കൊച്ചി: കുട്ടികളുടെ എണ്ണം കുറയുന്നതുമൂലം വിദ്യാലയങ്ങളിൽ കായികാദ്ധ്യാപക തസ്തിക നഷ്ടപ്പെടുന്നത് കായിക കേരളത്തിന്റെ ഭാവി ഇരുട്ടിലാക്കുമെന്ന് ടി.ജെ. വിനോദ് എം.എൽ.എ പറഞ്ഞു. ഈ മേഖലയോടുള്ള സർക്കാരിന്റെ സമീപനം കായികാദ്ധ്യാപകരെ അവഹേളിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. കാലോചിതമായി കെ.ഇ.ആർ പരിഷ്‌കരിക്കാത്തതിൽ പ്രതിഷേധിച്ച് സംയുക്ത കായികാദ്ധ്യാപക സംഘടനയുടെ നേതൃത്വത്തിൽ എറണാകുളം ഡി.ഡി.ഇ ഓഫീസിനു മുന്നിൽ നടന്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതിഷേധത്തിന്റെ ഭാഗമായി കായികാദ്ധ്യാപകർ കളക്ട്രേറ്റ് ചുറ്റി പ്രകടനം നടത്തി. ജിജി സി. പോൾ അദ്ധ്യക്ഷത വഹിച്ചു. അലക്‌സ് ആന്റണി, എം.പി. ബെന്നി, കെ.എ. റിബിൻ, പി.എൻ. സോമൻ, ടി.യു. സാദത്ത്, കിശോർ കുമാർ, ജോസ് ജോൺ, രഞ്ജിത് മാത്യു, ഷാരോൺ പോൾ, റിൻസി നവീൻ എന്നിവർ സംസാരിച്ചു.