SignIn
Kerala Kaumudi Online
Sunday, 13 September 2026 6.34 AM IST

‌ഞങ്ങൾ മണ്ണ് തിന്നണോ?,ട്രാൻ. ജീവനക്കാർക്ക് പട്ടിണി ഓണം, കൂപ്പൺ വേണ്ട, ശമ്പളം മതി

kk

തിരുവനന്തപുരം: 'കൂട്ടുകാരെല്ലാം ഓണക്കോടി വാങ്ങി,​ എനിക്കു മാത്രമില്ല, അച്ഛന് രണ്ടു മാസമായി ശമ്പളം കിട്ടിയിട്ട്'- ഇതുപറയുമ്പോൾ എട്ടുവയസുകാരിയുടെ മുഖത്ത് കണ്ണീരിന്റെ നനവ്. ഓണത്തിന് പുതുവസ്ത്രം കിട്ടില്ലല്ലോ എന്നോർത്ത് സങ്കടവും. കൊല്ലം ഡിപ്പോയിൽ വീട്ടുകാർക്കൊപ്പം സമരത്തിനെത്തിയ അവളുടെ കൈയിൽ നിവർത്തിപ്പിടിച്ചിരിക്കുന്ന കടലാസിൽ എഴുതിയിരിക്കുന്നത് ഇങ്ങനെ- 'എനിക്കു വിശക്കുന്നു, എനിക്കും ജീവിക്കണം'. കെ.എസ്.ആർ.ടി.സി ജീവനക്കാരനായ പിതാവിന് ശമ്പളം കിട്ടാത്തതുമൂലമുള്ള ജീവിതത്തിന്റെ ദുരവസ്ഥ മുഴുവൻ മകളുടെ വാക്കുകളിലുണ്ട്.

ഇത് ഒരു കുടുംബത്തിന്റേതു മാത്രമല്ല, കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ കുടുംബങ്ങളെല്ലാം അനുഭവിക്കുന്ന കഷ്ടസ്ഥിതി. ചെയ്ത ജോലിക്കുള്ള ശമ്പളത്തിനായി കേഴുകയാണ് ജീവനക്കാർ. നിവൃത്തിയില്ലാതെ ഭാര്യയും മക്കളും അമ്മമാരുമെല്ലാം സമരമുഖത്താണ്. അതിന് ഒരു കൊടിയുടേയും പിൻബലമില്ല. പട്ടിണിയാണ് അവരെ സമരമുഖത്തെത്തിച്ചത്. കോട്ടയത്തും ചെങ്ങന്നൂരുമെല്ലാം പട്ടിണി സമരം അരങ്ങേറി. നാടെങ്ങും ഓണാഘോഷം തിമിർക്കുമ്പോൾ ജീവനക്കാർക്ക് ദേഷ്യവും സങ്കടവും. ശമ്പളം പൂർണമായും എന്ന് കിട്ടുമെന്ന് ഒരുറപ്പുമില്ല.

രണ്ടു മാസത്തെ ശമ്പള കുടിശിക വരുത്തിവച്ച മാനേജ്മെന്റ്, കോടതി നിർദ്ദേശപ്രകാരം ഭക്ഷ്യവസ്തുക്കൾ വാങ്ങാനുള്ള കൂപ്പൺ നൽകാൻ ശ്രമിക്കുന്നുണ്ടെങ്കിലും ജീവനക്കാർ ഒന്നടങ്കം നിരസിക്കുന്നു. കൂപ്പൺകൊണ്ട് ബാങ്ക് ലോണും കറന്റ് ബില്ലുമൊക്കെ അടയ്ക്കാനാവുമോ, മരുന്ന് വാങ്ങാനാവുമോ? എന്നാണവരുടെ ചോദ്യം. ഇന്നലെ ചീഫ് ഓഫീസിനു മുന്നിൽ സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ കൂപ്പൺ ഉത്തരവ് കത്തിച്ച് പ്രതിഷേധിച്ചു.

മുഖ്യമന്ത്രിയുമായി

ചർച്ച നാളെ, പ്രതീക്ഷ

കഴിഞ്ഞ രണ്ടുമാസം ടിക്കറ്റ് കളക്ഷനായി 360 കോടി ലഭിച്ചിട്ടും ശമ്പളത്തിനു വേണ്ട 160 കോടി കണ്ടെത്താനാകാത്തതിൽ ദുരൂഹതയുണ്ടെന്നാണ് തൊഴിലാളി സംഘടന നേതാക്കളുടെ ആരോപണം. നാളെ മുഖ്യമന്ത്രി തൊഴിലാളി സംഘടന നേതാക്കളുമായി നടത്തുന്ന ചർച്ചയിലാണ് പ്രതീക്ഷ. പരാജയപ്പെട്ടാൽ ഓണനാളുകളിൽ പണിമുടക്ക് പ്രഖ്യാപിച്ചേക്കും.

50 കോടി ലഭ്യമായില്ല

ശമ്പളം നൽകാൻ 50 കോടി ധനവകുപ്പ് അനുവദിച്ച് ഉത്തരവായെങ്കിലും പണം കെ.എസ്.ആർ.ടി.സി അക്കൗണ്ടിൽ എത്തിയില്ല. അതിനാൽ ശമ്പളം നൽകാനായില്ല.

'' ജീവനക്കാരുടെ അവസ്ഥ സങ്കടകരമാണ്. ഓണം കണ്ണീരിലാക്കാതെ ഉടൻ ശമ്പളം നൽകണം.

-വി.ഡി സതീശൻ,​ പ്രതിപക്ഷ നേതാവ്

'' മുഖ്യമന്ത്രിയുമായുള്ള ചർച്ച നിർണായകം. ജീവനക്കാർക്ക് ഇഷ്ടമില്ലെങ്കിൽ കൂപ്പൺ അടിച്ചേൽപ്പിക്കില്ല.

-ആന്റണി രാജു,​ ഗതാഗതമന്ത്രി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KSRTC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA