അടൂർ : ജില്ലാതല ഒാണം വാരാഘോഷ സമാപനം12ന് അടൂരിൽ വൈവിദ്ധ്യങ്ങളായ പരിപാടികളോടെ നടക്കും. ഇതിന്റെ ഭാഗമായി 9 മുതൽ അടൂരിൽ വിപുലമായ ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും ജില്ലാ കളക്ടർ ഡോ.ദിവ്യ എസ് അയ്യരും വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒൻപതിന് ഭാരത് ഭവൻ നേതൃത്വത്തിൽ അഞ്ച് സംസ്ഥാനങ്ങളിലെ കലാ സംഘങ്ങൾ അവതരിപ്പിക്കുന്ന ഡാൻസ് ഉണ്ടാവും. പഞ്ചാബ്, ഗുജറാത്ത്, കർണാടക, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ കലാസംഘടനകളാണ് പരിപാടികൾ അവതരിപ്പിക്കുക. 10 നും 11 നും വൈകിട്ട് അഞ്ച് മുതൽ നാടൻ കലാ അക്കാദമിയുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ നടക്കും. 12ന് ജില്ലാതല ഓണം ആഘോഷ സമാപനത്തോടനുബന്ധിച്ച് വൈകിട്ട് മൂന്നുമുതൽ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, സന്നദ്ധ സംഘടനാ പ്രവർത്തകർ, കലാ സാംസ്കാരിക പ്രവർത്തകർ, കുടുംബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുക്കുന്ന ഘോഷയാത്ര പഴയ പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരംഭിക്കും. നിശ്ചലദൃശ്യങ്ങൾ, പുലികളി, ചെണ്ടമേളം എന്നിവ പകിട്ടേകും. ആറിന് പന്തളത്ത് തിരുവാതിരക്കളി മത്സരം സംഘടിപ്പിക്കും. വൈകിട്ട് മൂന്ന് മുതലാണ് മത്സരം. മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകൾ, രണ്ട് മുനിസിപ്പാലിറ്റികൾ എന്നിവിടങ്ങളിൽ നിന്നായി 9 ടീമുകൾ മത്സരത്തിൽ പങ്കെടുക്കും. പൊതുസമ്മേളനത്തിൽ മന്ത്രിമാർ, ജില്ലയിലെ ജനപ്രതിനിധികൾ, ചലച്ചിത്ര, കലാ രാഷ്ട്രീയ രംഗത്തെ പ്രമുഖരും പങ്കെടുക്കും. അടൂർ നഗരസഭാ ചെയർമാൻ ഡി.സജി, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ റൂബി ജേക്കബ്, ഡി.ടി.പി.സി സെക്രട്ടറി സതീഷ് മിരാൺ്ഡ്, ബ്ളോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റോഷൻ ജേക്കബ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.