വെള്ളം വെള്ളം സർവത്ര, തുള്ളി കുടിക്കാനില്ലത്രേ. ഇതാണ് ഇന്നത്തെ വയനാട്ടിലെ പ്ലാന്റേഷൻ ഉടമകളുടെ സ്ഥിതി. നൂറ് ഏക്കറോളം തോട്ടമുള്ള ഉടമ 15 സെന്റിൽ ഒരു വീടുവയ്ക്കാൻ പെർമിറ്റ് ചോദിച്ചപ്പോൾ പ്ലാന്റേഷൻ ആയതുകൊണ്ട് പഞ്ചായത്ത് സമിതി അനുമതി നൽകിയില്ല. സ്വന്തമായി വീടുവയ്ക്കാൻ വേറെ ഭൂമി അന്വേഷിക്കണം. അഥവാ ബാങ്കിനെ സമീപിച്ച് ഒരു ലോണെടുക്കാൻ ശ്രമിച്ചാൽ സർഫാസി ബാധകമായതുകൊണ്ട് പ്ലാന്റേഷൻ ഭൂമിക്ക് ലോൺ ലഭിക്കില്ല. മുമ്പെടുത്ത ലോണുകൾ തിരിച്ചെടുക്കണമെങ്കിൽ ജപ്തി നോട്ടീസായാൽ പോലും തന്റെ ഭൂമിയുടെ ഒരു ചെറിയ ഭാഗം വിൽക്കാനും സാധിക്കില്ല. കാരണം പ്ലാന്റേഷൻ ഭൂമി സ്വന്തമായി മുറിച്ചു വിൽക്കാൻ പാടില്ല. കാലാവസ്ഥാ വ്യതിയാനം വന്യജീവിശല്യം, വിലത്തകർച്ച എന്നിവകൊണ്ട് പൊറുതിമുട്ടിയ കർഷകൻ ലാഭമുള്ള ഒരു കൃഷിയിലേക്ക് മാറണമെന്ന് നിശ്ചയിച്ചാൽ തരംമാറ്റിക്കിട്ടാൻ കടമ്പകൾ ഏറെയാണ്.
കർഷകനിയമം നടപ്പാക്കി അരനൂറ്റാണ്ട് കഴിഞ്ഞിട്ടും കർഷകന്റെ പേരിലുള്ള ഇത്തരം പ്രതിസന്ധികൾ പരിഹരിക്കാൻ ഒരു സർക്കാരും തയ്യാറല്ല. പ്ലാന്റേഷൻ ഭൂമി തുണ്ടുകളാക്കരുത് എന്നത് ശരിയാണ്. എന്നാൽ വാണിജ്യപരമായ ഈ പ്രതിസന്ധിഘട്ടത്തിൽ സ്വന്തം ആവശ്യത്തിന് തന്റെ ഭൂമിയുടെ ഒരു ചെറിയ ശതമാനം പോലും ഉപയോഗിക്കാൻ സാധിക്കുന്നില്ലെങ്കിൽ കടത്തിൽ മുങ്ങിക്കിടക്കുന്ന കർഷകന് ഈ ഭൂമികൊണ്ട് എന്തുകാര്യം. സർക്കാർ ന്യായപൂർവം, നീതിയുക്തം മണ്ണിനെ പൊന്നാക്കി വിദേശനാണ്യം നേടിത്തന്ന ഈ കർഷകരുടെ കണ്ണീരൊപ്പാൻ സത്വരനടപടികൾ എടുക്കേണ്ടത് ആവശ്യമാണ്. അല്ലാത്തപക്ഷം അത് വലിയൊരു സാമ്പത്തിക പ്രതിസന്ധിയിലേക്ക് കർഷകരെ മാത്രമല്ല, കാർഷികമേഖലയെ തന്നെ തള്ളിവിടും.
ഒരു കാലത്ത് വലിയ തോട്ടമുടമകൾ ആയിരുന്നതിന്റെ പേരിൽ ഇന്നത്തെ അവരുടെ കുട്ടികളെയും പേരക്കുട്ടികളെയും ദുരിതക്കയത്തിലേക്ക് തള്ളിവിടുന്നത് നീതിയല്ല. കാലാവസ്ഥാ വ്യതിയാനം നമ്മുടെ കാർഷിക സാമ്പത്തികമേഖലകളെ മാത്രമല്ല ആരോഗ്യമേഖലയെപ്പോലും ബാധിച്ചിരിക്കുകയാണ്. കാലം തെറ്റി പെയ്യുന്ന പേമാരികൾ, മണ്ണിടിച്ചിലുകൾ അങ്ങനെ അനേകം പ്രകൃതി ദുരന്തങ്ങൾ നാം അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. നാം പ്രകൃതിയുടെ ഉടമസ്ഥരല്ലെന്നും കാത്തുസൂക്ഷിപ്പുകാർ മാത്രമാണെന്നുമുഉള്ള ബോധം നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നു. മണ്ണിനെയും വെള്ളത്തെയും മലകളെയും പാറകളെയും എല്ലാം വെട്ടിനിരത്തിയും ഇടിച്ചു പൊടിച്ചും യാതൊരു തത്വദീക്ഷയുമില്ലാതെ വികസനത്തിന്റെ പേരിൽ വൻ പ്രകൃതിചൂഷണം നടത്തി. ഇതിന്റെ അനന്തരഫലമാണ് ഈ കാണുന്ന കാലാവസ്ഥാവ്യതിയാനവും പ്രകൃതിക്ഷോഭവും. അതുകൊണ്ടുതന്നെ പ്രകൃതിയെ ചേർത്തുപിടിക്കേണ്ടതും സംരക്ഷിക്കേണ്ടതും മാനവരാശിയുടെ നിലനിൽപ്പിന് ആവശ്യമാണ്. ഇന്ന് അന്താരാഷ്ട്ര സമൂഹവും ഈ സത്യം ഊന്നിപ്പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്നു.
വയനാടിന്റെ പ്രകൃതിസംരക്ഷണത്തിന് മുൻപന്തിയിൽ നിന്ന് പ്രവർത്തിക്കുന്ന സംഘടനയാണ് ബാദുഷയുടെയും തോമസ് അമ്പലവയലിന്റെയും മറ്റും നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പ്രകൃതിസംരക്ഷണസമിതി. വയനാട്ടിൽ നടക്കുന്ന വനംകൊള്ളയ്ക്കും മൃഗവേട്ടയ്ക്കും മണലൂറ്റലിലും ക്വാറി മാഫിയകൾക്കുമെതിരെ നിരന്തരം ശബ്ദിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന വളരെ ക്രിയാത്മകവും ശാസ്ത്രീയവുമായ സമീപനമുള്ള സംഘടനയാണ് വയനാട് പ്രകൃതിസംരക്ഷണസമിതി.
ജയശ്രീ സ്കൂൾ
പുരസ്കാര നിറവിൽ
വയനാട് പ്രകൃതിസംരക്ഷണസമിതി കവയിത്രിയും പ്രകൃതിസ്നേഹിയുമായിരുന്ന സുഗതകുമാരി ടീച്ചറുടെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് പ്രകൃതി സൗഹൃദ വിദ്യാലയത്തിനുള്ള അവാർഡ് നൽകിയത് പുൽപ്പള്ളി ജയശ്രീ സ്കൂളിനാണ്. ജയശ്രീ സ്കൂളിന്റെ വിദ്യാലയപരിസരം അതിമനോഹരമായ മുളംകൂട്ടങ്ങൾ, ഔഷധച്ചെടികൾ, മറ്റനേകം സസ്യജാലങ്ങൾ ഉൾക്കൊള്ളുന്ന ഒരു കൃത്രിമ വനപ്രദേശം തന്നെ സൃഷ്ടിച്ചിരിക്കുകയാണ്. അങ്ങനെ സുഖശീതളിമ നൽകുന്ന ഒരു സസ്യോദ്യാനം വിദ്യാലയത്തിൽ സൃഷ്ടിച്ചെടുക്കാൻ മാനേജ്മെന്റ് കാണിച്ച താത്‌പര്യം അഭിനന്ദനാർഹമാണ്.
കർണാടകയുടെ കാലാവസ്ഥ അതിക്രമിച്ച് കയറുന്ന പുൽപ്പള്ളി പ്രദേശം പതുക്കെപ്പതുക്കെ വരൾച്ചകൊണ്ട് മരുഭൂമിയായി മാറിക്കൊണ്ടിരിക്കുകയാണ്. ജലദൗർലഭ്യം രൂക്ഷമാണ്. പുൽപ്പള്ളിയുടെ കാർഷികമേഖല ഇതുമൂലം വലിയ പ്രതിസന്ധി നേരിടുകയാണ്. ശക്തമായ വനവത്ക്കരണം കൊണ്ടു മാത്രമേ പുൽപ്പള്ളിയെ രക്ഷിക്കാൻ സാധിക്കൂ. ഈ സത്യം മനസിലാക്കി പുതുതലമുറയ്ക്ക് പുതിയ ആദർശവും പ്രചോദനവും നൽകിക്കൊണ്ട് വലിയ വീക്ഷണത്തോടെ പ്രവർത്തിച്ച് ജയശ്രീ സ്കൂളിന് നൽകിയ അവാർഡ് എന്തുകൊണ്ട് അർഹതപ്പെട്ടതും പ്രശംസനീയവുമാണ്. ഇത് മറ്റുള്ളവർക്ക് പ്രചോദനവുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |