ന്യൂഡൽഹി:ഓൺലൈൻ തട്ടിപ്പിലൂടെ സുപ്രീംകോടതി മുൻ ചീഫ്ജസ്റ്റിസ് ആർ.എം ലോധയുടെ ഒരു ലക്ഷം രൂപ കവർന്ന ദിനേഷ് മാലി എന്നയാളെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ സഹായി മുകേഷിനായി തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. ഉദയ്‌പൂരിൽ നിന്ന് ജൂൺ ഏഴിനാണ് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു.
ഇന്നലെ കോടതിയിൽ ഹാജരാക്കിയ ഇയാളെ രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. വാട്ടർ പ്യൂരിഫയർ വിൽപ്പനയും അതിന്റെ റിപ്പയറിംഗ് ജോലിയും ചെയ്യുന്ന മാലിയുടെ അക്കൗണ്ടിൽ രാജ്യത്തെ വിവിധയിടങ്ങളിൽ നിന്നുള്ള ഇടപാടിലൂടെ 4.5 ലക്ഷം രൂപ ലഭിച്ചിട്ടുണ്ടെന്നും ലോധയ്ക്ക് നഷ്ടമായ പണം വീണ്ടെടുക്കേണ്ടതുണ്ടെന്നും പൊലീസ് അറിയിച്ചു. ലോധ പണം അയച്ച അക്കൗണ്ട് വിവരങ്ങൾ ഉദയ്പുരിലെ എസ്.ബി.ഐ ബാങ്കിൽ നിന്ന് പൊലീസ് ശേഖരിച്ചിരുന്നു. എ.ടി.എം ഇടപാടുകളും നിരീക്ഷിച്ചു. പണം പിൻവലിച്ച എ.ടി.എമ്മിലെ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്.
സുഹൃത്തും മുൻ സുപ്രീംകോടതി ജഡ്ജുമായ ബി.പി.സിംഗിന്റെ ഇ -മെയിൽ ഹാക്ക് ചെയ്ത് ജസ്റ്റിസ് ആർ.എം ലോധയിൽ നിന്ന് പണം തട്ടിയവിവരം മേയ് 30നാണ് പുറത്തറിഞ്ഞത്. പതിവായി ജസ്റ്റിസ് ബി.പി സിംഗുമായി മെയിലിലൂടെ ലോധ ആശയവിനിമയം നടത്താറുണ്ട്. ഏപ്രിൽ 19ന് , തന്റെ ബന്ധുവിന്റെ ചികിത്സയ്ക്കായി അടിയന്തരമായി ഒരു ലക്ഷം രൂപ വേണമെന്ന് ജസ്റ്റിസ് ബി.പി.സിംഗിന്റെ ഇ-മെയിൽ സന്ദേശം വന്നു. സർജന്റെ അക്കൗണ്ടിലേക്ക് പണം അയക്കണമെന്നായിരുന്നു നിർദ്ദേശം. സിംഗിനെ വിളിച്ചപ്പോൾ കിട്ടിയില്ല. തുടർന്ന് 50,000 രൂപ വച്ച് രണ്ട് തവണയായി ഒരു ലക്ഷം രൂപ മെയിലിൽ പറഞ്ഞ അക്കൗണ്ടിലേക്ക് കൈമാറുകയായിരുന്നു. തന്റെ മെയിൽ ഹാക്ക് ചെയ്പ്പെട്ടതായി ബി.പി സിംഗ് അറിയിച്ചപ്പോഴാണ് തട്ടിപ്പിനിരയായത് വ്യക്തമായത്. തുടർന്ന് ജസ്റ്റിസ് ലോധ ഡൽഹി മാളവ്യനഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |