
കൊച്ചി: ശ്രീകോവിലിലെ മറ്റ് സ്വർണപ്പാളികളും സന്നിധാനത്തെ സ്വർണംപൊതിഞ്ഞ മറ്റു വസ്തുക്കളും ഉൾപ്പെടെ ശബരിമലയിൽ വൻകൊള്ളയ്ക്ക് പ്രതികൾ പദ്ധതിയിട്ടെന്ന് പ്രത്യേക അന്വേഷണ സംഘം. പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റി, കർണാടകയിലെ ജുവലറി ഉടമ ഗോവർദ്ധൻ, സ്മാർട്ട് ക്രിയേഷൻസ് സി.ഇ.ഒ പങ്കജ് ഭണ്‌ഡാരി എന്നിവർ ചേർന്നാണിത്. ദേവസ്വം ഉദ്യോഗസ്ഥർ ഇവർക്ക് വഴിവിട്ട സഹായം ചെയ്തു.
2025 ഒക്ടോബറിൽ കേസ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കേ, തെളിവുകൾ നശിപ്പിക്കാനായി ഇവർ ഗൂഢാലോചന നടത്തി. ഇതിനായി ബംഗളൂരുവിൽ മൂവരും രഹസ്യമായി കൂടിക്കണ്ടു. ഫോൺ കോൾ റെക്കാഡുകൾ പരിശോധിച്ചാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഗോവർദ്ധന്റെ ജാമ്യഹർജിയെ എതിർത്ത് അന്വേഷണ ഉദ്യോഗസ്ഥൻ എസ്. ശശിധരൻ ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് ഗുരുതര വെളിപ്പെടുത്തൽ. ജാമ്യഹർജി ജസ്റ്റിസ് എ.ബദറുദ്ദീൻ നാളെ പരിഗണിക്കാൻ മാറ്റി.
പ്രതികളുടെ പങ്കാളിത്തവും രീതിയും പരിശോധിക്കുമ്പോൾ സ്വർണക്കൊള്ളയ്ക്കായി ഇവർ വലിയ ഗൂഢാലോചന നടത്തിയിരുന്നതായി വിലയിരുത്താമെന്ന് റിപ്പോർട്ടിൽ പറയുന്നു. ദ്വാരപാലക ശില്പങ്ങളിൽ 1564.190 ഗ്രാം സ്വർണം പൊതിഞ്ഞിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി. ശ്രീകോവിലിന് ചുറ്റുമുള്ള എട്ട് തൂണുകൾക്കും സൈഡിലെ ബീഡിംഗുകൾക്കുമായി 4302.660 ഗ്രാം സ്വർണം ഉപയോഗിച്ചതായി യു.ബി ഗ്രൂപ്പിന്റെ റിപ്പോർട്ടിലുണ്ട്. എന്നാൽ ഒരോന്നിലും എത്ര സ്വർണമെന്ന് വ്യക്തമാക്കിയിട്ടില്ല.
വി.എസ്.എസ്.സിയിൽ നടത്തുന്ന സാമ്പിൾ പരിശോധനാഫലം ലഭിച്ചാലേ ഇക്കാര്യം വ്യക്തമാകൂ. അതിനുശേഷം ഗോവർദ്ധനെ വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ട്. ജാമ്യത്തിൽ വിട്ടാൽ അന്വേഷണത്തെ ബാധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
സ്വർണം പൊതിഞ്ഞതെന്ന്
അറിയാമായിരുന്നു
1. 1995 മുതൽ ശബരിമലയിലെ പതിവ് സന്ദർശകനായ ഗോവർദ്ധന് ശ്രീകോവിലാകെ സ്വർണം പൊതിഞ്ഞതാണെന്ന് അറിയാമായിരുന്നു. ഗോവർദ്ധൻ ഇടപെട്ടാണ് ചെന്നൈ സ്മാർട്ട് ക്രിയേഷൻസിൽ എത്തിച്ച് ശില്പപാളികളിൽ നിന്നടക്കം സ്വർണം നീക്കിയത്
2.വാതിൽപ്പാളിയിൽ നിന്ന് 409 ഗ്രാം സ്വർണവും ദ്വാരപാലക ശില്പങ്ങളിൽ നിന്ന് 577 ഗ്രാം സ്വർണവുമാണ് എടുത്തത്. സ്വർണം പൂശിയശേഷം ബാക്കി 474.957 ഗ്രാം സ്വർണം പങ്കജ് ഭണ്ഡാരിയുടെ കൈവശമുണ്ടായിരുന്നു. പകരം ഇതേയളവിൽ വേറെ സ്വർണമാണ് ഗോവർദ്ധന് കൽപേഷ് വഴി കൈമാറിയത്.
3.തനിക്ക് ലഭിച്ച സ്വർണത്തിന്റെ തുകയായ 14.97 ലക്ഷം രൂപ ശബരിമലയിലേക്ക് തിരിച്ചുനൽകിയെന്ന് ഗോവർദ്ധൻ പറയുന്നത് കേസിലെ പങ്കാണ് വ്യക്തമാക്കുന്നത്. നിരപരാധിയായിരുന്നെങ്കിൽ സ്വർണത്തിന്റെ കാര്യം ദേവസ്വം ബോർഡിനെ അറിയിക്കുമായിരുന്നു. 474.960 ഗ്രാം സ്വർണം ചോദ്യം ചെയ്യലിനിടെ ഗോവർദ്ധൻ തന്നെയാണ് ഹാജരാക്കിയത്. ഭീഷണിപ്പെടുത്തി പിടിച്ചെടുത്തെന്ന ആരോപണം തെറ്റാണ്
ഉദ്യോഗസ്ഥരുടെ
പിഴവ് ബോധപൂർവം
2019ൽ സ്വർണപ്പാളികൾ പോറ്റിക്ക് കൊടുത്തുവിടുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ, പ്രതികളായ ഉദ്യോഗസ്ഥർ പിഴവുകൾ വരുത്തിയത് ബോധപൂർവമാണ്. അറ്റകുറ്റപ്പണിക്ക് കരാർ വയ്‌ക്കാത്തതും ദുരൂഹമാണ്. സ്വർണം ബാക്കിയുണ്ടെന്ന് അറിഞ്ഞിട്ടും ഉദ്യോഗസ്ഥർ അന്വേഷണം നടത്താത്തതും അവരുടെ പങ്കിന് തെളിവാണെന്ന് റിപ്പോർട്ടിലുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |