വൈക്കം: ബ്രിട്ടണിലെ കെറ്ററിംഗിൽ മലയാളി നഴ്സായ യുവതിയെയും രണ്ട് മക്കളെയും
വീട്ടിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കണ്ണൂർ സ്വദേശിയായ ഭർത്താവിനെ നോർത്താംപ്ടൺ ഷെയർ പൊലീസ് കസ്റ്രഡിയിലെടുത്തു. വൈക്കം മറവൻതുരുത്ത് കുലശേഖരമംഗലം കരയിൽ അറയ്ക്കൽ വീട്ടിൽ എ.ജി അശോകൻ, പരേതയായ കാഞ്ചന ദമ്പതികളുടെ മകൾ അഞ്ജു അശോക് (35), മക്കളായ ജീവ (6), ജാൻവി (4) എന്നിവരാണ് കൊല്ലപ്പെട്ടത്. ബ്രിട്ടണിലെ റോത്ത് വെൽഡ് നോർത്തംഷെയർ ഹെൽത്ത് കെയർ എൻ.എം.എസ് ട്രസ്റ്റ് ജനറൽ ആശുപത്രിയിലെ നഴ്‌സാണ് അഞ്ജു.
ഭർത്താവ് കണ്ണൂർ ശ്രീകണ്ഠപുരം പടിയൂർ സ്വദേശി ചേലപാലിൽ സാജുവാണ് (52) കസ്റ്റഡിയിലുള്ളത്. കുടുംബ പ്രശ്നമാണ് അരുംകൊലയ്ക്ക് പിന്നിലെന്നാണ് സൂചന. അഞ്ജുവിനൊപ്പം ജോലി ചെയ്യുന്ന ഇടുക്കി സ്വദേശി ജിൻസിയുടെ ഭർത്താവ് മനോജ് മാത്യുവാണ് ഇന്നലെ രാവിലെ ഒൻപതിന് അഞ്ജുവിന്റെ സഹോദരി അശ്വതിയെ ഫോണിൽ വിവരമറിയിച്ചത്. രണ്ടുദിവസം മുൻപ് അഞ്ജു വീട്ടിൽ വിളിച്ചിരുന്നെങ്കിലും ഇടിമിന്നൽ മൂലം സംസാരിക്കാനായില്ല.
നാട്ടിൽ ഡ്രൈവറായിരുന്ന സാജു, ഹോട്ടലിലെ ഡെലിവറി ബോയ് ആയിരുന്നു. ജോലിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഇയാളെ അലട്ടിയിരുന്നതായി സൂചനയുണ്ട്.
കഴിഞ്ഞദിവസം അഞ്ജു ജോലിക്ക് എത്തിയിരുന്നില്ല. ഫോൺ വിളിച്ചെങ്കിലും എടുക്കാത്തതിനെ തുടർന്ന് ആശുപത്രി അധികൃതർ അന്വേഷിച്ചെത്തിയപ്പോൾ വീട് പൂട്ടിയ നിലയിലായിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെ പൊലീസെത്തി വാതിൽ കുത്തിത്തുറക്കുകയായിരുന്നു. എയർ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വീടിന് സമീപത്തുനിന്ന് ഒരു കാർ പൊലീസ് നീക്കം ചെയ്തു.
2021 ഒക്ടോബറിലാണ് ഇവർ ബ്രിട്ടണിലെത്തിയത്. ബംഗളുരുവിൽ നഴ്സായിരിക്കുമ്പോഴാണ് അഞ്ജു അവിടെ ട്രാവൽ ഏജൻസിയിൽ ജോലി ചെയ്തിരുന്ന സാജുവുമായി പ്രണയത്തിലായത്. 2012ലായിരുന്നു വിവാഹം. സൗദിയിലേക്ക് പോയ ഇവർ അവിടത്തെ ജോലികൾ ഉപേക്ഷിച്ചാണ് ബ്രിട്ടണിൽ എത്തിയത്. കഴിഞ്ഞ ജൂണിൽ മക്കളേയും കൊണ്ടുപോയി.
ഭർത്താവിൽ നിന്ന് അഞ്ജു കടുത്ത മാനസിക പീഡനം അനുഭവിച്ചിരുന്നതായി പിതാവ് അശോകൻ പറഞ്ഞു. മൃതദേഹങ്ങൾ നാട്ടിൽ എത്തിക്കുന്നതിന് കേന്ദ്ര വിദേശകാര്യ മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് പഞ്ചായത്ത് അധികൃതർ ശ്രമം നടത്തുന്നുണ്ട്. യു.കെയിൽ ക്രിസ്മസ് അവധിയായതിനാൽ നാട്ടിലെത്തിക്കാൻ ദിവസങ്ങൾ കഴിയുമെന്നാണ് വിവരം. വൈക്കം പൊലീസിൽ ബന്ധുക്കൾ പരാതി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |