നോയിഡ: ഭക്ഷണമുണ്ടാക്കാൻ വൈകിയതിനെ തുടർന്നുള്ള തർക്കത്തിനൊടുവിൽ ഭാര്യയെ യുവാവ് തവയ്‌ക്ക് തലയ്ക്കടിച്ച് കൊന്നു. ഉത്തർപ്രദേശിലെ നോയിഡയിലാണ് സംഭവം നടന്നത്. സെക്ടർ 66ൽ വാടകയ്‌ക്ക് താമസിക്കുന്ന അനുജ് കുമാറാണ് (37) ഭാര്യ ഖുഷ്ബുവിനെ കൊന്നത്. ഇരുവരും ബിഹാർ സ്വദേശികളാണ്. തിങ്കളാഴ്ച രാത്രിയിലാണ് ഭക്ഷണം പാചകം ചെയ്യുന്നത് സംബന്ധിച്ച് തർക്കമുണ്ടായത്. അഞ്ച് വയസുള്ള മകനും ഇവർക്കൊപ്പമുണ്ടായിരുന്നു. കൊലപാതകം നടന്ന വിവരം സമീപവാസികളാണ് പൊലീസിനെ അറിയിച്ചത്. ഓട്ടോ ഡ്രൈവറായ അനുജിനെതിരെ കൊലപാതക കുറ്റം ചുമത്തി കേസെടുത്തെന്ന് പൊലീസ് അറിയിച്ചു.