തിരുവനന്തപുരം: ലിജോ ജോസ് പെല്ലിശ്ശേരി- മമ്മൂട്ടി ചിത്രം 'നൻപകൽ നേരത്ത് മയക്കം' കാണാൻ ഇരച്ചെത്തിയ ഡെലിഗേറ്റുകൾക്കു മുന്നിൽ ടാഗോർ തിയേറ്ററിന്റെ വാതിൽ അടഞ്ഞതോടെ ഡെലിഗേറ്റുകളും വോളന്റിയർമാരും തമ്മിലുണ്ടായ വാക്കേറ്റം അടിപിടിയിലും പൊലീസ് ഇടപെടലിലുമൊക്കെയായി അവസാനിച്ചു. മുൻകൂട്ടി സീറ്റുകൾ റിസർവ് ചെയ്തവരെ പോലും പ്രവേശിപ്പിച്ചില്ലെന്നാരോപിച്ചായിരുന്നു ഡെലിഗേറ്രുകൾ ബഹളംവച്ചത്.
ഗസ്റ്റുകൾക്കായി അക്കാഡമി സീറ്റുകൾ പിടിച്ചിട്ടതോടെ റിസർവേഷൻ ചെയ്ത ആളുകൾക്ക് പോലും സിനിമ കാണാൻ സാധിച്ചില്ലെന്നും പരാതിയുണ്ടായി. ഇതോടെ തിയേറ്റർ പരിസരം സംഘർഷവേദിയായി. പ്രതിഷേധത്തിന് നേതൃത്വം നൽകിയ വിദ്യാർത്ഥിയടക്കം മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തശേഷം വിട്ടയച്ചു.തിങ്കളാഴ്ച വൈകിട്ട് 3.30നായിരുന്നു 900 പേർക്ക് ഇരിക്കാവുന്ന ടാഗോർ തിയേറ്ററിൽ മത്സരവിഭാഗത്തിലുള്ള ചിത്രത്തിന്റെ ആദ്യ പ്രദർശനം നിശ്ചയിച്ചിരുന്നത്. എന്നാൽ രാവിലെ ഒൻപതോടെ തന്നെ ചിത്രത്തിനായി സീറ്റ് റിസർവ് ചെയ്യാത്തവർ ക്യൂ നിന്നു തുടങ്ങി. ഇതിനിടയിൽ രണ്ട് സിനിമാപ്രദർശനങ്ങൾ ടാഗോറിൽ നടന്നെങ്കിലും കാര്യമായ തിരക്കുണ്ടായിരുന്നില്ല. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് റിസർവ് ചെയ്തവരുടെ ക്യൂവും രൂപപ്പെട്ടു. മൂന്നുമണിയോടെയാണ് തിയേറ്ററിലേക്ക് പ്രവേശനം ആരംഭിച്ചത്. എന്നാൽ ഡെലിഗേറ്റുകൾ റിസർവ് ചെയ്ത സീറ്റുകൾ അക്കാഡമിയുടെ ഗസ്റ്റുകളും മേളയുടെ ഭാഗമായുള്ള മറ്റ് ഒഫിഷ്യലുകളും കൈയടക്കിയതോടെ മണിക്കൂറുകളോളം വെയിലത്ത് ക്യൂനിന്ന പ്രായമായവരടക്കം പുറത്തായി. ഇതോടെയാണ് പ്രതിഷേധം തുടങ്ങിയത്. തിയേറ്ററിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചവരെ പൊലീസ് തടഞ്ഞു. ഉന്തു തള്ളും വാക്കുതർക്കവുമായി. കാര്യങ്ങൾ കൈയാങ്കളിലേക്ക് പോകുമെന്നായതോടെ കൂടുതൽ പൊലീസെത്തി. ഇതോടെ 'ഇങ്ക്വിലാബ് സിന്ദാബാദ്, പൊലീസ് ഗോ ബാക്ക്' മുദ്രാവാക്യങ്ങളോടെ തിയേറ്ററിന് മുന്നിൽ ഡെലിഗേറ്റുകൾ സംഘടിച്ചു. പ്രതിഷേധം കനത്തതോടെ ഡെലിഗേറ്റുകളിൽ നിന്ന് രണ്ട് പ്രതിനിധികളെ സംഘാടകരുമായി ചർച്ചയ്ക്ക് ക്ഷണിച്ചു. തിയേറ്ററിൽ കയറാൻ സാധിക്കാത്തവർക്ക് വേണ്ടി ടാഗോറിൽ തന്നെ ഒരു ഷോ കൂടി അനുവദിക്കണമെന്നാണ് ഡെലിഗേറ്റുകൾ ആവശ്യപ്പെട്ടെങ്കിലും അത് അംഗീകരിക്കാൻ അക്കാഡമി തയ്യാറായില്ല. സിനിമയ്ക്ക് ഇനിയും രണ്ട് ഷോകൾ കൂടി ഉള്ളതിനാൽ ഈ ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടാണ് അക്കാഡമി സ്വീകരിച്ചത്. തുടർന്ന് തിയേറ്ററിനുമുന്നിൽ പ്രതിഷേധത്തിന് നേതൃത്വം നൽകിയ പെൺകുട്ടിയടക്കം മൂന്ന് പേരെ മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്തു. ഡെലിഗേറ്റുകളെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതോടെ നൂറുകണക്കിന് വരുന്ന ഡെലിഗേറ്റുകൾ ടാഗോറിലെ ഫെസ്റ്റിവൽ ഓഫീസിലേക്ക് മുദ്രാവാക്യം വിളികളുമായി മാർച്ച് നടത്തി. മൂവരെയും വിട്ടയയ്ക്കുമെന്ന അക്കാഡമി ചെയർമാൻ രഞ്ജിത്തിന്റെ ഉറപ്പിൽ സമരം അവസാനിപ്പിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |