറിടം നിത്യവും മൃദുവുമായി മസാജ് ചെയ്യണം.
*മുലയൂട്ടലിനുള്ള പ്രോത്സാഹനം ചുറ്റുമുള്ളവർ നൽകണം.
മുലയൂട്ടൽ പ്രതിബന്ധങ്ങൾ എന്തൊക്കെയാണ്?
അമ്മയ്ക്ക് ചില സാഹചര്യങ്ങളിൽ കുഞ്ഞിനെ മുലയൂട്ടാൻ കഴിയാതെ വരാം. ഇത് അമ്മയിൽ ഉത്കണ്ഠയുളവാക്കും. വിവിധ കാരണങ്ങളാൽ ഇത് സംഭവിക്കാം. അമ്മയുടെ മനസ്സിൽ ഭയമുണ്ടാവരുത്. ഭയമുണ്ടായാൽ മുലപ്പാൽ കുറയും. കുഞ്ഞിന്റെ അനാരോഗ്യത്തെ കുറിച്ചുള്ള വിഷമം, ജോലി സ്ഥലത്തെ ലീവ്, അസാന്നിദ്ധ്യം ഇവ ഉണ്ടാക്കാവുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള ചിന്ത, വീട്ടിലെ വിപരീത സാഹചര്യങ്ങൾ ഓർത്തുള്ള ദുഃഖം, ഏറ്റവും വേണ്ടപ്പെട്ടവരുടെ തിരസ്‌കാര മനോഭാവം ഇവയൊക്കെ മുലപ്പാൽ കുറയാൻ കാരണമാവും.
അമ്മ ഒരു കാര്യം ഓർക്കണം. അമ്മയുടെ സർവ്വ പ്രധാന ചുമതലയാണ് മുലയൂട്ടൽ. മറ്റ് ഒരു കാര്യവും അതിനേക്കാൾ വലുതായി കരുതാതെ അകമഴിഞ്ഞ സ്‌നേഹത്തോടെ അമ്മിഞ്ഞപ്പാൽ ഊട്ടണം. പരിചരിക്കുന്നവർ സ്‌നേഹപൂർവ്വം അമ്മയെ പറഞ്ഞു സമാധാനിപ്പിക്കുകയും ഡോക്ടറുടെ സഹായത്തോടെ പോംവഴി കണ്ടെത്തുകയും വേണം. ഉള്ളിലോട്ട് വലിഞ്ഞ മുലക്കണ്ണുകൾ പലരുടെയും പ്രശ്നമാണ്. മുലക്കണ്ണുകൾ പുറത്തേക്ക് എഴുന്നുനിൽക്കണം. ചില സ്ത്രീകളിൽ മുലക്കണ്ണ് മാറിനുള്ളിലേക്ക് വലിഞ്ഞിരിക്കും. ഇത് നന്നല്ല. സ്തനങ്ങൾ വികസിക്കുന്നതോടെ മുലക്കണ്ണ് പുറത്തേക്ക് തള്ളി നിൽക്കാതെ ഉൾവലിഞ്ഞിരിക്കുകയാണെങ്കിൽ മെല്ലെ മെല്ലെ സ്വയം ഇതിനെ പുറത്തേക്ക് വലിച്ചു നീട്ടിയെടുക്കണം.
മുലക്കണ്ണിന് രണ്ട് വശത്തും രണ്ട് വിരലുകൾ അമർത്തിവച്ച് മുലക്കണ്ണിനെ ഇടത്തോട്ടും വലത്തോട്ടും നിരവധി പ്രാവശ്യം പിടിച്ച് വലിക്കണം. ഇപ്രകാരം മറ്റ് ദിശകളിലേക്കും മുലക്കണ്ണിനെ പല പ്രാവശ്യം വലിച്ചാൽ അത് പുറത്തെടുക്കാം. ഇങ്ങനെ ചെയ്യമ്പോൾ മുലക്കണ്ണിന് ചുറ്റുമുള്ള തൊലി വലിയുകയും മുലക്കണ്ണ് പുറത്തേക്ക് തള്ളിവരികയും ചെയ്യും. സാവകാശത്തിൽ ഘട്ടം ഘട്ടമായി ഇപ്രകാരം ചെയ്താൽ ഉൾവലിഞ്ഞ മുലക്കണ്ണിനെ നേരെയാക്കാം.
ശ്രദ്ധിക്കേണ്ട മറ്റുകാര്യങ്ങൾ എന്തൊക്കെയാണ്?
ഏത് പെൺകുട്ടിയും താൻ അമ്മയാകുന്നതും കുഞ്ഞിന് മുലയൂട്ടുന്നതും ഭാവന ചെയ്യുന്നുണ്ടാകും. ഉൾവലിഞ്ഞ മുലക്കണ്ണം മുലയൂട്ടലിന് തടസ്സമാകുമെന്ന് നേരത്തെ അറിഞ്ഞാൽ മുലക്കണ്ണ് മുൻകൂട്ടി രൂപാന്തരപ്പെടുത്താനാകും. ഗർഭിണിയാകമ്പോൾതന്നെ മുലയൂട്ടലിനെക്കുറിച്ചും മുലക്കണ്ണിന് അസാധാരണത്വമുണ്ടെങ്കിൽ അതിനെക്കുറിച്ചും അമ്മയ്ക്ക് നല്ലധാരണയുണ്ടാവണം. ഡോക്ടറോടിത് മുൻകൂട്ടി പറയണം. ഗർഭപരിശോധനാവേളയിൽ ഡോക്ടർ നിർബന്ധമായി മുലക്കണ്ണുകൾ പരിശോധിക്കുകയും അപാകതയുണ്ടെങ്കിൽ മാറ്റാനുള്ള ഉപദേശം നൽകുകയും വേണം.
വലിയ ഡിസ്‌പോസിബിൾ സിറിഞ്ചിന്റെ അറ്റം മുറിച്ചുമാറ്റി മുറിച്ച ഭാഗത്തുകൂടി സിറിഞ്ചിന്റെ പിസ്റ്റൺ കടത്തി പിസ്റ്റണിന്റെ മറ്റെ അറ്റത്തിനുള്ളിൽ മുലക്കണ്ണ് കയറ്റി പിസ്റ്റൺ പുറകോട്ട് വലിച്ച് വാക്വം ഉണ്ടാക്കിയും മുലക്കണ്ണ് പുറത്തേയ്ക്കാക്കാം. ഇത് ആവർത്തിച്ചാവർത്തിച്ച് ചെയ്യേണ്ടിവരും.
ചില സ്ത്രീകളുടെ മുലക്കണ്ണുകൾ പരന്നിരിക്കും. കുഞ്ഞിന് പാൽ വലിച്ചുകുടിക്കാൻ ഇത് പ്രയാസമുണ്ടാക്കും. ഇത്തരം മുലക്കണ്ണ് ആവർത്തിച്ചാവർത്തിച്ച് പുറത്തേക്ക് വലിച്ചു നീട്ടിയെടുക്കാം. സിറിഞ്ച് ഉപയോഗിച്ചും ഇതുചെയ്യാം.
പാൽ പിഴിഞ്ഞെടുത്ത് നൽകുന്നത് എങ്ങനെയാണ്?
കുഞ്ഞിന് പാൽ വലിച്ച് കുടിക്കാൻ കഴിയാത്തപ്പോൾ മുലപ്പാൽ പിഴിഞ്ഞെടുത്ത് നൽകാം. പ്രായപൂർത്തിയെത്താത്ത ശിശുക്കൾക്കും രോഗം മൂലം ക്ഷീണിച്ച കുട്ടികൾക്കും ഇങ്ങനെ പാൽ കൊടുക്കാം. അമ്മയ്ക്ക് കുഞ്ഞിനെ വിട്ട് പുറത്തപോകേണ്ടിവരമ്പോൾ പാൽ പിഴിഞ്ഞ് കുഞ്ഞിനരികിലുള്ള ബന്ധുവിനെ ഏല്പിച്ചാൽ അമ്മ വരാൻ വൈകിയാലും മുലപ്പാൽ മുടങ്ങില്ല. ജോലിക്ക് പോകുന്ന അമ്മമാർക്ക് പുറപ്പെടുന്നതിന് മുൻപായി ഈ രീതിയിൽ മുലപ്പാൽ ശേഖരിച്ചുവച്ചു കൊടുക്കാം. വലിയ വാവട്ടമുള്ള പാത്രം വൃത്തിയായി കഴുകി ഉണക്കിവയ്ക്കണം. മുലക്കണ്ണിന് താഴെ പാത്രം പിടിച്ച് മെല്ലെ പിഴിയണം.
മുലപ്പാൽ കൈകൊണ്ട് അമർത്തി ഞെക്കിയോ അതിനായുള്ള പമ്പ് ഉപയോഗിച്ചോ എടുക്കാം. കഴുകി വൃത്തിയാക്കി രോഗാണുവിമുക്തമാക്കിയ കപ്പിലോ പാത്രത്തിലോ വേണം മുലപ്പാൽ ശേഖരിക്കേണ്ടത്. കൈവിരലുകൾ കൊണ്ട് മുലക്കണ്ണിന്റെ മുകളിലും താഴെയും അമർത്തിപ്പിടിച്ച് മുല നെഞ്ചിലേക്ക് അമർത്തുക. ഇങ്ങനെ സംഭരിക്കുന്ന മുലപ്പാൽ ഫ്രിഡ്ജിൽ വച്ചിരുന്ന് കുഞ്ഞിന് കൊടുക്കാം. ബ്രസ്റ്റ് പമ്പ് ഉപയോഗിച്ച് പാൽ എടുക്കാൻ കൂടുതൽ എളുപ്പമാണ്. പമ്പ് ശുചിയായിരിക്കണം.
പിഴിഞ്ഞ പാൽ എങ്ങനെ സൂക്ഷിക്കാം?
പിഴിഞ്ഞ പാൽ സാധാരണ ഊഷ്മാവിൽ എട്ടു മണിക്കൂർ കേടുകൂടാതെ ഇരിക്കും. റെഫ്രിജറേറ്ററിൽ ഇരുപത്തിനാലു മണിക്കൂറും ഫ്രീസറിൽ ഇരുപത് ഡിഗ്രി സെന്റിഗ്രേഡിൽ ഒന്നോ രണ്ടോ മാസവും ഇരിക്കും. പിഴിഞ്ഞെടുത്ത പാൽ ചൂടാക്കരുത്. ചെറിയ ചൂട് വേണമെങ്കിൽ പാൽ സൂക്ഷിച്ചിരിക്കുന്ന പാത്രം ചൂടുവെള്ളം നിറച്ച പാത്രത്തിൽ വയ്ക്കാം. നന്നായി കുലുക്കിയ ശേഷം ശുചീകരിച്ച ഗോകർണ്ണമോ ചെറിയ സ്പൂണോ ഉപയോഗിച്ചാണ് പാൽ കൊടക്കേണ്ടത്. നിപ്പിളും കുപ്പിയും വേണ്ട. പച്ചക്കറികളും പയറുവർഗ്ഗങ്ങളും മലതടസ്സമുണ്ടാകാതിരിക്കാൻ സഹായിക്കുന്നു. പാലിനുപകരം മറ്റ് ആഹാരങ്ങൾ നൽകമ്പോൾ കുഞ്ഞ് രുചിയിലുള്ള ഇഷ്ടങ്ങൾ സ്വരൂപിച്ചെടുക്കുന്നു.
കുഞ്ഞിന്റെ ആഹാരം
തനിക്ക് സ്വന്തമായൊരു പാത്രത്തിൽ നൽകുന്ന ആഹാരമാണ് കുഞ്ഞിഷ്ടപ്പെടുക. ഒരിക്കലും ബലം പ്രയോഗിച്ച് ആഹാരം കൊടുക്കരുത്. ആഹാരം കഴിക്കൽ സുഖകരമായ ഒരനുഭവമായിരിക്കണം കുഞ്ഞിന്. ചെറുപ്രായത്തിലെ കുഞ്ഞുങ്ങളേ സ്വന്തം കൈകൊണ്ട് ആഹാരം കഴിക്കാൻ പഠിപ്പിക്കണം. ആഹാരത്തിനു മുമ്പ് കൈ കഴുകുന്ന ശീലം വേണം. നമ്മുടെ മുഖ്യാഹാരം അരിയാണെങ്കിലും മറ്റ് ധാന്യങ്ങളും നൽകാം. ഉഴുന്നും പയറും കപ്പലണ്ടിയും നല്ല പോഷണം തരും. പഴവർഗ്ഗങ്ങളും പച്ചക്കറിയും കുഞ്ഞുങ്ങൾക്ക് നൽകണം. മുട്ട,ആറേവ് മാസമാകമ്പോൾ മുതൽ കൊടുത്തു തുടങ്ങാം. ഒരു വയസ് കഴിഞ്ഞ് കുഞ്ഞിന് ദിവസം ഒരു മുട്ടയാകാം. ചോക്‌ളേറ്റും മിഠായിയും ധാരാളം കലോറിയുള്ളതാണെങ്കിലും വിശപ്പ് കുറയ്ക്കും.
മുലകുടി മാറ്റാൻ എന്തു ചെയ്യണം?
ശിശുവിന്റെ ആഹാരം ദ്രാവകത്തിൽ നിന്ന് കുറുക്കുകളിലേക്കും തുടർന്ന് മുതിർന്നവരടേതപോലെ ഖരയാഹാരത്തിലേക്കും മാറേണ്ടതുണ്ടല്ലോ. കുഞ്ഞ് വളരുന്നതോടൊപ്പം അതിന്റെ പോഷണത്തിനുതകുന്ന രീതിയിൽ ആഹാരസാധനങ്ങളും മാറണം. ആദ്യത്തെ നാലഞ്ചുമാസം മുലപ്പാൽ മാത്രം മതിയെന്നുപറഞ്ഞുവല്ലോ. നാലഞ്ചുമാസം മുതൽ കുറുക്കാഹാരങ്ങൾ തുടങ്ങാം. ഇവ കുഞ്ഞിന് വളർച്ചയ്ക്കവേണ്ട അധിക ഊർജ്ജം പ്രദാനം ചെയ്യുന്നു. വ്യത്യസ്തങ്ങളായ രുചികൾ മനസ്സിലാക്കാനും ഇത് സഹായിക്കുന്നു. പാലിൽ ഇല്ലാത്ത വിറ്റാമിനുകളും ലവണങ്ങളും ഇതര ആഹാരങ്ങളിലൂടെ കുഞ്ഞിന് ലഭിക്കുന്നു.
കുപ്പിപ്പാൽ വേണ്ട
മുലപ്പാലില്ലെന്ന് കണ്ട് കുഞ്ഞിനു കുപ്പിപ്പാൽ കൊടുക്കുന്നത് ശരിയല്ല. പാൽപ്പൊടി ടിന്നിലെ പാലും അമ്മയുടെ പാലും തമ്മിൽ ഏറെ അന്തരമുണ്ട്. അമ്മയുടെ പാലിന് തുല്യം അമ്മയുടെ പാൽ മാത്രം. ഇരട്ടക്കുട്ടികളാണെങ്കിലും രണ്ടപേർക്കും കൂടി അമ്മയുടെ പാൽമാത്രം മതിയാവും. അമ്മ പാൽ കുടിക്കട്ടെ. ധാരാളം വെള്ളവും. എന്നിട്ട് സ്‌നേഹത്തോടെ പാലൂട്ടട്ടെ. അമ്മയെ സന്തോഷവതിയാക്കി വയ്ക്കണം.
മുലയൂട്ടലും ഔഷധസേവയും
കുഞ്ഞിന് മുലയൂട്ടമ്പോൾ മറ്റ് അസുഖങ്ങൾക്ക് ചികിത്സ തേടുന്ന അമ്മമാർ മരുന്ന് കുറിക്കുന്ന ഡോക്ടറോട് മുലയൂട്ടുന്ന കാര്യം പറയാതിരിക്കരുത്. മുലയൂട്ടുന്ന അമ്മമാർക്ക് ചില മരുന്നുകൾ ഡോക്ടർ ഒഴിവാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |