സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കി എകീകരിച്ച നടപടിക്കെതിരെ രൂക്ഷവിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം എൽ എ. ചെറുപ്പക്കാരെ നാട് കടത്താൻ ശ്രമിക്കുകയാണ് സർക്കാർ എന്നും തൊഴിലില്ലായ്‌മ ഏറ്റവും രൂക്ഷമായ സംസ്ഥാനത്ത് പെൻഷൻ പ്രായം 60 ആക്കാനുള്ള തീരുമാനം യുവജന വഞ്ചനയാണെന്നും ഷാഫി പറമ്പിൽ ആരോപിച്ചു. സർക്കാരിന്റെ തീരുമാനത്തിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കുമെന്നും ഷാഫി പറമ്പിൽ അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ചെറുപ്പക്കാരെ നാട് കടത്താൻ ശ്രമിക്കുകയാണ് സർക്കാർ. തൊഴിലില്ലായ്‌മ ഏറ്റവും രൂക്ഷമായ സംസ്ഥാനത്ത് 122 പൊതുമേഖല സ്ഥാപനങ്ങളിൽ പെൻഷൻ പ്രായം 60 ആക്കാനുള്ള തീരുമാനം യുവജന വഞ്ചനയാണ്. പിൻവാതിൽ നിയമനങ്ങളും അപ്രഖ്യാപിത നിയമന നിരോധനവും കൊണ്ട് സഹികെട്ട യുവതയെ തൊഴിൽ സ്വപ്നങ്ങളിൽ നിന്ന് സർക്കാർ 'ബ്ലോക്ക്' ചെയ്യുകയാണ്.
സിപിഎമ്മിലും മന്ത്രിസഭയിലും ബന്ധുമിത്രാദികൾ ഇല്ലാത്ത യോഗ്യതയുള്ള ചെറുപ്പക്കാർക്ക് തൊഴില് കിട്ടാതെ ദയനീയമായ അവസ്ഥയിലാണ്. അവരെ നാട് കടത്തുന്ന തീരുമാനമാണ് സർക്കാർ എടുക്കുന്നത്. യുവജന വിരുദ്ധ ഉത്തരവുകൾ ഒളിച്ച് കടത്തുന്ന സർക്കാർ തീരുമാനത്തിനെതിരെ ഇന്ന് വൈകുന്നേരം മുതൽ തന്നെ പ്രതിഷേധമുയരും. യുവജന ദ്രോഹത്തെ ചോദ്യം ചെയ്യാൻ മുട്ടിടിക്കുന്ന
ഡി വൈ എഫ് ഐ ,പിണറായി വിജയന്റെ പി ആർ ഏജൻസിയായി റീ രജിസ്റ്റർ ചെയ്യുന്നതായിരിക്കും ഉചിതം. സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം കൂട്ടാനുള്ള തീരുമാനത്തിന്റെ പൈലറ്റ് പദ്ധതിയാണിതെന്ന് വ്യക്തമാണ്. സംസ്ഥാന വ്യാപകമായി യൂത്ത് കോൺഗ്രസ് പ്രതിഷേധിക്കും. അഭ്യസ്തവിദ്യരായ ചെറുപ്പക്കാർ ഈ കൊടുംചതിക്കെതിരെ രംഗത്ത് വരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |