കോട്ടയം : ശബരിമല വിമാനത്താവള പദ്ധതിക്കായി ചെറുവള്ളി എസ്റ്റേറ്റ് അടക്കം എരുമേലി സൗത്ത്, മണിമല വില്ലേജുകളിലായി 2,570 ഏക്കർ സ്ഥലം ഏറ്റെടുക്കാനുള്ള സർക്കാർ ഉത്തരവ് പ്രവാസികളേറെയുള്ള മദ്ധ്യകേരളത്തിന് പുതുവർഷ സമ്മാനമായി. തീർത്ഥാടന-ടൂറിസം മേഖലയ്ക്ക് മുതൽക്കൂട്ടാവുന്ന പദ്ധതിക്ക് വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാൽ മൂന്നു വർഷത്തിനകം പദ്ധതി യാഥാർത്ഥ്യമാക്കാം. കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങളുടെ മാതൃകയിൽ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നിർമ്മിക്കുന്ന വിമാനത്താവളത്തിന് ആദ്യം ചെറുവള്ളി എസ്റ്റേറ്റിലെ ഭൂമി മാത്രമാണ് നിശ്ചയിച്ചിരുന്നത്. അനുബന്ധ പ്രവർത്തനങ്ങൾക്കാണ് പുറത്തുള്ള 307 ഏക്കർ സ്വകാര്യ ഭൂമി ഏറ്റെടുക്കുന്നത്. കാഞ്ഞിരപ്പള്ളി താലൂക്കിലെ 19, 21, 22, 23 ബ്ളോക്കുകളിലെ സ്ഥലമാണ് ഏറ്റെടുക്കുക. 2263.18 ഏക്കർവരുന്ന ചെറുവള്ളി എസ്റ്റേറ്റ് ഭൂമിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് ബിലീവേഴ്‌സ് ചർച്ചുമായി പാലാ സബ് കോടതിയിലുള്ള കേസിന്റെ വിധി നിർണ്ണായകമാണെങ്കിലും ഭൂമിയുടെയും മരങ്ങളുടെയും കെട്ടിടങ്ങളുടെയും പണം കെട്ടിവച്ച് ഭൂമി ഏറ്റെടുക്കാം.
നടപടികൾ
സിയാൽ, കിയാൽ മോഡൽ കമ്പനി രജിസ്റ്റർ ചെയ്യണം. തുടർന്ന് നിക്ഷേപ സമാഹരണം. ടെൻഡർ വിളിച്ച് നിർമ്മാണം.
നേട്ടങ്ങൾ
. ഉയർന്ന പ്രദേശമായതിനാൽ വെള്ളപ്പൊക്ക ഭീഷണിയില്ല
. സമീപം 2 ദേശീയ പാതകൾ, 5 പൊതുമരാമത്ത് പാതകൾ
. റബർമരങ്ങൾ മാത്രം മുറിച്ച് മാറ്റിയാൽ മതി
പ്രയോജനം
ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിലേയ്ക്ക് യാത്ര എളുപ്പം. തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിലുള്ളവർക്കും സൗകര്യം. തീർത്ഥാടന ടൂറിസത്തിനും സുഗന്ധ വ്യഞ്ജന കയറ്റുമതിക്കും സാദ്ധ്യത.
ദൂരം
. പമ്പ : 45 കി.മീ
. കോട്ടയം : 58 കി.മീ
. പത്തനംതിട്ട : 40 കി.മീ
3,500 മീറ്റർ റൺവേ
സംസ്ഥാനത്തെ ഏറ്റവും നീളമുള്ള റൺവേ
തൊട്ടടുത്ത എയർപോർട്ട്
തിരുവനന്തപുരം : 135 കി.മീ
നെടുമ്പാശ്ശേരി : 110 കി.മീ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |