ചെന്നൈ ശ്രീലങ്കയിലെ ക്രിസ്ത്യൻ പള്ളികളിലും ആഡംബര ഹോട്ടലുകളിലും ഉണ്ടായ ഭീകരാക്രമണത്തിലെ അന്വേഷണവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ ദേശീയ സുരക്ഷാ ഏജൻസിയുടെ പരിശോധന. ഭീകരസംഘടനയായ ഐസിസുമായി ബന്ധമുള്ളവർ കോയമ്പത്തൂരിലുണ്ടെന്ന സംശയത്തെ തുടർന്നാണ് പരിശോധന. ഉക്കടം, കുനിയമുതൂർ, പോത്തന്നൂർ തുടങ്ങിയ പ്രദേശങ്ങളിലെ ഏഴ് പേരുടെ വീടുകളിലാണ് പരിശോധന നടന്നത്. ഐജി റാങ്കിലുള്ള രണ്ട് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്..
എന്നാൽ ശ്രീലങ്കൻ സ്ഫോടനവുമായി ബന്ധപ്പെട്ടല്ല പരിശോധന നടത്തിയതെന്നും കോയമ്പത്തൂരിലെ ഐസിസ് ബന്ധമുള്ളവർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ടാണ് പരിശോധന നടത്തിയതെന്നും എൻ.ഐ.എ വൃത്തങ്ങൾ വ്യക്തമാക്കി. എന്നാൽ പരസ്പരം ഗുണകരമാകുന്ന വിവരങ്ങൾ ശ്രീലങ്കയുമായി പങ്കുവയ്‌ക്കുമെന്നും എൻ.ഐ.എ വ്യക്തമാക്കി. നേരത്തെ ഇതുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ പരിശോധന നടത്തിയ ഉദ്യോഗസ്ഥനെ ഭീകരാക്രമണ കേസ് അന്വേഷിക്കുന്നതിൽ ശ്രീലങ്കൻ ഏജൻസികളെ സഹായിക്കുന്നതിന് വേണ്ടി ശ്രീലങ്കയിലേക്ക് അയച്ചിരുന്നു.
അതേസമയം, ശ്രീലങ്കയിൽ ആക്രമണം നടത്തിയ ഐസിസ് ഭീകരർ ഇതിന് മുമ്പ് കോയമ്പത്തൂരിലെ ഐസിസ് വിഭാഗവുമായി ബന്ധപ്പെട്ടിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിന് പുറമെ ഭീകരാക്രമണത്തിലെ പ്രതികൾ ഇന്ത്യ സന്ദർശിച്ചിരുന്നുവെന്ന ശ്രീലങ്കൻ ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തലും എൻ.ഐ.എ അന്വേഷിക്കുന്നുണ്ട്. കേരളത്തിൽ നിന്ന് സ്ത്രീകളും കുട്ടികളുമടക്കം 21 പേരാണ് ഐസിസിൽ ചേരാനായി അഫ്ഗാനിസ്ഥാനിലേക്ക് പോയത്. ഇവരെ നയിച്ച അഷ്ഫാഖ് മജീദ് എന്നയാൾ അഫ്ഗാനിസ്ഥാനിലേക്ക് പോകുന്നതിന് മുമ്പായി ശ്രീലങ്കയിലെ ജാഫ്‌ന സന്ദർശിച്ചിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കോയമ്പത്തൂരിലെ ഐസിസ് കേന്ദ്രവുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട് 2018 ൽ കസ്റ്റഡിയിലായ മൊഹമ്മദ് ആഷിഖ്, ഇസ്മായിൽ, ഷംസുദീൻ, മൊഹമ്മദ് സലാവുദീൻ, ജാഫർ ഷാദിക് അലി, ഷാഹുൽ ഹമീദ് എന്നിവരെ ചോദ്യം ചെയ്തതിൽ നിന്ന് ശ്രീലങ്കയിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട വിവരം ലഭിച്ചിരുന്നു.
ഇക്കാര്യം ശ്രീലങ്കൻ ഉദ്യോഗസ്ഥരെ ഇന്ത്യ കൃത്യ സമയത്ത് തന്നെ അറിയിച്ചിരുന്നുവെങ്കിലും വേണ്ട വിധത്തിലുള്ള മുന്നൊരുക്കങ്ങൾ നടത്താത്തതാണ് സ്ഥിതി ഗുരുതരമാക്കിയത്. ഈസ്റ്റർ ദിനത്തിൽ ലോകത്തെ ഞെട്ടിച്ച സ്ഫോടന പരമ്പരയിൽ ഏതാണ്ട് 250 പേരാണ് മരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |