SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.54 PM IST

അദാനിയുടെ സമ്പത്ത് രാജ്യത്തിന്റെ സ്വത്ത് കവർന്നത്: എം.വി. ഗോവിന്ദൻ

Increase Font Size Decrease Font Size Print Page
m-v-govindan

തിരുവനന്തപുരം: അദാനിയുടെ സമ്പത്ത് രാജ്യത്തിന്റെ സ്വത്ത് കവർന്നുണ്ടാക്കിയതാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. അബുദാബി ശക്തി തിയറ്റേഴ്‌സിന്റെ 36-ാമത് അബുദാബി ശക്തി പുരസ്‌കാരം തിരുവനന്തപുരം ഭാരത് ഭവനിൽ വിതരണം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഴിഞ്ഞം തുറമുഖ നിർമ്മാണം പുനരാരംഭിക്കാൻ സർക്കാരും സി.പി.എമ്മും അദാനി ഗ്രൂപ്പിന് പൂർണ്ണ പിന്തുണ നൽകിയിരിക്കെയാണ് എം.വി. ഗോവിന്ദന്റെ വിവാദ പ്രസ്താവന. അദാനിയും അംബാനിയും കുത്തകകളായത് കഴിവും സമ്പത്തും കൊണ്ടല്ല. രാജ്യം ഭരിക്കുന്നവർ അവർക്ക് സമ്പത്ത് ഊറ്റിയെടുക്കുന്നതിനുള്ള സർവ സൗകര്യവും ഒരുക്കിക്കൊടുക്കുകയായിരുന്നു. രാജ്യം സ്വരുക്കൂട്ടിവച്ച മുഴുവൻ സമ്പത്തും കേന്ദ്രം കോർപ്പറേറ്റുകൾക്ക് വിറ്റുതുലച്ചു. അടുത്ത വർഷം അദാനി ലോകത്തെ കോടീശ്വരന്മാരിൽ ഒന്നാമനാകും. രാജ്യത്തിന്റെ 77 ശതമാനം സമ്പത്തും ഒരു ന്യൂനപക്ഷത്തിന്റെ കൈയിലൊതുങ്ങി. അന്ധവിശ്വാസവും ശാസ്‌ത്ര വിരോധവും ശക്തിപ്പെടുകയാണ്. മോദി അധികാരത്തിൽ വന്നതോടെ ഏറ്റവും പിന്തിരിപ്പൻ നിലപാടുകളുടെ കേന്ദ്രമായി ഇന്ത്യ മാറിയെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

മുൻ എം.പി പി. കരുണാകരൻ അദ്ധ്യക്ഷനായ ചടങ്ങിൽ വി. ജോയ് എം.എൽ.എ, പ്രഭാവർമ്മ, വി.എൻ. മുരളി, മൂസ മാസ്റ്റർ, എ.ജി. ഒലീന, പ്രമോദ് പയ്യന്നൂർ, എസ്. അൻസാരി, പി.കെ. മനോജ്, വി.പി. കൃഷ്‌ണകുമാർ, സഫറുള്ള, സി. അശോകൻ, സജി തൈക്കാട് തുടങ്ങിയവർ പങ്കെടുത്തു.

ശക്തി തിയറ്റേഴ്‌സിന്റെ വിവിധ പുരസ്‌കാരങ്ങൾ ഡോ. എം.ആർ. രാഘവ വാര്യർ, കവിത ബാലകൃഷ്‌ണൻ, ശശികുമാർ, കെ. സുധീഷ്, കെ. രേഖ, രവിവർമ്മ തമ്പുരാൻ, എം. രാജീവ് കുമാർ, സി. അനൂപ്, വി.കെ. ദീപ എന്നിവർ ഏറ്റുവാങ്ങി.

TAGS: M V GOVINDAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY