ലക്നൗ : കന്യാകുമാരിയിൽ നിന്നും കാശ്മീരിനെ ലക്ഷ്യമാക്കിയുള്ള ഭാരത് ജോഡോ യാത്ര ഡൽഹിയിൽ നിന്നും ഉത്തർപ്രദേശിലേക്ക് കടക്കാനിരിക്കെ രാമജന്മഭൂമി ക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ രാഹുൽ ഗാന്ധിക്ക് കത്തയച്ചു.
ശ്രീരാമന്റെ അനുഗ്രഹം എപ്പോഴും കൂടെയുണ്ടാവട്ടേ എന്ന് ആശംസിച്ചുകൊണ്ടാണ് മുഖ്യ പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ് കത്തിലൂടെ രാഹുലിന് പിന്തുണ അറിയിച്ചത്.
'നിങ്ങൾ പോരാടുന്ന ദൗത്യം വിജയിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, നിങ്ങളുടെ ദീർഘായുസിനായി ഞാൻ നിങ്ങളെ അനുഗ്രഹിക്കുന്നു, അതിനായി പ്രാർത്ഥിക്കുന്നു. ജനങ്ങളുടെ താൽപ്പര്യത്തിനും അവരുടെ സന്തോഷത്തിനുമായുള്ള മഹത്തായ ലക്ഷ്യത്തിനായി നിങ്ങൾ പ്രവർത്തിക്കുന്നു, ശ്രീരാമന്റെ അനുഗ്രഹം നിങ്ങൾക്ക് എപ്പോഴും ഉണ്ടായിരിക്കട്ടെ
എന്ന് കത്തിലൂടെ പുരോഹിതൻ ആശംസയറിയിച്ചു.
രാമജന്മഭൂമി ക്ഷേത്രത്തിലെ മുഖ്യ പുരോഹിതന് യാത്രയിൽ പങ്കെടുക്കാൻ ആഗ്രഹമുണ്ടായിരുന്നെന്നും എന്നാൽ ആരോഗ്യപരമായ കാരണങ്ങളാൽ അദ്ദേഹത്തിന് അത് സാധിക്കില്ലെന്നും കോൺഗ്രസ് പാർട്ടിയുടെ അയോധ്യയിലെ ജില്ലാ വക്താവ് സുനിൽ കൃഷ്ണ ഗൗതം പറഞ്ഞു. ഇതിനാൽ കത്തിലൂടെ അദ്ദേഹം ധാർമിക പിന്തുണ വാഗ്ദ്ധാനം ചെയ്‌തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒമ്പത് ദിവസത്തെ ഇടവേളയ്ക്ക് ശേഷം രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ചൊവ്വാഴ്ച ഡൽഹിയിൽ പുനരാരംഭിച്ചു. ഹിമാചൽ പ്രദേശ് വഴി ജമ്മു കശ്മീരിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്ര ഇന്ന് വൈകുന്നേരത്തോടെ ഉത്തർപ്രദേശിൽ പ്രവേശിക്കും. കോൺഗ്രസ് നേതാക്കളുടെ ആവശ്യപ്രകാരം യാത്രയ്ക്ക് പൊലീസ് സുരക്ഷ വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |