കൊച്ചി: പ്രസിദ്ധമായ മറയൂർ ശർക്കര കടൽ കടന്ന് കാനഡയിലേയ്ക്ക്. ഭൗമസൂചിക പദവി സ്വന്തമാക്കിയ മറയൂർ ശർക്കര കാനഡയിലെ ടൊറന്റോയിലേയ്ക്കാണ് പ്രവാസി ഇന്ത്യക്കാരെ ലക്ഷ്യമിട്ട് കയറ്റുമതി നടത്തിയത്. പ്രവാസി ഇന്ത്യക്കാരെ ലക്ഷ്യമിട്ടാണ് ശർക്കര കയറ്റി അയച്ചത്.
ഇടുക്കി ജില്ലയിലെ മറയൂരിലെ 'അഞ്ചുനാട് കരിമ്പ് ഉത്പാദന വിപണന സംഘം നിർമ്മിച്ച ഒരു കണ്ടെയ്‌നർ ശർക്കരയാണ് അഗ്രികൾച്ചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രോഡക്ട്‌സ് എക്‌സ്‌പോർട്ട് ഡെവലപ്‌മെന്റ് അതോറിട്ടി (എ.പി.ഇ.ഡി.എ) വഴി കയറ്റി അയച്ചത്. തിരുവനന്തപുരത്തെ നിലമേൽ എക്‌സ്‌പോർട്സാണ് കയറ്റുമതി നടത്തിയത്.
കേരളത്തിൽ നിന്നുള്ള മറയൂർ ശർക്കര എന്ന് ജൈവസൂചിക നേടിയ ശർക്കരയുടെ നിർമ്മാണത്തിൽ വിദഗ്ദ്ധരാണ് അഞ്ചുനാട് കരിമ്പു ഉത്പാദന വിപണന സംഘം. ഉണ്ട ശർക്കര, ക്യൂബ്, പൊടി, ദ്രാവകം, മസാലകൾ ചേർത്ത മിഠായി തുടങ്ങിയ രൂപങ്ങളിൽ സംഘം ശർക്കര ഉത്പാദിപ്പിക്കുന്നു.
കാനഡയിൽ വിപണി സാദ്ധ്യത
കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ സഞ്ജയ് കുമാർ വർമ്മ ഓൺലൈനിൽ ചരക്ക് ഫ്‌ളാഗ് ഓഫ് ചെയ്തു. 23 ലക്ഷം ഇന്ത്യൻ പ്രവാസികളുള്ള കാനഡയിൽ ഇന്ത്യൻ ഉത്പന്നങ്ങൾക്കു വലിയ വിപണി സാദ്ധ്യതയുണ്ടെന്ന് സഞ്ജയ് കുമാർ വർമ്മ പറഞ്ഞു. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇന്ത്യയിൽ നിന്ന് കാനഡയിലേക്കുള്ള ശർക്കര കയറ്റുമതി ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്. കാനഡയിലെ ശർക്കരയുടെ ആഗോള ഇറക്കുമതിയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യയുടെ പങ്ക് കുറവാണ്. കൂടുതൽ കയറ്റുമതി നടത്തണമെന്ന് അദ്ദേഹം പറഞ്ഞു.
കയറ്റുമതിയിൽ കേരളം
ലോകത്തെ മൊത്തം ശർക്കര ഉത്പാദനത്തിന്റെ 70 ശതമാനം ഇന്ത്യയിലാണ്. 2021-22ൽ ഇന്ത്യ 375.20 ദശലക്ഷം യു.എസ് ഡോളർ മൂല്യമുള്ള 5,51,716.76 ടൺ ശർക്കരയും മധുര ഉത്പന്നങ്ങളും കയറ്റുമതി ചെയ്തു. കരിമ്പ് ശർക്കര കയറ്റുമതി മാത്രം 28.90 ദശലക്ഷം യു.എസ് ഡോളർ മൂല്യമുള്ളതാണ്. അതിൽ 12.14 ശതമാനം കേരളത്തിന്റെ വിഹിതമാണ്.
ഇത് 3.51 ദശലക്ഷം യു. എസ് ഡോളർ വരും. അതായത് ഏകദേശം 30 കോടിയോളം ഇന്ത്യൻ രൂപ. യു.എ.ഇ., സൗദി അറേബ്യ, ഒമാൻ, ഖത്തർ, കുവൈറ്റ്, യു.കെ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് കേരളത്തിൽ നിന്നുള്ള ശർക്കര പ്രധാനമായും കയറ്റുമതി ചെയ്തത്.
70
ലോകത്തെ മൊത്തം ശർക്കര ഉത്പാദനത്തിന്റെ 70 ശതമാനം ഇന്ത്യയിൽ
239
ഇന്ത്യയിൽ നിന്നുള്ള കരിമ്പ് ശർക്കര കയറ്റുമതി മാത്രം 239 കോടി രൂപയോളം വരും
30
കേരളത്തിൽ നിന്നുള്ള ശർക്കര കയറ്റുമതി 30 കോടിയോളം കോടി രൂപയോളം വരും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |