ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ ക്ഷേത്രോത്സവ വാദ്യത്തിന് ജാതി വിവേചനമില്ലാതെ എല്ലാവർക്കും അവസരം നൽകണമെന്ന് ആവശ്യപ്പെട്ട് വാദ്യകലാകാരന്മാർ ദേവസ്വം ചെയർമാന് നിവേദനം നൽകി. വാദ്യകലാകാരന്മാരായ ഇരിങ്ങപ്പുറം ബാബു, ചൊവ്വല്ലൂർ മോഹനൻ, ചൊവ്വല്ലൂർ സുനിൽ, സുജിത് മണികണ്‌ഠേശ്വരം, അനിരുദ്ധ് ഗുരുവായൂർ തുടങ്ങിയ കലാകാരന്മാരുടെ നേതൃത്വത്തിലാണ് നിരവധി കലാകാരന്മാർ ഒപ്പിട്ട നിവേദനം ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയന് നൽകിയത്.
ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് നിയമനങ്ങളിൽ സാമുദായിക സംവരണം നടപ്പിലാക്കിയതിലൂടെ പിന്നാക്ക വിഭാഗത്തിലെ പല കലാകാരന്മാർക്കും പ്രാതിനിദ്ധ്യത്തിന് അവസരം ലഭിച്ചിരുന്നു. സാമുദായിക വിവേചനത്തിനും പരിഹാരമായി. ഈ സാഹചര്യത്തിൽ മാർച്ചിൽ നടക്കുന്ന ഉത്സവത്തിന് മേളങ്ങളിലും, തായമ്പകയിലും പങ്കെടുക്കാൻ അപേക്ഷ നൽകുന്ന കലാകാരന്മാരിൽ യോഗ്യതയുള്ളവരെയും ദേവസ്വം വാദ്യകലാനിലയത്തിൽ നിന്ന് പഠിച്ചിറങ്ങിയ കലാകാരന്മാരെയും, ഗുരുവായൂർ പരിസരവാസികളെയും പങ്കെടുപ്പിക്കണമെന്നുമാണ് നിവേദനത്തിൽ ആവശ്യപ്പെട്ടത്.
നേരത്തെയും നിരവധി തവണ വാദ്യകലാ രംഗത്തെ ജാതീയ വിവേചനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ദേവസ്വം ഭരണസമിതിക്ക് പരാതികൾ ലഭിച്ചിരുന്നു.
നാല് വർഷം മുമ്പ് ദേവസ്വം വാദ്യവിദ്യാലയത്തിന്റെ വാർഷികാഘോഷച്ചടങ്ങിൽ അന്ന് ചെയർമാനായിരുന്ന അഡ്വ.കെ.ബി.മോഹൻദാസ് വാദ്യരംഗത്തെ ജാതിവിവേചനം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ കാര്യമായ നടപടികളുണ്ടായില്ല. ശേഷം ഒന്നര വർഷം മുമ്പ് വാദ്യകലാകാരൻ പി.സി വിഷ്ണു രംഗത്തെ ജാതിവിവേചനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ചെയർമാന് കത്ത് നൽകിയതോടെ വിഷയം വീണ്ടും സജീവമായി. പിന്നീട് നിയമനം ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിന് വിട്ടതോടെ നിയമനങ്ങളിൽ സാമുദായിക സംവരണത്തിലൂടെ പ്രാതിനിദ്ധ്യം ഉറപ്പുവരുത്താമെന്ന സ്ഥിതിയായി. പട്ടികജാതിക്കാരനായ സതീഷിന് തകിൽ വാദ്യക്കാരനായി നിയമനം ലഭിച്ചു. പിന്നാലെ പല പിന്നാക്കവിഭാഗക്കാർക്കും അവസരം ലഭിച്ചു. നിവേദനത്തിൽ അനുഭാവപൂർവം നടപടിയെടുക്കാൻ നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ദേവസ്വംമന്ത്രിക്കും കലാകാരന്മാർ നിവേദനം നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |