ആരാധകർ ആവേശത്തോടെ കാത്തിരുക്കുന്ന പൃഥ്വിരാജ് ചിത്രമാണ് 'ഗോൾഡ്'. ചിത്രത്തിന്റെ റിലീസ് തീയതിയാണ് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ ഇപ്പോൾ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടിരിക്കുന്നത്. ഡിസംബർ ഒന്നിനാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ചിത്രത്തിന്റെ റിലീസ് ഓണത്തിന് പ്രഖ്യാപിച്ചെങ്കിലും അവസാനനിമിഷം മാറ്റിവയ്ക്കുകയായിരുന്നു. ലിസ്റ്റിന്റെ പോസ്റ്റിനൊപ്പം രസകരമായ ഒരു കുറിപ്പുമുണ്ട്. 'സിനിമകളിൽ മാത്രമാണ് ഒരുപാട് ട്വിസ്റ്റുകൾ കണ്ടിട്ടുള്ളത്. ഇപ്പോൾ സിനിമ റിലീസ് ചെയ്യാനും ട്വിസ്റ്റുകളാണ്. കാത്തിരുന്ന പ്രേക്ഷകർക്കായി ഡിസംബർ ഒന്നാം തീയതി ഗോൾഡ് തിയറ്ററുകളിൽ എത്തുന്നുമെന്നു'മാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്. പ്രേമത്തിന് ശേഷം അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഗോൾഡ്'.
പോസ്റ്റിന്റെ പൂർണരുപം
സിനിമകളിൽ മാത്രമാണ് ഒരുപാട് ട്വിസ്റ്റുകൾ കണ്ടിട്ടുള്ളത് ...ഇപ്പോൾ സിനിമ റിലീസ് ചെയ്യാനും ട്വിസ്റ്റുകളാണ് ..കാത്തിരുന്ന പ്രേക്ഷകർക്കായി ഡിസംബർ ഒന്നാം തീയതി ഗോൾഡ് തിയറ്ററുകളിൽ എത്തുന്നു... ദൈവമേ ഇനിയും ട്വിസ്റ്റുകൾ തരല്ലേ....റിലീസ് തീയതി മാറുന്നതിന് ദൈവത്തെയോർത്ത് എന്നെ പഞ്ഞിക്കിട്ടേക്കല്ലേ പ്ലീസ്
പൃഥ്വിരാജ് നായകനാകുന്ന ചിത്രത്തിൽ നായിക നയൻതാരയാണ്. ആനന്ദ് സി ചന്ദ്രനാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. അജ്‍മല്‍ അമീര്‍, കൃഷ്‍ണ ശങ്കര്‍, ശബരീഷ് വര്‍മ, വിനയ് ഫോര്‍ട്ട്, റോഷൻ മാത്യു, മല്ലിക സുകുമാരൻ, ലാലു അലക്സ്, ജഗദീഷ്, സൈജു കുറുപ്പ്, സുരേഷ് കൃഷ്‍ണ, ശാന്തി കൃഷ്‍ണ, പ്രേം കുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |