SignIn
Kerala Kaumudi Online
Thursday, 25 April 2024 7.47 PM IST

അറിവാണ് വെളിച്ചമാണ് തീർത്ഥാടനം

sivagiri

ശ്രീനാരായണ വിശ്വാസി സമൂഹം 90- ാമത് ശിവഗിരി തീർത്ഥാടനം ആഘോഷിക്കുകയാണ്. ശിവഗിരി തീർത്ഥാടനത്തെ അറിവിന്റെ തീർത്ഥാടനമെന്നാണ് അറിവുള്ളവർ വിശേഷിപ്പിക്കുന്നത്. നാഗമ്പടം ക്ഷേത്രസന്നിധിയിൽ വച്ചാണല്ലോ ശിവഗിരി തീർത്ഥാടനത്തിന്റെ രൂപരേഖയും ലക്ഷ്യങ്ങളും ഗുരു പ്രഖ്യാപിക്കുന്നത്. വിദ്യാഭ്യാസം, ഈശ്വരഭക്തി, സംഘടന, കൃഷി,കൈത്തൊഴിൽ,കച്ചവടം,ശാസ്ത്ര സാങ്കേതിക പരിശീലനം തുടങ്ങി എട്ട് വിഷയങ്ങളെക്കുറിച്ച് പണ്ഡിതരെ ക്ഷണിച്ചുവരുത്തി സംസാരിക്കണമെന്നും തീർത്ഥാടകർ മനസിലാക്കിയ കാര്യങ്ങൾ സ്വജീവിതത്തിൽ പ്രാവർത്തികമാക്കണമെന്നും ഗുരു കല്‌പിച്ചു. ആ കല്‌പന വേണ്ടത്ര പ്രാവർത്തികമാക്കാൻ കേരളത്തിന് സാധിച്ചിട്ടില്ല.

ശിവഗിരി തീർത്ഥാടന ലക്ഷ്യങ്ങളിൽ വളരെ പ്രധാനപ്പെട്ട ലക്ഷ്യമാണ് വിദ്യാഭ്യാസം. അന്ധവിശ്വാസത്തിന്റെയും അനാചാരത്തിന്റെയും പേരിലുണ്ടായ നരബലി എല്ലാവരെയും ഞെട്ടിപ്പിച്ചു. ധാരാളം വ്യക്തികൾ അതിനെതിരെ ശബ്ദമുയർത്തിയെങ്കിലും ഇത്തരം അനാചാരങ്ങൾ ഇല്ലാതാക്കുന്നതിൽ ഒരു പരിഹാരം നിർദ്ദേശിക്കാൻ ആധുനിക വിദ്യാഭ്യാസത്തിന് സാധിക്കുന്നില്ല. വിദ്യകൊണ്ട് എവിടെയാണ് നാം സ്വതന്ത്രരായത്? ദൈവത്തിന്റെ സ്വന്തം നാടെന്ന് നാം അഭിമാനം കൊള്ളുമ്പോഴും മതത്തിന്റെയും ജാതിയുടെയും നീരാളിപ്പിടുത്തം സമസ്ത മേഖലകളിലും അതിശക്തമാണ്.
തിരിച്ചറിവുണ്ടാക്കിത്തരുന്നത് ഏതോ അതാണ് ശരിയായ വിദ്യാഭ്യാസം. നമ്മുടെ ശരി മറ്റുള്ളവർക്ക് തെറ്റായിരിക്കാം അവരുടെ ശരി നമുക്ക് തെറ്റായിരിക്കാം. അതുകൊണ്ട് ഗുരു ലളിതമായി, ശാസ്ത്രീയമായി പറയുന്നു അവനവൻ ആത്മസുഖത്തിനായി ആചരിക്കുന്നവ അപരന്ന് സുഖത്തിനായി വരേണം. വൈകിയ വേളയിലെങ്കിലും നമുക്ക് നമ്മുടെ സ്വാർത്ഥത തിരിച്ചറിഞ്ഞ് ത്യാഗമനോഭാവത്തോടെ ഒത്തൊരുമിച്ച് മുന്നോട്ടുപോയിക്കൂടെ? ശിവഗിരി തീർത്ഥാടനത്തിന് ഗുരു 10 ദിവസത്തെ വ്രതാനുഷ്ഠാനം കൽപ്പിച്ചപ്പോൾ അതിന്റെ കാഠിന്യം എത്രമാത്രമാണെന്ന് നാം തിരിച്ചറിയണം. ശരീരം, ഗൃഹം ഇന്ദ്രിയങ്ങൾ, വാക്ക് , മനസ് എന്നിവയുടെ ശുദ്ധി ഏറ്റവും പരമമാണെന്ന് ഗുരുവിന്റെ വിവക്ഷ.
ഇതിൽ ശരീരത്തിന്റെയും ഗൃഹത്തിന്റെയും ശുദ്ധിയാണ് പൊതുവേ വ്രതക്കാർ അനുഷ്ഠിക്കാൻ ശ്രമിക്കുന്നത്. ഇതിൽ ഒരു പരിധിവരെ വിജയിക്കാൻ സാധിക്കുന്നുണ്ട്. എന്നാൽ ഇന്ദ്രിയങ്ങളുടെയും വാക്കിന്റെയും മനസിന്റെയും ശുദ്ധി വളരെ വിഷമം പിടിച്ചതായതുകൊണ്ട് ആരും അനുഷ്ഠിക്കാറില്ല. അത് കുറച്ചു ബുദ്ധിമുട്ടുള്ളതാണ്. നാം ഉപയോഗിക്കുന്ന വാക്ക് മറ്റുള്ളവർക്ക് മുറിവേൽപ്പിക്കുന്നതാകയാൽ അത് ശുദ്ധമായ വാക്കല്ലെന്ന് തിരിച്ചറിഞ്ഞ് തിരുത്താൻ ശ്രമിക്കണം. വ്യക്തി ബന്ധങ്ങൾ ശിഥിലമാകാനും മതസ്പർദ്ധയും മതവിദ്വേഷവും മതകലഹവും വർദ്ധിക്കാനും കുടുംബബന്ധങ്ങൾ വഴിതെറ്റിപ്പോകാനും കാരണം ഓരോരുത്തരും ഉപയോഗിക്കുന്ന വാക്കുകൾ ശുദ്ധമല്ലാത്തതു കൊണ്ടാണെന്ന് നാം തിരിച്ചറിയുന്നുണ്ടോ? യാന്ത്രികമായി നാം പ്രയോഗിക്കുന്ന വാക്കുകളുടെ ശക്തി ബോംബിനെക്കാളും പതിന്മടങ്ങ് ശക്തിയുള്ളതാണെന്ന് നാം തിരിച്ചറിയുന്നത് നമ്മിൽ വാക്കിനെ കുറിച്ചുള്ള അവബോധം ഉണരുമ്പോഴാണ്. ചീത്തയായ, നമ്മുടെ വികാരവിചാരങ്ങൾക്ക് അസ്വസ്ഥതയുണ്ടാക്കുന്ന വാക്കിന്റെ പ്രയോഗം നമുക്ക് എത്രമാത്രം മാനസിക സമ്മർദ്ദത്തിന് കാരണമാകുന്നുവോ അതേപോലെ തന്നെയാണ് നമ്മുടെ വാക്കിന്റെ പ്രയോഗം മറ്റുള്ളവരെയും മുറിവേല്‌പിക്കുന്നതെന്ന് നാം തിരിച്ചറിയുമ്പോൾ വാക് പ്രയോഗം ശുദ്ധമായിത്തീരും.
മാനവരാശി അതിസങ്കീർണമായ മാനസികാവസ്ഥയിലൂടെ കടന്നുപോവുകയാണ്. പ്രത്യേകിച്ച് വളർന്നുവരുന്ന തലമുറ. കുട്ടികളിലും യുവാക്കളിലും ലഹരി മയക്കുമരുന്ന് മാഫിയ അതിവിദഗ്ദ്ധമായി പിടിമുറുക്കിക്കഴിഞ്ഞു. അതിൽനിന്നും കുഞ്ഞുങ്ങളെയും യുവാക്കളെ അടർത്തി മാറ്റാൻ സാധിക്കുമോ? മാതാപിതാക്കളുടെ അന്ധമായ പുത്രവാത്സല്യം തലമുറയെ ലഹരിയുടെ കരങ്ങളിൽ നിന്ന് രക്ഷിക്കുന്നതിന് തടസമാവാറില്ലേ? ധൃതരാഷ്ട്രർക്ക് പുത്രന്മാരോടുണ്ടായതും അന്ധമായ പുത്രവാത്സല്യമായിരുന്നു. അത് കൊണ്ടെത്തിച്ചതോ നാശത്തിലേക്കും.
ശ്രീനാരായണ ഗുരുദേവൻ ശിവഗിരി തീർത്ഥാടനത്തിന് ജീവൻ കൊടുത്തപ്പോൾ അതിന് ഇത്രയും ആഴവും പരപ്പും സൂക്ഷ്മതയും ഉണ്ടാകുമെന്ന് ആരും ചിന്തിച്ചിട്ടുണ്ടാവില്ല. ഓരോ വിഷയങ്ങളുടെ ഉള്ളറകളിലേക്ക് അഥവാ അവനവന്റെ മനസിന്റെ ഉള്ളറകളിലേക്ക് കടക്കാൻ സാധിക്കണം. ചിന്തിച്ച് ചിന്തിച്ച് ചിത്തിനെ തിരിച്ചറിഞ്ഞ് മനുഷ്യജന്മം കൃതകൃത്യമാക്കാൻ നമുക്ക് സാധിക്കുമ്പോഴാണ് ഈ ജീവിത തീർത്ഥാടന ലക്ഷ്യം പൂർണമാകുന്നത്.
ആദ്ധ്യാത്മികത എന്നത് ഒരു സാങ്കല്പിക ലോകത്തെക്കുറിച്ചുള്ള അറിവല്ല. അത് ദൈനംദിന ജീവിതത്തിൽ അടുക്കും ചിട്ടയും ബൗദ്ധികമായും മാനസികമായുമുള്ള തെളിച്ചവും നൽകുന്ന മഹിതമായ അറിവാണ്. അത് വെളിച്ചമാണ്. ഗുരുവിൽ നിന്നും അകലുക എന്നാൽ വെളിച്ചത്തിൽ നിന്നും അകലുക എന്നാണ്. അത് നമ്മെ അന്ധകാരത്തിന്റെ അഗാധഗർത്തത്തിലേക്ക് തള്ളിയിടും. അത് സംഭവിക്കാതിരിക്കട്ടെ. നവവർഷം നൂതനങ്ങളായ ചിന്തകളാൽ അന്തരംഗം നിറയ്‌ക്കാൻ ഗുരുകൃപാ കടാക്ഷം ഏവർക്കും ഉണ്ടാകട്ടെ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SIVAGIRI
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.