തിരുവനന്തപുരം: എ കെ ജി സെന്റർ ആക്രമണക്കേസിൽ അറസ്റ്റിലായ ജിതിന് കേസുമായി ബന്ധമില്ലെന്ന് യൂത്ത് കോൺഗ്രസ്. സർക്കാരിന്റെ മുഖം രക്ഷിക്കാനുള്ള നടപടിയായി മാത്രമേ ഇതിനെ കാണാൻ കഴിയൂവെന്ന് കോൺഗ്രസ് നേതാവ് വി ടി ബൽറാം പ്രതികരിച്ചു.
ജിതിൻ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ തന്നെയാണെന്നും ഇക്കാര്യം തള്ളിപ്പറയില്ലെന്നും ബൽറാം വ്യക്തമാക്കി. "കേസുമായി ബന്ധപ്പെട്ട് ജിതിനെ നാല് തവണ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. വിട്ടയക്കുകയും ചെയ്തു. ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത് സർക്കാരിന്റെ മുഖം രക്ഷിക്കാൻ വേണ്ടിയാണ്.
ആക്രമണം നടത്തിയ ആൾ എത്തിയത് ഡിയോ സ്‌കൂട്ടറിലാണെന്നാണ് പൊലീസ് പറഞ്ഞത്. ജിതിന് ഡിയോ ഇല്ല. ഭാരത് ജോഡോ യാത്രയ്ക്കുണ്ടായ ജനപ്രീതി കണ്ട് മനസിലുണ്ടാക്കിയ അസ്വസ്ഥതയാണ് ജിതിനെ അറസ്റ്റ് ചെയ്യാൻ കാരണം. '- ബൽറാം പറഞ്ഞു.
യൂത്ത് കോൺഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റായ ജിതിനെ ഇന്ന് രാവിലെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അതേസമയം, ജിതിനാണ് സ്ഫോടക വസ്തു എറിഞ്ഞതെന്നും, ഇയാളുടെ ഉടമസ്ഥതയിലുള്ള കാർ കണ്ടെത്തിയിട്ടുണ്ടെന്നും ക്രൈം ബ്രാഞ്ച് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |