കോഴിക്കോട്: ആംബുലൻസിന്റെ വാതിൽ തുറക്കാനാകാതെ രോഗി മരിച്ച സംഭവത്തിൽ ജില്ലാ കളക്ടർക്കും ഡി എം ഒയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി എം കെ രാഘവൻ എം പി. പതിനാല് മാസം മുമ്പ് പണം അനുവദിച്ചിട്ടും ആംബുലൻസ് വാങ്ങിയില്ലെന്ന് അദ്ദേഹം ആരോപിച്ചു.
'രോഗിയുടെ മരണത്തിന് കളക്ടറും ഡി എം ഒയുമാണ് ഉത്തരവാദികൾ. 2021 ജൂണിലാണ് ആംബുലൻസ് വാങ്ങാൻ പണം അനുവദിച്ചത്. പക്ഷേ വാങ്ങിയില്ല. ഈ കാലതാമസത്തെക്കുറിച്ച് അന്വേഷിക്കാൻ ലോക്സഭാ സ്പീക്കർക്ക് പരാതി നൽകും'- എം പി പറഞ്ഞു.
ഫറോക്ക് കരുവൻതിരുത്തി എസ്.പിഹൗസിൽ കോയമോൻ (66) ആണ് ആംബുലൻസിൽ കുടുങ്ങിയത്. തിങ്കളാഴ്ച ഉച്ചയ്‌ക്ക് സ്‌കൂട്ടറിടിച്ച് സാരമായി പരിക്കേറ്റ കോയമോനെ ഗവ. ബീച്ച് ആശുപത്രിയിലാണ് ആദ്യം കൊണ്ടുപോയത്. സ്ഥിതി ഗുരുതരമായതിനാൽ മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ ഡോക്ടർമാർ നിർദ്ദേശിച്ചതോടെയാണ് ബീച്ച് ആശുപത്രിയിലെ ആംബുലൻസിൽ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയത്.
മെഡിക്കൽ കോളേജിലെത്തി ആംബുലൻസിന്റെ ഡോർ തുറക്കാൻ ശ്രമിച്ചപ്പോൾ നടന്നില്ല. അരമണിക്കൂറോളമാണ് കോയമോൻ ആംബുലൻസിൽ കുടുങ്ങിയത്. ഒടുവിൽ ചെറിയ മഴു ഉപയോഗിച്ച് വാതിൽ വെട്ടിപ്പൊളിച്ചാണ് രോഗിയെ പുറത്തെത്തിച്ചത്. രാത്രിയോടെ മരണം സംഭവിച്ചു.
അതേസമയം, ആംബുലൻസിന്റെ വാതിൽ തുറക്കാനാകാതെ കോയമോൻ മരിക്കാനിടയായത് രോഗിക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്തിന്റെ അശ്രദ്ധമൂലമാണെന്നാണ് ഗവ.ബീച്ച് ആശുപത്രി സൂപ്രണ്ട് കോഴിക്കോട് ഡി എം ഒയ്ക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നത്.
ആംബുലൻസിൽ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുമ്പോൾ ഒരു ഡോക്ടറും കോയമോന്റെ രണ്ടു സുഹൃത്തുക്കളും കൂടെ ഉണ്ടായിരുന്നു. മെഡിക്കൽ കോളേജിൽ എത്തിയ ആംബുലൻസിന്റെ വാതിൽ ഡ്രൈവർ പുറത്തുനിന്ന് തുറക്കുന്നതിനുമുമ്പേ രോഗിയെ പുറത്ത് എത്തിക്കാനുള്ള വെപ്രാളത്തിൽ സുഹൃത്ത് അകത്തുനിന്ന് തള്ളുകയായിരുന്നു. ഇതോടെ വാതിൽ തുറക്കാൻ കഴിയാതെ കുടുങ്ങി. തലേദിവസം വരെ ആംബുലൻസ് ഉപയോഗിച്ചിരുന്നുവെന്നു റിപ്പോർട്ടിൽ പറയുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |