ബംഗളൂരു : വിഖ്യാത ചലച്ചിത്രകാരനും കന്നഡ സാഹിത്യകാരനും ജ്ഞാനപീഠ ജേതാവും നാടകകൃത്തും സംവിധായകനുമായ ഗിരീഷ് കർണാട് (81) അന്തരിച്ചു. രോഗബാധിതനായി ദീർഘനാളായി ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെ ബംഗളൂരുവിലായിരുന്നു അന്ത്യം.1974ൽ പദ്മശ്രീയും 1992ൽ പദ്മഭൂഷണും നൽകി രാജ്യം ആദരിച്ചു. 1998ലാണ് ജ്ഞാനപീഠത്തിനർഹനായത്.
ദേശീയ പുരസ്‌കാരം നേടിയ സംസ്‌കാര (1970) എന്ന കന്നട ചലച്ചിത്രത്തിന്റെ സംവിധായകനാണ്. വിമർശകൻ, വിവർത്തകൻ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു. പ്രിൻസ്, നീലക്കുറിഞ്ഞി പൂത്തപ്പോൾ, രാഗം ആനന്ദദൈരവി എന്നീ മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
ഇന്ത്യയിലെ നാടകപ്രവർത്തകരിൽ ഏറ്റവും ശ്രദ്ധേയനാണ് കർണാട്. കന്നഡയിൽ എഴുതിയ ആദ്യത്തെ നാടകം 'യയാതിയും ഹയവദനയും" രാജ്യാന്തര ശ്രദ്ധനേടി. തുഗ്ലക്, നാഗമണ്ഡല എന്നിവയാണ് മറ്റ് പ്രധാന നാടകങ്ങൾ. തുഗ്ലക് അദ്ദേഹത്തിന്റെ മാസ്‌റ്റർപീസായി കണക്കാക്കുന്നു.
1970-ൽ കന്നഡ സിനിമയായ 'സംസ്‌കാര'യിലൂടെയാണ് അഭിനയ, തിരക്കഥാ രംഗത്ത് വന്നത്. വംശവൃക്ഷ അടക്കം ഒട്ടേറെ സിനിമകൾ സംവിധാനം ചെയ്‌തു. കേന്ദ്ര സംഗീത നാടക അക്കാഡമി ചെയർമാനായിരുന്നു.
കൊങ്കിണി സംസാരിക്കുന്ന ബ്രാഹ്മണ കുടുംബത്തിൽ 1938 മേയ് 19ന് മഹാരാഷ്ട്രയിലെ മാതേണിലാണ് ജനനം. അച്ഛൻ രഘുനാഥ് കർണാട് ബോംബെ മെഡിക്കൽ സർവീസിൽ ഡോക്ടറായിരുന്നു. ആർട്‌സിൽ ബിരുദം നേടിയശേഷം ഓക്സ്‌ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് റോഡ്സ് സ്‌കോളർഷിപ്പും തത്ത്വശാസ്ത്രത്തിലും രാഷ്ട്ര മീമാംസയിലും സാമ്പത്തികശാസ്ത്രത്തിലും ബിരുദാനന്തരബിരുദവും നേടി. ചിക്കാഗോ യൂണിവേഴ്സിറ്റിയിൽ വിസിറ്റിംഗ് പ്രൊഫസറും ഫുൾ ബ്രൈറ്റ് സ്‌കോളറുമായിരുന്നു.
അസുഖ ബാധിതനായ ശേഷവും പൊതു ചർച്ചകളിലും സാഹിത്യോത്സവ വേദികളിലും സജീവമായി പങ്കെടുത്തിരുന്നു. മാദ്ധ്യമപ്രവർത്തകർക്കും എഴുത്തുകാർക്കുമെതിരെയുള്ള അക്രമങ്ങൾക്കെതിരെ ശക്തമായ ശബ്ദമുയർത്തി. ഗൗരി ലങ്കേഷ്, കൽബുർഗി തുടങ്ങിയവരുടെ കൊലപാതകങ്ങളിൽ പ്രതിഷേധിച്ച് ബംഗളൂരുവിൽ നടന്ന സമര പരിപാടികളിലും കർണാട് പങ്കെടുത്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |