SignIn
Kerala Kaumudi Online
Thursday, 25 April 2024 7.18 AM IST

പറങ്കികൾക്കും പണി കൊടുക്കുമോ മൊറോക്കോ

morrocco-portugal

ഇന്നത്തെ ആദ്യ ക്വാർട്ടർഫൈനൽ മത്സരത്തിൽ പോർച്ചുഗൽ മൊറോക്കോയെ നേരിടുന്നു

ദോഹ : നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ആദ്യ ഇലവനിൽ നിന്ന് ഒഴിവാക്കിയ വിവാദങ്ങളുടെ അലയൊലി അടങ്ങാത്ത പറങ്കികളുടെ കൂടാരം പൊളിക്കാൻ അട്ടിമറികളുടെ തോഴന്മാരായ മൊറോക്കോ ഇറങ്ങുമ്പോൾ ഫുട്ബാൾ ആരാധകരുടെ ആകാംക്ഷയേറുന്നു.

ആദ്യ മത്സരത്തിൽ ക്രൊയേഷ്യയെ ഗോൾ രഹിത സമനിലയിൽ തളയ്ക്കുകയും രണ്ടാം മത്സരത്തിൽ ബെൽജിയത്തെ മറുപടിയില്ലാത്ത രണ്ടുഗോളുകൾക്ക് അട്ടിമറിക്കുകയും ചെയ്ത മൊറോക്കോ അവിസ്മരണീയ പ്രകടനം പുറത്തെടുത്തത് സ്പെയ്നിന് എതിരായ മൂന്നാം മത്സരത്തിലാണ്. നിശ്ചിത സമയത്തും അധിക സമയത്തും മുൻ ലോക ചാമ്പ്യന്മാരെ ഗോളടിക്കാൻ അനുവദിക്കാതെ മൊറോക്കോക്കാർ പൂട്ടിയിരുന്നു. തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിൽ മൂന്ന് കിക്കുകളിലൊന്നുപോലും വലയിലാക്കാൻ കഴിയാതെയാണ് സ്പെയ്ൻ ഇളിഭ്യരായി പുറത്തേക്കുപോയത്.

പോർച്ചുഗൽ ഗ്രൂപ്പിലെ ആദ്യ രണ്ട് മത്സരങ്ങളും വലിയ പരിക്കുകളില്ലാതെ വിജയിച്ചുവന്നെങ്കിലും മൂന്നാം മത്സരത്തിൽ ദക്ഷിണ കൊറിയയിൽ നിന്ന് തോൽവി ഏറ്റുവാങ്ങേണ്ടിവന്നത് നാണക്കേടായിരുന്നു.സ്വിറ്റ്സർലാൻഡിനെതിരായ പ്രീ ക്വാർട്ടറിൽ അരഡസൻ ഗോളുകളടിച്ചു ജയിച്ചാണ് ഇത് മറികടന്നത്.എന്നാൽ ഈ മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഫസ്റ്റ് ഇലവനിൽ നിന്ന് ഒഴിവാക്കിയത് വലിയ വിവാദമായി. രണ്ടാം പകുതിയിൽ ഉപയോഗിക്കാൻ തന്ത്രപരമായി ക്രിസ്റ്റ്യാനോയെ മാറ്റിനിറുത്തിയതാണെന്ന് കോച്ച് ഫെർണാണ്ടോ സാന്റോസ് വിശദീകരിച്ചെങ്കിലും കോച്ചുമായി ഉടക്കി ക്രിസ്റ്റ്യാനോ ലോകകപ്പ് ബഹിഷ്കരിക്കാനൊരുങ്ങി എന്ന വാർത്തകളും പിന്നാലെയെത്തി. പോർച്ചുഗൽ ഫുട്ബാൾ അസോസിയേഷനും പിന്നീട് ക്രിസ്റ്റളാനോയും ഇത് നിഷേധിച്ച് രംഗത്തുവന്നു. പോർച്ചുഗലിന്റെ കിരീടസാദ്ധ്യത തകർക്കാൻ ചില 'പുറംശക്തികൾ'കെട്ടിച്ചമയ്ക്കുന്ന വാർത്തകളാണ് ഇവയെന്നാണ് ക്രിസ്റ്റ്യാനോ പറഞ്ഞത്.

പോർച്ചുഗലിന്റെ ശക്തിയും ദൗർബല്യവും

1.ഒരു പതിറ്റാണ്ടിലേറെയായി പോർച്ചുഗലിന്റെ ശക്തികേന്ദ്രം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ്. ഇപ്പോൾ 37 വയസിലെത്തിയ അദ്ദേഹം വിവാദത്തിൽപ്പെട്ട് ദൗർബല്യവുമായിരിക്കുന്നു എന്നത് കൗതുകമാണ്.

2.ഒരു മത്സരത്തിലും ക്രിസ്റ്റ്യാനോ മുഴുവൻ സമയവും കളിച്ചിരുന്നില്ല. ആദ്യ പകുതിയിലാണോ രണ്ടാം പകുതിയിലാണോ ക്രിസ്റ്റ്യാനോ വേണ്ടതെന്ന കോച്ചിന്റെ താത്പര്യമാണ് പ്രീ ക്വാർട്ടറിൽ കണ്ടത്.

3. അധികസമയത്തേക്ക് കളി നീണ്ടാൽ ടീമിന് പ്രചോദനം പകരാൻ ക്രിസ്റ്റ്യാനോയുടെ സാന്നിദ്ധ്യം അിവാര്യമായതിനാൽ രണ്ടാം പകുതിയിലാകും ഇറക്കുക.അല്ലെങ്കിൽ മുഴുവൻ സമയം കളത്തിൽ ഇറക്കാൻ കോച്ച് തീരുമാനിക്കണം.

4. ക്രിസ്റ്റ്യാനോയുടെ അഭാവത്തിൽ ഫസ്റ്റ് ഇലവനിലെത്തി ഹാട്രിക് നേടിയ ഗോൺസാലോ റാമോസ്, മികച്ച ഫോമിലുള്ളബ്രൂണോ ഫെർണാണ്ടസ്, യാവോ ഫെലിക്സ്, ഗ്വിറേറോ,വില്യം കാർവാലോ തുടങ്ങിയവരാണ് പോർച്ചുഗലിന്റെ കരുത്ത്.

5. പെപ നേതൃത്വം നൽകുന്ന പ്രതിരോധത്തിനാണ് ഇന്ന് കൂടുതൽ വെല്ലുവിളി നേരിടേണ്ടിവരിക. പെട്ടെന്നുള്ള മുന്നേറ്റങ്ങളും ലോംഗ് പാസുകളും കൊണ്ടാവും മൊറോക്കോ ആക്രമണം നടത്തുക.

മടിയിൽ കനമില്ലാത്ത മൊറോക്കോ

1. മടിയിൽ കനമില്ലാത്തവന് വഴിയിൽ ഭയക്കേണ്ട എന്നു പറഞ്ഞപോലെ ആദ്യമായി ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിലെത്തുന്ന മൊറോക്കോയ്ക്ക് കിട്ടുന്നതെല്ലാം ബോണസാണ്. ഒരു സമ്മർദ്ദവുമില്ലാതെ കളിക്കാം.

2. കിടയറ്റ പ്രതിരോധമാണ് മൊറോക്കോയുടെ പ്ളസ് പോയിന്റ്. തങ്ങളുടെ തട്ടകം വിട്ടിറങ്ങാൻ മൊറോക്കോ ഡിഫൻഡർമാർ തയ്യാറാവാത്തതാണ് സ്പെയ്നിന് തിരിച്ചടിയായത്.

3.മൊറോക്കോ ഡിഫൻസിനെ എങ്ങനെ വീഴ്ത്തണം എന്നതിന് പോർച്ചുഗലിന് മുന്നിൽ ഈ ലോകകപ്പിൽ ഉദാഹരണങ്ങളില്ല. കൊമ്പന്മാരായ ക്രൊയേഷ്യ,ബെൽജിയം,സ്പെയ്ൻ എന്നിവർ വിചാരിച്ചിട്ട് അതിന് സാധിച്ചിട്ടില്ല.

4. ഹക്കിം സിയേഷ്,ബൗഫൽ ,യെൻ നെസെയ്റി,അമ്രാബത്ത് എന്നിവർ നേതൃത്വം നൽകുന്ന മുൻനിര കിട്ടുന്ന അവസരങ്ങളിൽ മാത്രം ഓടിയെത്തി ആക്രമണം അഴിച്ചുവിടുന്നവരാണ്. ഉയരവും മികച്ച ശാരീരിക ക്ഷമതയുമാണ് മൊറോക്കോ താരങ്ങളുടെ പ്ളസ് പോയിന്റ്.

5. അഷ്റഫ് ഹക്കീമി, ക്യാപ്ടൻ സായിസ്,അഗുറേഡ്,മസ്റോയ് എന്നിവർ അണിനിക്കുന്ന പ്രതിരോധനിരയ്ക്ക് ഉരുക്കിന്റെ കരുത്തുണ്ട്. ഷൂട്ടൗട്ടിൽ രണ്ട് സ്പാനിഷ് കിക്കുകൾ തട്ടിക്കളഞ്ഞ ഗോളി ബനോയും മികച്ച ഫോമിൽ.

13

ഗോളുകൾ നേടിയാണ് പോർച്ചുഗൽ ക്വാർട്ടറിലെത്തിയിരിക്കുന്നത്. നാലുഗോളുകൾ മാത്രമാണ് വഴങ്ങിയത്.

4

ഗോളുകൾ മാത്രമാണ് മൊറോക്കോ ഇതുവരെ നേടിയത്. കാഡയ്ക്കെതിരെ ഒരു ഗോൾ വഴങ്ങിയതല്ലാതെ മൂന്ന് കളികളിൽ ക്ളീൻ ഷീറ്റ്.

1

ചരിത്രത്തിലാദ്യമായാണ് മൊറോക്കോ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ കളിക്കുന്നത്. പ്രീക്വാർട്ടറിലെത്തിയത് 20 വർഷത്തിന് ശേഷവും.

1

ലോകകപ്പ് ക്വാർട്ടറിലെത്തുന്ന ആദ്യ ആഫ്രോ- അറബ് രാജ്യമാണ് മൊറോക്കോ.

4

ലോകകപ്പ് ക്വാർട്ടറിലെത്തുന്ന നാലാമത്തെ ആഫ്രിക്കൻ രാജ്യവും ഷൂട്ടൗട്ടി​ൽ വി​ജയി​ക്കുന്ന ആദ്യ ആഫ്രി​ക്കൻ രാജ്യവും. 1990ൽ കാമറൂൺ,2002ൽ സെനഗൽ,2010ൽ ഘാന എന്നിവരാണ് ഇതിന് മുമ്പ് ക്വാർട്ടറിലെത്തിയ ആഫ്രിക്കൻ രാജ്യങ്ങൾ.

3

ഇത് മൂന്നാം തവണയാണ് പോർച്ചുഗൽ ക്വാർട്ടർ ഫൈനലിൽ കളിക്കുന്നത്.1966ൽ യുസേബിയോയും സംഘവും മൂന്നാം സ്ഥാനത്തെത്തി.2006ൽ ഫിഗോയും ക്രിസ്റ്റ്യാനോയും ചേർന്ന് മൂന്നാം സ്ഥാനത്തെത്തിച്ചു.

പോർച്ചുഗൽ ഗ്രാഫ്

മൊറോക്കോ Vs പോർച്ചുഗൽ

ക്വാർട്ടർ ഫൈനൽ രാത്രി 8.30 മുതൽ

അൽ തുമാമാ സ്റ്റേഡിയം

നേർക്കുനേർ പോരാട്ടങ്ങൾ

മൊറോക്കോ 1

പോർച്ചുഗൽ 1

സമനില 0

മത്സരഫലങ്ങൾ

2018 : പോർച്ചുഗൽ 1- മൊറോക്കോ 0

1986 : മൊറോക്കോ 3-പോർച്ചുഗൽ 1

മൊറോക്കോ

കോച്ച് : വാലിദ് റെഗ്രാഗുയി

ക്യാപ്ടൻ : റൊമെയ്ൻ സായിസ്

മികച്ച ലോകകപ്പ് പ്രകടനം : 2022 ക്വാർട്ടർ ഫൈനൽ

പോർച്ചുഗൽ

കോച്ച് : സാന്റോസ്

ക്യാപ്ടൻ : ക്രിസ്റ്റ്യാനോ/പെപെ

മികച്ച ലോകകപ്പ് പ്രകടനം :1966 മൂന്നാം സ്ഥാനം.

ക്വാർട്ടറിലേക്കുള്ള വഴി

മൊറോക്കോ

ഗ്രൂപ്പ് എഫ് ജേതാവ്

Vs ക്രൊയേഷ്യ 0-0

Vs ബെൽജിയം 2-0

Vs കാനഡ 2-1

പ്രീ ക്വാർട്ടർ

Vs സ്പെയ്ൻ 0-0(3-0)

പോർച്ചുഗൽ

ഗ്രൂപ്പ് എച്ച് ജേതാവ്

Vs ഘാന 3-2

Vs ഉറുഗ്വേ 2-0

Vs കൊറിയ 1-2

പ്രീ ക്വാർട്ടർ

Vs സ്വിറ്റ്സർലാൻഡ് 6-1

സാദ്ധ്യതാ ഇലവൻ

മൊറോക്കോ

ബനോ(ഗോളി), മസ്റായ്,സായിസ്,അഗ്യുറേഡ്,ഹക്കീമി(ഡിഫൻഡർമാർ),അമാല,അംബ്രാത്ത്.ഒൗനാഹി(മിഡ്ഫീൽഡേഴ്സ്),ബൗഫൽ,യെൻ നെയ്സ്റി,സിയേഷ് (സ്ട്രൈക്കർമാർ).

4-3-3 ശൈലിയിലാകും മൊറോക്കോ ഇറങ്ങുക.

പോർച്ചുഗൽ

കോസ്റ്റ(ഗോളി),ഡാലോട്ട്,പെപെ,റൂബൻ ഡയസ്,ഗ്വിറേറോ(ഡിഫൻഡർമാർ),ഒട്ടാവിയോ,കാർവാലോ,സിൽവ(മിഡ്ഫീൽഡേഴ്സ്),ബ്രൂണോ ഫെർണാണ്ടസ്,യാവോ ഫെലിക്സ്,ക്രിസ്റ്റ്യാനോ റൊണാൾഡോ/ റാമോസ്

4-3-3 ശൈലിയിലാകും പോർച്ചുഗലും കളിക്കുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, MORROCO PORTUGAL
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.