SignIn
Kerala Kaumudi Online
Friday, 26 April 2024 1.04 PM IST

ഇപ്പോൾ പൊലീസിന്റെ മനോവീര്യത്തിന് എന്ത് പറ്റി സർ! തലസ്ഥാനത്ത് പൊലീസ് സ്റ്റേഷനിൽ അക്രമികൾ കയറി നിരങ്ങിയിട്ടും ആഭ്യന്തര മന്ത്രി ഒരക്ഷരം മിണ്ടാത്തതെന്തേ ?

vizhinjam-police-attack-

സംസ്ഥാന വ്യാപകമായി പൊലീസിനുണ്ടാകുന്ന ഒറ്റപ്പെട്ട വീഴ്ചകളിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ എന്തെങ്കിലും നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം സമൂഹത്തിൽ ഉയർന്നാൽ പൊലീസിന്റെ മനോവീര്യം തകരും എന്ന ഒറ്റവാക്കിലാവും നടപടി എടുക്കാൻ ഡി ജി പി അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർ മടിക്കുന്നത്. കിളികൊല്ലൂർ സ്റ്റേഷനിൽ സൈനികനെ അതിക്രൂരമായി മർദ്ദിച്ചതിന്റെ ദൃശ്യങ്ങളടക്കം പുറത്ത് വന്നിട്ടും ഉന്നത ഉദ്യോഗസ്ഥ തയ്യാറാക്കിയ റിപ്പോർട്ടിൽ അക്രമികളായ പൊലീസുകാരെ തിരിച്ചറിയാൻ കഴിഞ്ഞില്ല എന്നായിരുന്നു. ഇത്തരത്തിൽ സംസ്ഥാന വ്യാപകമായി നിത്യവും സംഭവിച്ചിരുന്ന 'ഒറ്റപ്പെട്ട' എന്ന വിശേഷണമുള്ള പൊലീസ് വീഴ്ചകളെ വെള്ളപൂശിയ സർക്കാരിന് ഓർക്കാപ്പുറത്ത് കിട്ടിയ പ്രഹരമായിരുന്നു വിഴിഞ്ഞത്തേത്. പൊലീസ് സംവിധാനത്തിനെതിരെ വികാരം ഉയർന്ന് നിൽക്കുമ്പോഴും വിഴിഞ്ഞത്തെ അക്രമത്തിൽ പരിക്കേറ്റ ഉദ്യോഗസ്ഥർക്കൊപ്പമാണ് സമൂഹം ഒന്നടങ്കം നിലയുറപ്പിച്ചത്.

vizhinjam-police-attack-

വിഴിഞ്ഞത്ത് സംഭവിച്ചത്

ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ വിഴിഞ്ഞത്ത് തുറമുഖ വിരുദ്ധസമര സമിതി ശനിയാഴ്ച നടത്തിയ അക്രമങ്ങളുമായി ബന്ധപ്പെട്ട് ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയെ ഒന്നാം പ്രതിയാക്കിയതിനു പിന്നാലെ, അറസ്റ്റിലായ അഞ്ചുപേരെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ടെത്തിയ സമരക്കാരാണ് വിഴിഞ്ഞം പൊലീസ് സ്റ്റേഷനിൽ അതിക്രമം അഴിച്ചു വിട്ടത്. മൂവായിരത്തോളം വരുന്ന സമരക്കാരുടെ അക്രമങ്ങളിൽ പൊലീസ് സ്റ്റേഷനും പരിസരവും കലാപഭൂമിയായി മാറുകയായിരുന്നു.

ഞായറാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു അക്രമങ്ങൾക്ക് തുടക്കം. ഇരുമ്പ് കമ്പികളും പങ്കായങ്ങളുമായാണ് സ്റ്റേഷൻ ആക്രമിച്ചത്. നാലു ജീപ്പുകളും രണ്ടു വാനുകളും ഇരുപത് ബൈക്കുകളും തകർത്തു. പൊലീസുകാരെ ആശുപത്രിയിലെത്തിക്കാൻ വിളിച്ചുവരുത്തിയ ആംബുലൻസുകൾ ഭീഷണിപ്പെടുത്തി മടക്കി അയച്ചു. 600ലേറെ പൊലീസുകാർ വിവിധ സ്റ്റേഷനുകളിൽ നിന്നെത്തിയാണ് സ്റ്റേഷന്റെ നിയന്ത്രണം തിരിച്ചു പിടിച്ചത്. തുടർന്നാണ് പൊലീസുകാരെ ആശുപത്രിയിലെത്തിക്കാനായത്. റാപ്പിഡ് ആക്ഷൻ ഫോഴ്സ് എത്തി നിലയുറപ്പിച്ചെങ്കിലും അക്രമികൾ പിരിഞ്ഞു പോയില്ല.

vizhinjam-police-attack-

ശനിയാഴ്ചത്തെ അക്രമവുമായി ബന്ധപ്പെട്ട് വിഴിഞ്ഞം സ്വദേശി സെൽറ്റനെ പിറ്റേന്ന് രാവിലെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വൈകിട്ട് സ്റ്റേഷനിലെത്തിയ മുത്തപ്പൻ, ലിയോ, ശംഖി, പുഷ്പരാജ് എന്നിവരും അറസ്റ്റിലായതോടെയാണ് സ്ത്രീകൾ അടക്കമുള്ള സംഘം സ്റ്റേഷൻ ആക്രമിച്ചത്. സ്റ്റേഷൻ വളഞ്ഞ് കല്ലേറു നടത്തിയ സംഘം ഇരച്ചുകയറി പൊലീസ് ഉദ്യോഗസ്ഥരെ മർദ്ദിക്കുകയായിരുന്നു. ഫർണിച്ചറും കമ്പ്യൂട്ടറുകളും വയർലെസ് സെറ്റുകളും അടക്കം തകർത്തു. ശനിയാഴ്ചത്തെ ആക്രമണവുവമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ സഹായമെത്രാൻ ഡോ.ആർ.ക്രിസ്തുദാസ് രണ്ടാം പ്രതിയും വികാരി ജനറൽ യൂജിൻ പെരേര മൂന്നാം പ്രതിയുമാക്കിയതാണ് സമരക്കാരെ പ്രകോപിപ്പിച്ചത്.


കണ്ണടച്ചതിന്റെ ഫലം

അക്രമാസക്തമാകാൻ സാദ്ധ്യതയുള്ള ഏത് പ്രക്ഷോഭത്തെയും നിലയ്ക്കുനിറുത്താൻ ഒരു വഴിയേയുള്ളൂ. കളിക്കാൻ ഒരുമ്പെട്ടാൽ കളി പഠിപ്പിക്കുമെന്ന് തോന്നുംവിധമുള്ള അതിശക്തമായ പൊലീസ് പ്രതിരോധ സന്നാഹം. ക്രമസമാധാന പാലനത്തിന്റെ ഈ ബാലപാഠം അറിയാത്തതോ, അറിയില്ലെന്ന് നടിച്ചതോ ആണ് വിഴിഞ്ഞത്ത് കഴിഞ്ഞ ദിവസം ഒരു പ്രക്ഷോഭത്തിന്റെ പേരിൽ സൃഷ്ടിക്കപ്പെട്ട ഭീകരാവസ്ഥയ്ക്കു കാരണം.

vizhinjam-police-attack-

ഒരു പൊലീസ് സ്റ്റേഷൻ അടിച്ചുതകർക്കുകയും മൂന്ന് ഡസൻ നിയമപാലകരെ മാരകമായി ആക്രമിക്കുകയും സ്റ്റേഷൻ വളപ്പിൽ കിടന്നിരുന്ന ജീപ്പുകൾ തകർക്കുകയും ചെയ്തുവെന്ന് കേട്ടാൽ, സംഭവം നടന്നത് ജാർഖണ്ഡിലെ ഏതോ വനമേഖലയിലാണെന്ന് തോന്നും. ഇത് ക്രമസമാധാനനിലയുടെ വെറും തകർച്ചയല്ല. സംസ്ഥാനത്തെ പൊലീസിന് പോലും സംരക്ഷണമില്ലാതിരിക്കെ, സാധാരണക്കാരുടെ ജീവനും സ്വത്തിനും പൊലീസ് സംരക്ഷണം നൽകുമെന്ന നേരിയ വിശ്വാസം പോലും തകർന്നുതരിപ്പണമാകുന്ന തരത്തിലായിരുന്നു അക്രമികളുടെ പേക്കൂത്ത്. ഗുരുതരമായി പരിക്കേറ്റ പൊലീസുകാരെ ആശുപത്രിയിലെത്തിക്കാൻ വന്ന ആംബുലൻസിനെ പോലും തടയുകയുണ്ടായി!

അടിച്ചേല്പിക്കപ്പെട്ട സംയമനത്തിന്റെ വിലങ്ങുമായി പൊലീസ് നോക്കിനിൽക്കെ, അക്രമികളുടെ ക്രിമിനൽസ്വഭാവം ആളിക്കത്തുകയായിരുന്നു. ഒരു സമരമോ പ്രക്ഷോഭമോ സംഹാരതാണ്ഡവമായി മാറുന്നത് പ്രതിഷേധം മൂർച്ഛിച്ച് താപനില ഉയരുന്നത് മൂലമല്ല, പ്രക്ഷോഭകരിലെ ക്രിമിനലുകളുടെ കുറ്റവാസന സടകുടഞ്ഞ് എഴുന്നേല്കുന്നത് മൂലമാണ്. വിവേകത്തിന്റെ ജഡം ഭക്ഷിച്ചാണ് കുറ്റവാസനയുടെ ജനിതകകോശങ്ങൾ വളരുന്നത്. ഈ രീതിയിൽ കുറ്റവാസന വളർന്നുവികസിച്ച് കഴിഞ്ഞ ക്രിമിനലുകൾക്ക് ഭയത്തിന്റെ പരുക്കൻ ഭാഷ മാത്രമേ മനസിലാകൂ.

vizhinjam-police-attack-

സംയമനത്തിന്റെ ഭാഷ ഉപയോഗിച്ച് ഭീകരപ്രവർത്തനത്തിന് അറുതിവരുത്താമെന്ന് കരുതുന്നതിലും കടുത്ത മൗഢ്യമാണ്, ക്രിമിനലുകളെ കൈയുംകെട്ടി നോക്കിനിന്ന് ശാന്തരാക്കാമെന്ന ദിവാസ്വപ്നം. ഭയത്തിന്റെ ഭാഷയാകട്ടെ, ക്രിമിനലുകൾക്ക് മാതൃഭാഷ പോലെ വ്യക്തമായി മനസിലാകും.

പ്രക്ഷോഭകരിൽ ക്രിമിനലുകളുണ്ടെന്ന് മുൻകൂട്ടി അറിയാതിരുന്നതാണ് കാരണമെങ്കിൽ സംസ്ഥാന പൊലീസിലെ രഹസ്യാന്വേഷണ വിഭാഗത്തിന്റെയോ, രഹസ്യാന്വേഷണവിഭാഗത്തെ ഷണ്ഡീകരിച്ചവരുടെയോ വീഴ്ചയാണ്. സംഭവിച്ചത് അങ്ങനെയാവാൻ സാദ്ധ്യതയില്ല. എന്തിനാണ് രഹസ്യാന്വേഷണം? വിഴിഞ്ഞം തുറമുഖപദ്ധതി മുടക്കാൻ ആഗ്രഹിക്കുന്ന ഒരു വിദേശരാജ്യത്ത് നിന്ന് പ്രക്ഷോഭകർക്ക് 'വലിയ' ഒരു തുക സംഭാവന ലഭിച്ചത് ഒരു രഹസ്യമേയല്ല. 'വലിയ' കൂലി കൈപ്പറ്റിയാൽ വലിയ പണി ചെയ്യേണ്ടി വരുമെന്ന് മനസിലാക്കാൻ എന്തിനാണ് ഇന്റലിജൻസ് ; സാമാന്യബുദ്ധി മതി. ക്രിമിനലുകൾ അഴിഞ്ഞാടുമെന്ന് മുൻകൂട്ടി അറിഞ്ഞിട്ടും നിഷ്‌ക്രിയത പാലിച്ചതാവാം.

അടങ്ങാത്ത അധികാരമോഹത്തിന്റെ കൂടെപ്പിറപ്പാണ് പ്രീണനരാഷ്ട്രീയം. പൊലീസുകാർക്ക് അടിവാങ്ങേണ്ടി വന്ന സംയമനത്തിന് അതാവാം കാരണം. പ്രീണനരാഷ്ട്രീയത്തിന്റെ വൈറസ് ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ഒരുപോലെ ബാധിക്കുമ്പോഴാണ് നാടിന് അത് ശാപമായി മാറുന്നത്. അർഹമായ ജോലി കിട്ടാതെ വലയുന്ന ആയിരങ്ങൾക്ക് തൊഴിലവസരവും കടത്തിൽ മുങ്ങിത്താഴുന്ന സംസ്ഥാന ഖജനാവിന് ആശ്വാസവുമായി മാറേണ്ട വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണം 80 ശതമാനത്തിലേറെ പൂർത്തിയായിരിക്കെ, പദ്ധതി അപ്പാടേ നിറുത്തിവയ്ക്കണമെന്ന ആവശ്യത്തെപ്പോലും പിന്തുണയ്ക്കാൻ മടിക്കാത്തവിധം രൂക്ഷമാണ് പ്രീണനരാഷ്ട്രീയം. മൈക്കും കൈയടിയും വേറെ എവിടെനിന്നും കിട്ടാതെ വീട്ടിലിരിക്കുന്ന നേതാക്കൾ സമരമുഖത്ത് നേരിട്ട് പോയാണ് പിന്തുണ പ്രഖ്യാപിച്ചത് !

vizhinjam-police-attack-

നാടിന്റെ വികസനത്തിനും നല്ല ഭാവിക്കും വേണ്ടി അധികാരമോഹം ഉപേക്ഷിച്ച് എല്ലാവരും ഒരുമിച്ച് നിൽക്കണമെന്ന് പറഞ്ഞാൽ രാഷ്ട്രീയ നേതാക്കൾക്ക് കലി വരും. അത്ര വലിയ ത്യാഗമൊന്നും ആവശ്യമില്ല. എന്നാൽ, വിവേകം കളഞ്ഞുകുളിക്കരുത്. വിഴിഞ്ഞം പ്രക്ഷോഭത്തിന്റെ പേരിൽ ക്രിമിനലുകൾ അഴിഞ്ഞാട്ടം തുടർന്നാൽ വർഗീയകലാപമായിരിക്കും ദുരന്തഫലമെന്ന് ചിന്താശേഷിയുള്ള രാഷ്ട്രീയ നേതാക്കളെങ്കിലും തിരിച്ചറിയണം. പ്രീണനരാഷ്ട്രീയം നടുവൊടിക്കും വിധം തിരിച്ചടിക്കും. ഈ യാഥാർത്ഥ്യം മനസിലാക്കാൻ രാജ്യത്തെ ഭരണമാറ്റങ്ങളുടെ ചരിത്രത്തിലേക്ക് ഒറ്റനോട്ടം നോക്കിയാൽ മതി.


ആഭ്യന്തര മന്ത്രിയുടെ മൗനം

തലസ്ഥാനത്ത് ഭരണസംവിധാനത്തിന്റെ മൂക്കിന് താഴെ പൊലീസ് സ്റ്റേഷൻ ആക്രമിച്ച് നശിപ്പിച്ചിട്ടും, സ്വന്തം സേനാംഗങ്ങൾക്ക് ഗുരുതരമായ പരിക്കേറ്റിട്ടും ശക്തനായ ഭരണാധികാരി എന്ന വിളിപ്പേരുള്ള ആഭ്യന്തര മന്ത്രി പിണറായി വിജയന്റെ മൗനമാണ് ചർച്ചയാക്കേണ്ട മറ്റൊരു കാര്യം. വിഴിഞ്ഞത്തെ പൊലീസ് വീഴ്ചയെ യുവതീ പ്രവേശന സമയത്തെ പൊലീസ് നരനായാട്ടുമായി ബന്ധിച്ച് വർഗീയ നേട്ടം കൊയ്യാൻ എതിരാളികളടക്കം മുന്നിൽ നിൽക്കുമ്പോഴാണ് ആഭ്യന്തര മന്ത്രികൂടിയായ മുഖ്യമന്ത്രി ഒരക്ഷരം ഈ വിഷയത്തിൽ പ്രതികരിക്കാത്തത്. സ്വന്തം മന്ത്രിസഭാംഗങ്ങൾ നടന്നത് കലാപ ശ്രമമാണെന്ന് പലയാവർത്തി പറഞ്ഞിട്ടും പൊലീസ് മന്ത്രിക്ക് മിണ്ടാട്ടമില്ല.


ആക്രമണം നടന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും ഒരാളെ പോലും അറസ്റ്റ് ചെയ്യാനുള്ള ആർജ്ജവം പോലും പൊലീസ് കാട്ടിയില്ലെന്നതും എടുത്ത് പറയേണ്ടതാണ്. പൊലീസുകാരെ കൊലപ്പെടുത്തി കസ്റ്റഡിയിലുള്ളവരെ മോചിപ്പിക്കാനാണ് തുറമുഖ സമരസമിതിക്കാർ വിഴിഞ്ഞം സ്റ്റേഷൻ ആക്രമിച്ചതെന്ന പേരിൽ ഒരു എഫ് ഐ ആർ മാത്രം ഇട്ട പൊലീസിന്
സ്ത്രീകളും കുട്ടികളുമടക്കം കണ്ടാലറിയുന്ന 3000 പേരാണ് ഇതിന് പിന്നിലെന്ന് മാത്രമേ അറിയു. അക്രമ ദൃശ്യങ്ങളുടെ ചിത്രങ്ങളും വീഡിയോയും പ്രചരിച്ചിട്ടും ഈ മൂവായിരം പേരിൽ ഒരാളെ പിടികൂടാനോ, ഒരു പ്രതിയുടെ പേര് വിവരങ്ങൾ പുറത്ത് പറയാനോ ഉള്ള ധൈര്യം പൊലീസിന് നഷ്ടമായിരിക്കുകയാണ്. ജാമ്യമില്ലാവകുപ്പ് പ്രകാരം എടുത്ത കേസുകൾ നിലനിൽക്കുമ്പോഴാണ് ഈ ആലസ്യം.

പൊലീസ് സംവിധാനം അൽപ്പനേരത്തേയ്ക്ക് തകരുമ്പോൾ ആ നാടിന് സംഭവിക്കുന്ന പ്രശ്നങ്ങളെല്ലാം വിഴിഞ്ഞത്തുണ്ടായത് പ്രത്യേകം ശ്രദ്ധിക്കണം. പൊലീസ് സ്‌റ്റേഷനിൽ അധികാരം സ്ഥാപിച്ച സമരക്കാരിൽ ചിലർ ഈ തക്കത്തിന് വ്യാപാര സ്ഥാപനങ്ങൾ, അതും ചിലത് മാത്രം തിരഞ്ഞുപിടിച്ചാണ് ആക്രമിച്ചത്. റോഡുകളിൽ ബോട്ടുകൾ നിരത്തി ഗതാഗത സംവിധാനം തകർത്തു, വിവരങ്ങൾ പുറത്തെത്താതിരിക്കാൻ മാദ്ധ്യമപ്രവർത്തകരെ ആക്രമിച്ചു, കെ എസ് ആർ ടി സി ബസുകൾ തകർത്തു. ഇതെല്ലാം കലാപ ശ്രമങ്ങളുടെ പേരിൽ ചേർക്കാവുന്ന കുറ്റങ്ങളാണ്.

പൊലീസ് സ്റ്റേഷനിൽ കയറി പരാക്രമം കാണിച്ചവരുടെ രോമത്തിൽ പോലും തൊടാൻ സർക്കാർ സംവിധാനങ്ങൾക്ക് കഴിഞ്ഞില്ലെങ്കിൽ നാളെ വിഴിഞ്ഞം പൊലീസിന് നാട്ടുകാരുടെ മുന്നിൽ എങ്ങനെ തലയുയർത്തി നോക്കാനാവും. പൊലീസിന്റെ മനോവീര്യം തകർന്നത് വിഴിഞ്ഞത്താണ്. അത് സംസ്ഥാനത്തെ മുഴുവൻ പൊലീസിനും അപമാനകരമാണ്. ആഭ്യന്തര വകുപ്പിന്റെ ഭാഗത്ത് നിന്നും ശ്കതമായ മറുപടി ഉയർന്നില്ലെങ്കിൽ അത് അക്രമകാരികൾക്ക് നാളെയും നിയമസംവിധാനങ്ങൾ കയ്യാളുന്നതിനുള്ള ഊർജമാവും ലഭിക്കുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PORT PROTEST, VIZHINJAM STRIKE, STRIKE, VIZHINJAM POLICE STATION ATTACK, VIZHINJAM ATACK
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.