തിരുവനന്തപുരം: മകളുടെ കൺസഷൻ ടിക്കറ്റ് പുതുക്കാനെത്തിയ അച്ഛനെ മകൾക്കുമുന്നിൽ വച്ച് കെ.എസ്.ആർ.ടി.സി കാട്ടാക്കട ഡിപ്പോയിലെ ജീവനക്കാർ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ മനം നൊന്ത ജുവലറി ഗ്രൂപ്പ് ഉടമ കെ.എസ്.ആർ.ടി.സിക്ക് നൽകിവന്ന ലക്ഷങ്ങളുടെ പരസ്യം റദ്ദാക്കി. മാനസിക പ്രയാസമേറ്റ പെൺകുട്ടിക്ക് നാലു വർഷം യാത്ര ചെയ്യുന്നതിനുള്ള തുകയായി 50,000 രൂപ കൈമാറി. കോട്ടയം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അച്ചായൻസ് ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടർ ടോണി വർക്കിച്ചനാണ് ഇന്നലെ ആമച്ചൽ കുച്ചപ്പുറം 'ഗ്രീരേഷ്മ" വീട്ടിലെത്തി പ്രേമനന്റെ മകൾ രേഷ്മയ്ക്ക് പണം കൈമാറിയത്.
നൊമ്പരപ്പെടുത്തുന്ന മർദ്ദന വീഡിയോ കണ്ടതോടെയാണ് കെ.എസ്.ആർ.ടി.സിക്ക് നൽകിവന്ന പരസ്യം ഒഴിവാക്കാൻ അച്ചായൻസ് ജുവലറി എം.ഡി ടോണി തീരുമാനിച്ചത്. പരസ്യത്തിനായി നൽകിവന്ന തുകയുടെ ഒരു ഭാഗമാണ് മർദ്ദനമേറ്റ പെൺകുട്ടിയുടെ കുടുംബത്തിനു നൽകിയതെന്ന് അച്ചായൻസ് ഗോൾഡ് മാനേജർ ഷിനിൽ കുര്യൻ 'കേരളകൗമുദി"യോട് പറഞ്ഞു.
20 ബസുകളിൽ പരസ്യം പതിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിമാസം 1,80,000 രൂപയാണ് അച്ചായൻസ് ഗ്രൂപ്പ് കെ.എസ്.ആർ.ടി.സിക്ക് നൽകിവന്നത്. ആറുമാസമായി ഇത് തുടരുന്നു. മൂന്ന് മാസത്തെ കരാർ പുതുക്കേണ്ട സമയം എത്തിയിരുന്നു. ജീവനക്കാരുടെ അക്രമം ശ്രദ്ധയിൽപ്പെട്ടതോടെ കരാർ പുതുക്കേണ്ടന്നു തീരുമാനിക്കുകയായിരുന്നു. രേഷ്മയുടെ പിതാവ് പ്രേമനൻ, മാതാവ് ഡാളി.പി.ആർ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് തുക കൈമാറിയത്.
പാൽ കൊടുത്ത കൈക്ക് തന്നെ കൊത്തി
മാസങ്ങൾക്ക് മുമ്പ് തന്റെ വാഹനത്തെ ഇടിച്ചിട്ട് ഒരു കെ എസ് ആർ ടി സി ബസ് നിറുത്താതെ പോവുകയായിരുന്നുവെന്ന ദുരനുഭവവും ടോണി വർഗീസ് കേരള കൗമുദി ഓൺലൈനിനോട് പങ്കുവച്ചു. 'മാസം ലക്ഷങ്ങൾ പരസ്യം നൽകി വന്ന എന്നോടാണ് ഈ ചതി അവർ കാണിച്ചത്. പരാതി പറയാനൊന്നും പോയില്ല. പറഞ്ഞാൽ തന്നെ എന്ത് ഫലം? സ്വകാര്യ വാഹനമായിരുന്നെങ്കിൽ ഉത്തരവാദിത്തം പറയേണ്ടവർ ഉണ്ടായിരുന്നുവെന്ന് കരുതാം. എന്നാൽ കെ എസ് ആർ ടി സി ബസ് അപകടം ഉണ്ടാക്കിയാൽ ചോദിക്കാനും പറയാനും ആരുമില്ലെന്ന ആഹങ്കാരം അവർക്കുണ്ട്'- ടോണി പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |