SignIn
Kerala Kaumudi Online
Saturday, 23 September 2023 4.50 PM IST

നിഴലുകളില്ലാത്ത പെണ്ണ്

mahnas-muhammadi-
ഇറാനിയൻ ചലച്ചിത്രകാരി മഹ്‌നാസ് മുഹമ്മദി

ഇറാനിലെ തെരുവുകളിൽ യുവതയുടെ പ്രക്ഷോഭം അലയടിക്കുകയാണ്. ഒരു പെൺകുട്ടിയുടെ മരണമാണ് പെട്ടെന്നുള്ള പ്രക്ഷോഭത്തിന്റെ കാരണമെങ്കിലും രാജ്യത്തെ മതപൗരോഹിത്യ ഭരണകൂടത്തിന്റെ സ്വേച്ഛാധിപത്യത്തിനെതിരെ കാലങ്ങളായി ഊറിക്കൂടിയിരുന്ന അസംതൃപ്തിയുടെ പൊട്ടിത്തെറിയായാണ് ഇത് നിരീക്ഷിക്കപ്പെടുന്നത്‌. ഈ സാഹചര്യത്തിലാണ് ഐ.എഫ്.എഫ്.കെയുടെ 27-ാമത് എഡിഷനിൽ, അവകാശപ്പോരാട്ടം നടത്തുന്ന ചലച്ചിത്രപ്രവർത്തകരെ പ്രോത്‌സാഹിപ്പിക്കാനായി ഏർപ്പെടുത്തിയ 'സ്പിരിറ്റ് ഒഫ് സിനിമ' അവാർഡ് ഇത്തവണ ഇറാനിയൻ ചലച്ചിത്രകാരി മഹ്‌നാസ് മുഹമ്മദിക്ക് സമ്മാനിക്കുന്നത്. സിനിമകളുടെ രാഷ്ട്രീയം കൊണ്ടു മാത്രമല്ല, നയം വ്യക്തമാക്കുന്ന ഇത്തരം നിലപാടുകൊണ്ടു കൂടിയാണ് കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തെ ലോകം ശ്രദ്ധിക്കുന്നത്.

പക്ഷേ, അവാർഡ് സ്വീകരിക്കാൻ മഹ്‌നാസ് മുഹമ്മദിന് എത്താൻ കഴിയില്ല. സ്വന്തം നാട്ടിൽ അറസ്റ്റും തടവും നിരന്തര നിരീക്ഷണവും നേരിടുന്ന ആക്ടിവിസ്റ്റായ അവരുടെ പാസ്‌പോർട്ടിന്റെ കാലാവധി മാർച്ചിൽ അവസാനിക്കും. ഇന്ത്യൻ വിസയ്ക്ക് പാസ്‌പോർട്ടിന് ആറുമാസത്തെ കാലാവധിയെങ്കിലും വേണം. പാസ്‌പോർട്ട് പുതുക്കാനായി നടത്തുന്ന ശ്രമം അറസ്റ്റിലേക്ക് വരെ എത്താമെന്ന് അജ്ഞാത കേന്ദ്രത്തിൽ കഴിയുന്ന അവരെ സുഹൃത്തുക്കൾ ഉപദേശിക്കുകയും ചെയ്തു.

അടുത്തിടെ ഇറാനിൽ നടന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിനിടെ മഹ്‌നാസിനെ അറസ്റ്റ് ചെയ്തു വിട്ടയച്ചിരുന്നു. ഈ സാഹചര്യത്തിൽ ഇറാൻ ഭരണകൂടത്തോടുള്ള പ്രതിഷേധമായി തന്റെ മുടിമുറിച്ച് സന്ദേശത്തോടൊപ്പം ഗ്രീക്ക് ചലച്ചിത്രകാരി അഥീന റേച്ചൽ സംഗാരി കൈവശം കൊടുത്തുവിടും.

അധികാരവ‌ർഗത്തിന്റെ അഭികാമ്യത്തിനനുസരിച്ച് കാമറ തിരിച്ച കേമന്മാരെപ്പോലുള്ള ചലച്ചിത്ര ജീവിതമല്ല, മഹ്‌നാസ് മുഹമ്മദിന്റേത്. ഇറാനിയൻ അധികാരികളുടെ ഗുഡ് ബുക്കിൽ അവരില്ല. 2011ൽ റെവല്യൂഷണറി ഗാർഡ്സ് ജയിലിലെ ഒരു ചെറിയ സെല്ലിൽ മരണത്തെ അഭിമുഖീകരിക്കേണ്ടി വന്നവൾ. എന്നിട്ടും ഡോക്യുമെന്ററികളിലൂടെയും സിനിമകളിലൂടെയും ഇറാനിലെ സ്ത്രീകൾക്കെതിരായ അനീതികളെ ചോദ്യം ചെയ്യുന്നത് അവർ അവസാനിപ്പിച്ചില്ല.

2003ൽ പുറത്തിറങ്ങിയ മഹ്‌നാസ് മുഹമ്മദിയുടെ ആദ്യ ഡോക്യുമെന്ററിയുടെ പേരിലും ഉള്ളടക്കത്തിലും അവരുടെ നിലപാട് വ്യക്തം. വുമൺ വിതൗട്ട് ഷാഡോസ് എന്ന ഹ്രസ്വ ഡോക്യുമെന്ററി, സർക്കാർ നടത്തുന്ന അഭയകേന്ദ്രത്തിലെ ഭവനരഹിതരായ സ്ത്രീകളുടെ ദുരവസ്ഥയാണ് കാണിച്ചുതരുന്നത്.

മഹ്‌നാസ് മുഹമ്മദിയുടെ വാക്കുകളിലൂടെ

മുടിമുറിക്കൽ പ്രതിഷേധം

മനസ് നിങ്ങൾക്കൊപ്പം

കേരളത്തിന്റെ ഫിലിം ഫെസ്റ്റിന്റെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാൻ വളരെ ആഗ്രഹിച്ചതാണ്. ഭരണകൂടം അത് നിഷേധിച്ചപ്പോഴാണ് ഞാനിങ്ങനെ പ്രതികരിക്കുന്നത്. എനിക്ക് എത്രമാത്രം സങ്കടം തോന്നിയെന്ന് നിങ്ങൾക്ക് ഊഹിക്കാവുന്നതേയുള്ളൂ. കേരളത്തിലേക്ക് യാത്ര ചെയ്യാനുള്ള അനുവാദംതേടി അധികാരികൾക്ക് ഞാൻ രണ്ട് മെയിലുകൾ അയച്ചു. അവർ ഉത്തരം നൽകിയില്ല, അവർക്കത് ലഭിച്ചോ എന്നുപോലും അവർ സ്ഥിരീകരിച്ചില്ല. ഇത് ശരിക്കും നിരാശപ്പെടുത്തി. ഞാൻ അവിടെ ഇല്ലാത്തതിൽ എനിക്ക് സങ്കടമുണ്ട്. രാഷ്ട്രീയക്കാരാണ് നമുക്കെല്ലാവർക്കും വേണ്ടിയുള്ള തീരുമാനങ്ങൾ എടുക്കുന്നതെന്ന് തോന്നുന്നു.

എന്തുകൊണ്ട്

സ്ത്രീകേന്ദ്രീകൃത

സിനിമകൾ

ഞങ്ങളാണ് ലോകത്തെ ഏറ്റവും വലിയ ന്യൂനപക്ഷം. ഞങ്ങളുടെ വേദനകളെക്കുറിച്ച് പറയാനും മാറ്റത്തിനായി പരിശ്രമിക്കാനും ഈ കാരണം മതിയാകില്ലെന്നുണ്ടോ? സ്ത്രീകൾ പുരുഷാധിപത്യത്താൽ ബന്ധിതരാണ്. ആ നിലയിൽ എന്റെ സിനിമ നിശബ്ദരുടെ ശബ്ദമാണ്. ഒരു സ്ത്രീ ജനിക്കുന്നതിനു മുമ്പുതന്നെ ഒട്ടേറെ നിയന്ത്രണങ്ങൾ സമൂഹം അവൾക്കുമേൽ അടിച്ചേൽപ്പിക്കുന്നുണ്ട്. ആ നിയന്ത്രണങ്ങളിൽ നിന്നും വേറിട്ടുനിൽക്കാൻ ശ്രമിച്ചാൽ സ്വാഭാവികമായും അവൾ കുറ്റക്കാരിയാകും. ഒരെഴുത്തുകാരിയാവണമെന്നായിരുന്നു എന്റെ ആഗ്രഹം. പക്ഷേ, സാഹചര്യങ്ങൾ എന്നെ ചലച്ചിത്രകാരിയാക്കി.

നിർഭയത്വം,

മാറ്റത്തെക്കുറിച്ചുള്ള

പ്രത്യാശ

നിർഭയത്വം സ്വയം ആർജ്ജിച്ചെടുത്തിരുന്നെങ്കിലും അതുമാത്രം പോരല്ലോ ചലച്ചിത്രകാരിയാകാൻ. നിർമ്മാതാവിനെ കണ്ടെത്തുക, ആവശ്യമായ അനുമതികൾ സംഘടിപ്പിക്കുക ഇതിനൊക്കെ അഞ്ചുവ‌ർഷം അലയേണ്ടിവന്നു. പഴഞ്ചൻ വിശ്വാസപ്രമാണങ്ങളും നിയന്ത്രണങ്ങളും തന്നെയാണ് തടസമായി നിന്നത്. സമൂഹത്തിന്റെ ഹൃദയത്തുടിപ്പിൽ നിന്നു വന്നതായിരുന്നു ആ തിരക്കഥ. നമ്മുടെ സംഘത്തിലുള്ള ഓരോരുത്തരും അവരുടെ ജോലി ആസ്വദിച്ചും ഉത്തരവാദിത്വത്തോടെയും ചെയ്തു. ബോക്‌സ് ഓഫീസിലെ മണികിലുക്കമായിരുന്നില്ല ലക്ഷ്യം. മാറ്റത്തെക്കുറിച്ചുള്ള പ്രത്യാശകളാണ് പങ്കിട്ടത്.

വേറെ വഴിയില്ല,

പാത സ്വയം

വെട്ടിത്തെളിച്ചു

എന്റെ സാഹചര്യങ്ങൾക്ക് നിയതമായ ഒരു രൂപമില്ല. വ്യക്തമായി പറഞ്ഞാൽ, എന്റേതായ ഒരു പാത വെട്ടിത്തെളിക്കുകയല്ലാതെ മുന്നിൽ വേറെ മാർഗങ്ങളുണ്ടായിരുന്നില്ല. ഭയമില്ലായ്മ എന്നത് ജന്മനാ സിദ്ധിക്കുന്നതല്ല, അത് ആ‌ർജ്ജിച്ചെടുക്കേണ്ടതാണ്.

ആദ്യകാലത്ത് സ്വയം തിരിച്ചറിയാനും സമൂഹത്തെ പഠിക്കാനുമുള്ള മാർഗമായാണ് ഞാൻ സിനിമകളെ കണ്ടിരുന്നത്. പക്ഷേ, പൂർത്തീകരിക്കാനാവാത്ത അവകാശവാദങ്ങൾക്കോ ഉത്തരവാദിത്വങ്ങൾക്കോ വഴങ്ങാതെ എന്റേതായ സ്ഥാനത്ത് നിലനിൽക്കുകയാണ് ഞാനിപ്പോൾ.

മാറുന്ന ലോകം

മാറ്റമില്ലാത്ത

പെൺജീവിതം

വിമെൻ വിതൗട്ട് ഷാഡോസിൽ അഴികൾക്ക് പിന്നിലായി പോയതിന്റെ പേരിൽ സമൂഹത്തിൽനിന്ന് വേർതിരിക്കപ്പെട്ട സ്ത്രീകളെയാണ് അവതരിപ്പിച്ചത്. സൺ മദറിലാകട്ടെ സമൂഹത്തിനുള്ളിൽത്തന്നെ വേർതിരിവ് അനുഭവിച്ച കുട്ടികളെയാണ് അവതരിപ്പിച്ചത്. ഇതുതന്നെയാണ് എന്റെ അവതരണത്തിൽ സംഭവിച്ച വലിയ മാറ്റമെന്ന് ഞാൻ വിശ്വസിക്കുന്നു. മാറ്റമില്ലാതെ നിലനിൽക്കുന്നത് ഇറാനിലെ ജീവിതങ്ങളെ നിയന്ത്രിക്കുന്ന മൂർത്തവും അമൂർത്തവുമായ വേലിക്കെട്ടുകളാണ്.

രേഖപ്പെടുത്തലുകൾ

അസാദ്ധ്യമാകുമ്പോൾ

ഡോക്യുമെന്ററിയും സിനിമയും എനിക്ക് ഒരുപോലെയാണ്. പക്ഷേ 'രേഖപ്പെടുത്തലുകൾ ' അനുവദനീയമല്ലാത്ത ചില സമയങ്ങളും വിഷയങ്ങളുമുണ്ട്. അത്തരത്തിൽ ഡോക്യുമെന്ററി സാദ്ധ്യമല്ലാതാകുന്ന ഘട്ടങ്ങളിൽ ചലച്ചിത്രത്തിന്റെ കഥ പറയൽ ശൈലിയിൽ ഞാൻ ആശ്വാസം കണ്ടെത്തും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: IFFK2022
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.