SignIn
Kerala Kaumudi Online
Wednesday, 24 April 2024 1.52 AM IST

പുതിയ പ്രതീക്ഷകളിലേറി പുതുവത്സരം

photo

ലോകത്തെ മുൾമുനയി​ൽ നി​റുത്തി​യ കൊവി​ഡ് മഹാമാരി​യുടെ ആശങ്കകൾ വീണ്ടും ഉണർത്തി​യാണ് പുതുവർഷത്തി​ന്റെ വരവ്. 2019 ഡിസംബർ മുതൽ ലോകത്തെ അപ്പാടെ സമാനതകളില്ലാത്ത പ്രതിസന്ധിയിലാക്കി കൊവി​ഡ്. കഴിഞ്ഞ മൂന്നു വർഷവും പുതുവത്സരം വലിയ ആഘോഷങ്ങളില്ലാതെയാണ് കടന്നുപോയത്. ഇക്കുറി പാശ്ചാത്യരാജ്യങ്ങൾ കൊടുംതണുപ്പിന്റെ പിടിയിലാണ്. തീരാത്ത യുക്രെയിൻ യുദ്ധത്തിന്റെ പ്രതിഫലനങ്ങൾ ആഗോളതലത്തിലുണ്ട്. മഹാമാരി​യുടെ തുടർച്ചയായ സാമ്പത്തി​ക മാന്ദ്യം മാറി​യി​ട്ടുമി​ല്ല. ഇതെല്ലാമാണെങ്കിലും 2023 പുതുവർഷപ്പിറവിയെ ഏറെ പ്രതീക്ഷയോടെയാണ് ദേശഭേദമില്ലാതെ ലോകം കാത്തിരിക്കുന്നത്. അതിനിടെയാണ് വീണ്ടും ചൈനയിൽ നിന്ന് മഹാമാരിയുടെ പുതിയ വകഭേദം പൊട്ടിപ്പുറപ്പെട്ടെന്ന വാർത്തകൾ. എത്രയോ പ്രതിസന്ധികൾ തരണം ചെയ്തതാണ് മനുഷ്യസമൂഹം. ഇനിയും നമ്മൾ ഇതെല്ലാം അതിജീവിക്കും. അതാണ് ചരിത്രം. ചൈന കഴിഞ്ഞാൽ ലോകത്തെ ഏറ്റവുമധികം ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ. നമ്മുടെ സാമൂഹ്യ ചുറ്റുപാടുകളും ജീവിത സാഹചര്യങ്ങളും വച്ചുനോക്കിയാൽ ക്ഷിപ്രവേഗം പകരുന്ന കൊവിഡ് മഹാമാരി രാജ്യത്തെ തച്ചുതകർക്കേണ്ടതായിരുന്നു. എന്നാൽ മറ്റ് രാജ്യങ്ങൾക്ക് മാതൃകയായ രീതിയിൽ ഈ പ്രതിസന്ധിയെ നമുക്ക് മറികടക്കാനായി. പ്രതിരോധ വാക്സിനുകൾ സ്വന്തമായി വികസിപ്പിച്ച് കയറ്റുമതി ചെയ്തു. വളരെ കാര്യക്ഷമമായി രാജ്യത്തെ ഭൂരിഭാഗം ജനങ്ങൾക്ക് വാക്സിനേഷൻ നടത്തി. ഇനി​യൊരു കൊവി​ഡ് ഭീഷണി​യെ വാക്സി​നേഷൻ ബലത്തി​ൽ സുഖമായി​ കൈകാര്യം ചെയ്യാനാവുമെന്നാണ് കരുതപ്പെടുന്നത്.

ഇന്ത്യയെ പോലൊരു രാജ്യം മഹാമാരിയെ നേരിട്ട രീതി വികസിത രാജ്യങ്ങൾ വിസ്മയത്തോടെയാണ് നോക്കിക്കണ്ടത്. എന്നിട്ടും ഇവിടെ 4.46 കോടി പേരെ വൈറസ് ബാധിച്ചെന്നും 5.30 ലക്ഷം പേർ മരിച്ചെന്നുമാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. കേരളത്തി​ൽ മരി​ച്ചത് 70,000 ഓളം പേരാണ്. ഒരുപക്ഷേ പ്രതിരോധം പാളിയിരുന്നെങ്കിൽ രാജ്യത്തെ സ്ഥിതി എന്താകുമായിരുന്നെന്ന് ഉൗഹിക്കാൻ പോലും കഴിയില്ല. ലോക്ക്ഡൗണിൽ മാസങ്ങൾ വീടുകൾക്കുള്ളിൽ അടച്ചിരുന്ന ജനകോടികളെ പട്ടിണിക്കിടാതെ ഭക്ഷണവും മരുന്നും നൽകി സംരക്ഷിച്ച കേന്ദ്ര, സംസ്ഥാന സർക്കാരുകളെ നമിച്ചേ തീരൂ. ഇത്തരം പൊതുജന ആരോഗ്യ പ്രതിസന്ധിയെ തരണം ചെയ്യാനുള്ള അനുഭവസമ്പത്തും വിഭവശേഷിയും നേതൃത്വവും നമ്മുടെ രാജ്യത്തിനുണ്ടെന്ന് തെളിഞ്ഞു കഴിഞ്ഞതാണ്. അതുകൊണ്ടുതന്നെ അനാവശ്യ ആശങ്കകളിലേക്ക് നീങ്ങേണ്ട കാര്യമില്ല. പക്ഷേ കൊവിഡിന്റെ ദുരന്തഫലങ്ങൾ സാമ്പത്തികരംഗത്ത് ഏൽപ്പിച്ച ആഘാതം മാരകമായിരുന്നു. അത് സൃഷ്ടിച്ച പ്രതിസന്ധികളിൽ നിന്ന് ഇതുവരെ നാം മുക്തരായിട്ടില്ല. തകർന്ന് തരിപ്പണമായ വാണിജ്യ, വ്യവസായ, സാമ്പത്തി​ക മേഖലകൾ പതിയെപ്പതിയെ സാധാരണ നിലയിലേക്ക് വരികയാണ്. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന്റെ കാര്യമായിരുന്നു അതിൽ ഏറ്റവും പരിതാപകരം. കൊവിഡിന്റെ രണ്ടാം വരവ് നമ്മുടെ സംസ്ഥാനത്തും ആധിയും ഭീതിയും ഉണർത്തുന്നുണ്ടെന്ന കാര്യം അവഗണിക്കാനാവില്ല. പ്രത്യേകിച്ച് വാണിജ്യമേഖലയിൽ. കൊവിഡ് കാലത്തിന് മുമ്പേ തന്നെ സംസ്ഥാനം ഭീമമായ കടക്കെണിയിലാണ്. തട്ടിമുട്ടിയാണ് മുന്നോട്ടുപോകുന്നത്. ഇനിയൊരു പ്രതിസന്ധി കേരളത്തിന്റെ സാമ്പത്തികരംഗം താങ്ങില്ല. അതിനാൽ രണ്ടാം കൊവിഡ് വരവ് ഉണ്ടാവുകയാണെങ്കിൽ പരിഭ്രാന്തി കൂടാതെ, ഏറ്റവും സൂക്ഷ്മതയോടെ, കരുതലോടെ നേരിടാനുള്ള മുന്നൊരുക്കങ്ങൾക്കുള്ള നടപടികളും കാലേകൂട്ടി തന്നെ സ്വീകരിക്കേണ്ടതാണ്. ജനമനസുകളിൽ ആത്മവിശ്വാസം വളർത്താനും അത് സഹായിക്കും. ഇതിന്റെ ഉത്തരവാദിത്വം സർക്കാരുകളിൽ മാത്രം അർപ്പിക്കാതെ ഏറ്റെടുക്കാൻ ഓരോ വ്യക്തിയും സന്നദ്ധ സംഘടനകളും പൊതുപ്രവർത്തകരും തയ്യാറെടുപ്പുകൾ നടത്തുന്നത് നല്ലതാണ്. കേരളത്തിലെ ക്ഷേത്രങ്ങളി​ലെയും പള്ളി​കളി​ലെയും ഉത്സവ സീസണാണ് ഇപ്പോൾ. പതിനായിരങ്ങൾ പങ്കെടുക്കുന്ന പ്രശസ്തമായ ഉത്സവങ്ങൾ വരുന്ന മാസങ്ങളിലുണ്ടാകും. പുതുവത്സരവും ആഘോഷമാക്കാനുള്ള ഒരുക്കങ്ങളിലാണ് നാടും ജനങ്ങളും. ടൂറിസ്റ്റ് സീസണായതിനാൽ വിദേശികൾ ഉൾപ്പടെ അന്യദേശക്കാർ ഒട്ടേറെ കേരളത്തിലേക്കെത്തുന്നുണ്ട്. ലോകമെമ്പാടുമുള്ള നമ്മുടെ നാട്ടുകാരും പതി​വായി​ ഇവി​ടേക്ക് വന്നുപോകുന്നുണ്ട്. പരീക്ഷാമാസങ്ങളും പടി​വാതി​ൽക്കലെത്തി​. ഇതെല്ലാം മുന്നിൽക്കണ്ടു വേണം സർക്കാർ സംവിധാനങ്ങൾ തയ്യാറെടുപ്പുകൾ നടത്തേണ്ടത്. എയർ പോർട്ടുകളി​ൽ നി​യന്ത്രണങ്ങൾ വന്നുതുടങ്ങി​. പരിഭ്രാന്തി പരത്താതെ ആവശ്യമായ മുൻകരുതൽ നടപടികളെക്കുറി​ച്ച് ജനങ്ങളെ ബോധവത്കരി​ക്കാൻ വേണ്ട കാര്യങ്ങളും അധികൃതർ ചെയ്യണം.

മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന സർക്കാരിന്റെ കൊവിഡ് അവലോകന യോഗം സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ട്. 60 കഴിഞ്ഞ എല്ലാവരും ബൂസ്റ്റർ വാക്സിൻ സ്വീകരിക്കണമെന്നും യോഗം നിർദേശിക്കുന്നു. ആവശ്യത്തിന് ഓക്സിജൻ ശേഖരമുണ്ടെന്നും സുസജ്ജമാണെന്നും ആരോഗ്യമന്ത്രി വീണാജോർജ് വ്യക്തമാക്കിയിട്ടുണ്ട്.

നിർഭാഗ്യവശാൽ ഇപ്പോൾ വാക്സിനേഷൻ നടപടികൾ പൊതുവേ മന്ദീഭവിച്ച അവസ്ഥയാണ്. മെട്രോ നഗരിയായ കൊച്ചിയിൽ സർക്കാർ ആശുപത്രികളിൽ ഒരു ഡോസ് വാക്സിൻ പോലും ഇല്ലെന്നാണ് അറിയാൻ കഴിയുന്നത്. ബൂസ്റ്റർ ഡോസുകളുടെ വാക്സിനേഷനുകളും ഏതാണ്ട് അസ്തമിച്ച മട്ടാണ്. രോഗഭീതി​ അകന്നതോടെ ജനങ്ങളും വാക്സി​നേഷനെക്കുറി​ച്ച് ചി​ന്തി​ക്കുന്നതേയി​ല്ല. മാസ്കുപയോഗവും പലരും നി​റുത്തി. കൊവിഡ് മാനദണ്ഡങ്ങൾ നിലവിലുണ്ടെങ്കിലും അവ കൃത്യമായി പാലിക്കപ്പെടുന്നുമില്ല. ഇത്തരം വീഴ്ചകളാണ് വലിയ ദുരന്തങ്ങളിലേക്ക് നയിക്കുക. സംസ്ഥാന ആരോഗ്യവകുപ്പ് ഉണർന്ന് പ്രവർത്തിക്കേണ്ട സമയമാണ്. മഹാമാരി വ്യാപനം ഇനി ഉണ്ടാകാതിരിക്കട്ടെ. പക്ഷേ ഉണ്ടായാലും ഇല്ലെങ്കിലും നേരിടാൻ നാം സജ്ജമായിരിക്കണം. ജനങ്ങളിൽ ആത്മവിശ്വാസം വളർത്താനും അത് ഉപകരിക്കും. പ്രതിരോധം ഓരോ വ്യക്തി​യുടേയും ബാദ്ധ്യതയായി​ മാറണം. പുതുവർഷം ലോകമെമ്പാടും സമ്പത്തും ഐശ്വര്യവും സമാധാനവും ആരോഗ്യവും കൊണ്ടുവരാനായാണ് നാമെല്ലാം പ്രാർത്ഥി​ക്കുകയും പ്രവർത്തി​ക്കുകയും വേണ്ടത്. ജാതി​യും മതവും രാഷ്ട്രീയവും സമ്പത്തുമുൾപ്പടെ സകല ഭേദഭാവങ്ങളും മാറ്റി​വച്ച് ഒറ്റക്കെട്ടായി​ മലയാളി​കൾ ലോകത്തി​ന് മാതൃക കാട്ടണം. പ്രപഞ്ചത്തിലെ സമസ്ത ജീവജാലങ്ങളും സൗഖ്യമായി​രി​ക്കട്ടെ എന്നാണ് സനാതന ധർമ്മം പറയുന്നത്. അത് തന്നെയാകട്ടെ നമ്മുടെ ലക്ഷ്യവും. ഏവർക്കും പുതുവത്സരാശംസകൾ നേരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: YOGANADHAM
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.