സ്റ്റോക്ക്ഹോം: 2022ലെ രസതന്ത്രത്തിനുള്ള നൊബേൽ പുരസ്കാരം മൂന്ന് പേർക്ക്. അമേരിക്കൻ ഗവേഷകരായ കരോലിൻ ആർ. ബെർറ്റോസി, കെ. ബാരി ഷാർപ്പ്ലെസ്, ഡെൻമാർക്കിലെ മോർട്ടൽ മെൽഡൽ എന്നിവരാണ് പുരസ്കാരത്തിന് അർഹരായത്.
ബയോർത്തോഗണൽ രസതന്ത്രവും ക്ളിക്ക് രസതന്ത്രവും വികസിപ്പിച്ചതിനാണ് നൊബേൽ. പുതിയ മരുന്നുകൾ എളുപ്പത്തിൽ രൂപപ്പെടുത്താൻ വഴിതുറക്കുന്നതാണ് ഇവരുടെ കണ്ടെത്തൽ. സമ്മാനത്തുകയായ 7.5 കോടി രൂപ മൂവർക്കും തുല്യമായി ലഭിക്കും.
ബുദ്ധിമുട്ടേറിയ രസതന്ത്ര പ്രക്രിയ എളുപ്പം നിർവഹിക്കാനുള്ള വഴിയാണ് ക്ലിക്ക് കെമിസ്ട്രി വഴി ഇവർ രൂപപ്പെടുത്തിയത്. തന്മാത്രാ നിർമാണശിലകൾ അനായാസം ഒന്നായി കൂടിച്ചേരുകയാണ് ക്ലിക്ക് കെമിസ്ട്രിയിൽ സംഭവിക്കുന്നത്. ഷാർപ്പ്ലെസിന് ഇത് രണ്ടാം തവണയാണ് കെമിസ്ട്രി നൊബേൽ ലഭിക്കുന്നത്. 2001ലായിരുന്നു ആദ്യ നൊബേൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |