SignIn
Kerala Kaumudi Online
Wednesday, 08 February 2023 6.19 PM IST

രാഷ്ട്രീയം കളിച്ച്  ഉന്നത വിദ്യാഭ്യാസം കുട്ടിച്ചോറാക്കിയപ്പോൾ മലയാളി വിദ്യാർത്ഥികൾ കൂട്ടത്തോടെ രാജ്യം വിടുന്നു, ചേക്കേറുന്നത് ബ്രിട്ടൻ ഉൾപ്പടെ 51 രാജ്യങ്ങളിൽ 

governor-vs-govt

തിരുവനന്തപുരം: കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം കുട്ടിച്ചോറാക്കുന്ന രാഷ്ട്രീയാതിപ്രസരവും,അധികാര വടംവലിയും,സമരാഭാസങ്ങളും യൂണിയൻ രാജും കേരളത്തിലെ സർവകലാശാലകളെ ചരിത്രത്തിലാദ്യമായി കൂട്ടത്തോടെ ഭരണസ്തംഭനത്തിലും പ്രതിസന്ധിയിലുമാഴ്ത്തി.

വിദ്യാർത്ഥികൾ തീ തിന്നുകയാണ്. പരീക്ഷകളും ഫലപ്രഖ്യാപനവും നീളുന്നതിനാൽ ഡിഗ്രി, പി. ജി. കോഴ്സുകൾ സമയത്ത് തീരുന്നില്ല. സർട്ടിഫിക്കറ്റുകൾ നൽകുന്നില്ല. വിദേശത്തടക്കം ജോലി കിട്ടിയ ആയിരത്തോളം പേർ ഒറിജിനൽ സമർപ്പിക്കാനാവാതെ ആധിയിലാണ്.ആരോഗ്യ സർവകലാശാലാ വി.സി ഡോ.മോഹൻ കുന്നുമ്മൽ ഒഴികെ ഒൻപത് വി. സിമാർ പുറത്താക്കൽ ഭീഷണിയിലാണ്. കേരള, കാർഷിക, ഫിഷറീസ്, സാങ്കേതിക സർവകലാശാലകൾ ഇൻചാർജ് വി.സി ഭരണത്തിൽ. കസേരയുറപ്പിക്കാൻ ഗവർണർക്കെതിരേ കോടതികൾ കയറിയിറങ്ങുന്ന വി.സിമാർ നയപരമായ തീരുമാനങ്ങളെടുക്കാത്തത് ഭരണ സ്തംഭനമുണ്ടാക്കുന്നു. ഒന്നിനും വി.സിമാരുടെ മേൽനോട്ടമില്ല. അദ്ധ്യാപക നിയമനങ്ങളടക്കം മുടങ്ങി.

എം.ജി, കാലിക്കറ്റ്, കുസാറ്റ്, സംസ്‌കൃതം, കണ്ണൂർ, മലയാളം, ഓപ്പൺ, ഡിജിറ്റൽ, വെറ്ററിനറി വി.സിമാരാണ് പുറത്താക്കൽ ഭീഷണിയിൽ. ഉന്നതവിദ്യാഭ്യാസ മേഖലയെ ലോകനിലവാരത്തിലാക്കാൻ ബഡ്ജറ്റിലെ ആയിരം കോടിയുൾപ്പെടെ വമ്പൻ പദ്ധതികൾ പ്രഖ്യാപിച്ചിരിക്കെയാണ് ഈ അധഃപതനം.

കേരള, എം.ജി, കണ്ണൂർ
പരീക്ഷാഫലങ്ങൾ വൈകുന്നു. സർട്ടിഫിക്കറ്റുകൾ നൽകുന്നില്ല. കേരളയിൽ പഴയ ചോദ്യപേപ്പറുകൾ ഉപയോഗിച്ച് പരീക്ഷ നടത്തി. വി.സി നിയമന സമിതിയിലേക്ക് സെനറ്റ് പ്രതിനിധിയെ നൽകുന്നില്ല. കോടതിയുടെ പ്രഹരമേറ്റ കണ്ണൂർ വി.സി തീരുമാനങ്ങളെടുക്കുന്നില്ല. അവിടെ രണ്ട് വർഷമായി 72 വിഷയങ്ങളിൽ ബോർഡ് ഒഫ് സ്റ്റഡീസില്ല.

കാലിക്കറ്റ്
ബിവോക് തുടങ്ങിയ കോഴ്സുകളിൽ ആറ് സെമസ്റ്റർ കഴിഞ്ഞിട്ടും ഒന്നാം സെമസ്റ്റർ പരീക്ഷ നടത്തിയിട്ടില്ല. ഇന്റഗ്രേറ്റഡ് കോഴ്സുകളിൽ മൂന്ന് സെമസ്റ്ററായിട്ടും സിലബസില്ല. പുനഃപ്രവേശനം നേടിയ 2000 കുട്ടികളുടെ പരീക്ഷാഫലം പ്രഖ്യാപിക്കുന്നില്ല.

സാങ്കേതികം
ഗവർണർ നിയമിച്ച താത്കാലിക വി.സിക്കെതിരായ സമരം ഹൈക്കോടതിയുടെ അനുകൂല ഉത്തരവോടെ ആവിയായി. താൽക്കാലിക വി. സി ചുമതലയേറ്റെങ്കിലും സ്തംഭനാവസ്ഥ മാറാൻ ആഴ്ചകളെടുക്കും. ബിരുദ സർട്ടിഫിക്കറ്റിനുള്ള 7000ത്തിലേറെ അപേക്ഷകൾ തീർപ്പാക്കണം. ബിരുദ സർട്ടിഫിക്കറ്റിനുള്ള എക്സ്പ്രസ്, ഫാസ്റ്റ്ട്രാക്ക് അപേക്ഷകൾ സ്വീകരിക്കുന്നില്ല. 2500 എൻജി. ബിരുദ സർട്ടിഫിക്കറ്റ് നൽകി, 5600 ഇനിയും ബാക്കിയുണ്ട്.

കാർഷികം
വി.സി, രജിസ്ട്രാർ, പരീക്ഷാ കൺട്രോളർ തസ്തികകളിലെല്ലാം ഇൻ ചാർജ് ഭരണം. സി.പി.എം സംഘടനകൾ 50 ദിവസമായി തുടരുന്ന സമരം പ്രവർത്തനങ്ങളെല്ലാം സ്തംഭിപ്പിച്ചു. നേതാവിനെ തരംതാഴ്ത്തി സ്ഥലം മാറ്റിയതിനെതിരെയാണ് സമരം. രജിസ്ട്രാറെ ഓഫീസിൽ കയറ്റുന്നില്ല.

സംസ്‌കൃതം
കുട്ടികളില്ലാതെ തിരുവനന്തപുരം, കൊയിലാണ്ടി, പന്മന, ഏറ്റുമാനൂർ, തിരൂർ തുടങ്ങിയ പ്രാദേശിക പഠന കേന്ദ്രങ്ങൾ പൂട്ടലിലേക്ക്. 200 ഗസ്റ്റ് അദ്ധ്യാപകരെ പിരിച്ചുവിട്ടു.
ഓപ്പൺ സർവകലാശാലയിൽ കുട്ടികൾ കുറവായതിനാൽ പ്രാദേശിക പഠനകേന്ദ്രങ്ങൾ പ്രതിസന്ധിയിൽ. ഡിജിറ്റൽ സർവകലാശാല ഇഴയുന്നു.

51 രാജ്യങ്ങളിൽ

  • 51 വിദേശ രാജ്യങ്ങളിൽ മലയാളി വിദ്യാർത്ഥികൾ ചേക്കേറി. ബ്രിട്ടനിലേക്കാണ് ഒഴുക്ക്.
  • 4000 ബിരുദ സീറ്റിൽ കുട്ടികളില്ല
  • കേരളയിൽ 40% സീറ്റ് കാലി
  • സ്വാശ്രയത്തിൽ 55%
  • യു.ഐ.ടികളിൽ 62%
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: EDUCATION, KERALA, STUDENTS, FOREIGN UNIVERSITY, KERALA UNIVERSITY, GOVERNOR, PINARAYI, EDUCATION SYSTEM
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.