ബംഗളൂരു: മകൾക്ക് ഭക്ഷണം നൽകാൻ പണമില്ലെന്ന കാരണത്താൽ 45കാരനായ പിതാവ് രണ്ടുവയസുകാരിയെ കൊലപ്പെടുത്തി. ഇയാൾ മകളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചതായാണ് റിപ്പോർട്ടുകൾ. ഗുജറാത്ത് സ്വദേശിയായ രാഹുൽ പർമറാണ് പ്രതി.
ശനിയാഴ്ച രാത്രിയാണ് കോലാർ താലൂക്കിലെ കെണ്ടട്ടി ഗ്രാമത്തിലുള്ള തടാകത്തിൽ രണ്ട് വയസുള്ള കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കൂടാതെ തടാകത്തിന്റെ കരയിൽ ഒരു നീല കാറും കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ രാഹുലിനെ പിടികൂടിയത്. മകൾക്ക് ഭക്ഷണം നൽകാൻ പണമില്ലെന്ന കാരണത്താലാണ് കൊല്ലപ്പെടുത്തിയതെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി. രണ്ട് വർഷം മുമ്പാണ് ഭാര്യ ഭവ്യയ്ക്കൊപ്പം രാഹുൽ ബംഗളൂരിൽ സ്ഥിരതാമസമാക്കിയത്. നവംബർ15 ന് പ്രതിയെയും മകളെയും കാണാനില്ലെന്ന് ഭാര്യ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഐ ടി ജീവനക്കാരനായ ഇയാൾക്ക് ആറ് മാസം മുൻപാണ് ജോലി നഷ്ടമായത്. കൂടാതെ ബിറ്റ്കോയിൻ ബിസിനസിൽ സാമ്പത്തിക നഷ്ടം സംഭവിച്ചതായും പൊലീസ് പറഞ്ഞു.
കുറച്ച് ദിവസം മുൻപ് വീട്ടിൽ നിന്ന് സ്വർണ്ണം മോഷണം പോയെന്ന് ആരോപിച്ച് രാഹുൽ ബംഗളൂരു പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ വീട്ടിൽ നിന്ന് സ്വർണം എടുത്ത് പണയം വച്ചത് രാഹുലാണെന്ന് കണ്ടെത്തി. തുടർന്ന് ഇയാൾക്കെതിരെ മോഷണക്കേസ് രജിസ്റ്റർ ചെയ്യുകയും സ്‌റ്റേഷനിലേക്ക് വരാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. പൊലീസിൽ കള്ളക്കേസ് നൽകിയതിന്റെ പേരിൽ കൂടുതൽ പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കുമെന്ന് ഭയന്ന് ഇയാൾ മകളേയും കൂട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതാകാമെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |