തിരുവനന്തപുരം: വിദ്യാർത്ഥികളുമായി പോയ സ്‌കൂൾ ബസ് നാട്ടുകാർ തടഞ്ഞു. തിരുവനന്തപുരം പെരുമാതുറയിലാണ് സംഭവം. ബസിനുള്ളിൽ കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോവുകയായിരുന്നുവെന്ന് ആരോപിച്ചായിരുന്നു വഴി തടയൽ.
ചിറയിൻകീഴിലെ ഒരു സ്വകാര്യ സ്‌കൂളിലെ ബസാണ് നാട്ടുകാർ ചേർന്ന് തടഞ്ഞത്. ഒരുമണിക്കൂറോളം വിദ്യാർത്ഥികൾ വഴിയിൽ കുരുങ്ങി. ശേഷം സ്‌കൂളിൽ നിന്ന് രണ്ട് ബസുകൾ എത്തി കുട്ടികളെ സ്‌കൂളിലേയ്ക്ക് കൊണ്ടുപോവുകയായിരുന്നു.
30 കുട്ടികൾവരെ ഉൾകൊള്ളാൻ കഴിയുന്ന ബസിൽ 65ൽ അധികം കുട്ടികളെ കുത്തിനിറച്ചാണ് കൊണ്ടുപോകുന്നത്. കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോവുന്നത് സംബന്ധിച്ച് സ്‌കൂൾ അധികൃതരോട് പലതവണ പരാതിപ്പെട്ടതായി പ്രതിഷേധക്കാർ പറയുന്നു. എന്നിട്ടും നടപടിയുണ്ടാകാത്തതിനാലാണ് വിദ്യാർത്ഥികളുടെ മാതാപിതാക്കളും നാട്ടുകാരുമടക്കം ചേർന്ന് ബസ് തടഞ്ഞത്. പ്രതിഷേധത്തിനിടെ കഠിനംകുളം പൊലീസ് എത്തി നാട്ടുകാരുമായി സംസാരിച്ചു. ഇതിനുശേഷമാണ് സ്‌കൂളിൽ നിന്ന് മറ്റുരണ്ട് ബസുകളെത്തി വിദ്യാർത്ഥികളെ സ്‌കൂളിലേയ്ക്ക് കൊണ്ടുപോയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |