SignIn
Kerala Kaumudi Online
Saturday, 02 August 2025 12.29 AM IST

ബഹിരാകാശം ; കുതിപ്പും കാത്തിരിപ്പും

Increase Font Size Decrease Font Size Print Page

aditya-l-1

കൊവിഡിന് ശേഷം ഐ.എസ്.ആർ.ഒ.കൂടുതൽ ഉൗർജ്ജസ്വലതയോടെ ഗവേഷണ, വിക്ഷേപണ ദൗത്യങ്ങളിലേക്ക് തിരിച്ചെത്തിയ വർഷമായിരുന്നു 2022. ഐ.എസ്.ആർ.ഒ.യുടെ ചെയർമാനായി മലയാളിയായ എസ്.സോമനാഥ് ചുമതലയേറ്റ വർഷവുമാണ് 2022. ഡോ.കെ.ശിവന് പിന്നാലെ ജനുവരി 15നാണ് വി.എസ്.എസ്.സി.ഡയറക്ടറായിരുന്ന എസ്.സോമനാഥ് ഐ.എസ്.ആർ.ഒ.യുടെ പുതിയ ചെയർമാനായി എത്തിയത്. കൊവിഡ് നിശ്ചലമാക്കിയ രണ്ടുവർഷങ്ങൾക്ക് ശേഷം ഐ.എസ്.ആർ.ഒ. ബഹിരാകാശശാസ്ത്ര മേഖലയിലും പുതിയ ഉണർവോടെ കുതിപ്പ് വീണ്ടെടുത്ത വർഷം കൂടിയാണ് 2022.

ശാസ്ത്രസാങ്കേതിക ഗവേഷണമേഖലയിൽ നിരവധി നേട്ടങ്ങളിലേക്ക് ചുവടുവയ്ക്കാൻ പോയവർഷം ഐ.എസ്.ആർ.ഒ.യ്ക്കായി. ഐ.എസ്.ആർ.ഒ.യുടെ എക്കാലത്തേയും മികച്ച വിക്ഷേപണവാഹനമായ പി.എസ്.എൽ.വി.യെ ഇനി അധികം ആശ്രയിക്കേണ്ടെന്ന് തീരുമാനിച്ചതാണ് പോയവർഷത്തെ നിർണായക നയംമാറ്റം. പി.എസ്.എൽ.വി.നിർമ്മാണം സ്വകാര്യമേഖലയ്ക്ക് കൈമാറും. ന്യൂജെൻ വിക്ഷേപണവാഹനത്തിന്റെ നിർമ്മാണം പ്രഖ്യാപിച്ചതും 2022ലെ വലിയ തീരുമാനമായി. ബഹിരാകാശ ഗവേഷണ വിക്ഷേപണരംഗത്തേക്ക് സ്വകാര്യമേഖലയെ കൊണ്ടുവരാനും മറ്റ് വലിയ ദൗത്യങ്ങളിലേക്ക് ഐ.എസ്.ആർ.ഒ. കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചതും പോയ വർഷമാണ്. സ്വകാര്യമേഖലയിൽ ആദ്യവിക്ഷേപണം,സ്വകാര്യ റോക്കറ്റ് വിക്ഷേപണത്തറ, സ്വകാര്യമേഖലയിൽ ആദ്യറോക്കറ്റ് നിർമ്മാണം, വാണിജ്യവിക്ഷേപണത്തിന് ആദ്യമായി ജി.എസ്.എൽ.വി.മാർക്ക് ത്രീയുടെ ഉപയോഗം എന്നിവ കഴിഞ്ഞവർഷം രാജ്യം കണ്ടു. തിരുവനന്തപുരത്തെ വി.എസ്.എസ്.സി. ഡയറക്ടറായി പ്രമുഖ ശാസ്ത്രജ്ഞൻ ഡോ.എസ്.ഉണ്ണികൃഷ്ണൻനായർ ചുമതലയേറ്റതും കഴിഞ്ഞ വർഷമാണ്.

പി.എസ്.എൽ.വി.സി. 54 ദൗത്യവും സ്കൈറൂട്ട് എയ്റോ സ്‌പേസിന്റെ പ്രാരംഭ് മിഷനും വൺ വെബ് ഇന്ത്യൻ 1 മിഷനും ഇന്ത്യയുടെ ആദ്യത്തെ വെർച്വൽ സ്‌പേസ് മ്യൂസിയവും ഗഗൻയാൻ ബഹിരാകാശ മനുഷ്യദൗത്യവുമായി ബന്ധപ്പെട്ട പാരച്യൂട്ട് ടെസ്റ്റുമാണ് കഴിഞ്ഞ 2022 ലെ പ്രധാന നേട്ടങ്ങൾ. ഇന്ത്യയുടെ ആദ്യത്തെ സ്മാൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ പരീക്ഷിച്ചു. ഭാരമേറിയ ഉപഗ്രഹ വിക്ഷേപണത്തിനുള്ള ജി.എസ്.എൽ.വി. മാർക്ക് ത്രീ റോക്കറ്റ് ചരിത്രത്തിലാദ്യമായി വാണിജ്യ വിക്ഷേപണത്തിന് ഉപയോഗിച്ചു. ഭൂട്ടാന് വേണ്ടി ആദ്യമായി ഉപഗ്രഹം വിക്ഷേപിച്ചു. സ്വകാര്യമേഖലയിൽ വികസിപ്പിച്ച ആദ്യവിക്ഷേപണ റോക്കറ്റ് വിക്രം 5 പരീക്ഷിച്ചു. തുമ്പയിലെ സൗണ്ടിംഗ് റോക്കറ്റ് വിക്ഷേപണത്തിന്റെ 75 -ാം വാർഷികവും ആഘോഷിച്ചു.

സുപ്രധാന നേട്ടങ്ങൾ

1.ജനുവരി 12ന് മഹേന്ദ്രഗിരിയിലെ പ്രൊപ്പൽഷൻ കോംപ്ളക്സിൽ ഗഗൻയാനിന് വേണ്ടി ക്രയോജനിക് എൻജിന്റെ പരിഷ്‌കരിച്ച പതിപ്പ് വളരെ വിജയകരമായി പരീക്ഷിച്ചു. 720 സെക്കൻഡ് പ്രവർത്തിപ്പിച്ചു.

2.ഫെബ്രുവരിയിൽ ചന്ദ്രയാൻ 2 ലെ ഉപകരണമായ ലാർജ് ഏരിയ സോഫ്റ്റ് എക്സ്റേ സ്പെക്ട്രോമീറ്റർ ബഹിരാകാശത്ത് മനുഷ്യന് ഹാനികരമായേക്കാവുന്ന തരത്തിൽ സോളാർ പ്രോട്ടോൺ ഇവന്റ് പ്രവാഹമുണ്ടാക്കുമെന്ന് കണ്ടെത്തി. ബഹിരാകാശ ഗവേഷണമേഖലയിൽ വൻ നേട്ടമായ കണ്ടെത്തലായിരുന്നു ഇത്.

3. ആഗസ്റ്റ് ഏഴിന് ഉപഗ്രഹ വിക്ഷേപണത്തിനുള്ള ഇന്ത്യയു‌ടെ ചെറിയ റോക്കറ്റായ എസ്.എസ്.എൽ.വി. പരീക്ഷിച്ചു.

4. നവംബർ 26ന് ഒാഷൻസാറ്റ് 3 വിക്ഷേപിച്ചു

5.ഇ.ഒ.എസ്.04 പി.എസ്.എൽ.വി.റോക്കറ്റ് ഉപയോഗിച്ച് ഫെബ്രുവരി 14ന് വിക്ഷേപിച്ചു.

6.ഡിസംബർ ഒൻപതിന് ആദ്യമായി ഹൈപ്പർ സോണിക് വെഹിക്കിൾ ട്രയൽ നടത്തി. ശബ്‌ദത്തേക്കാൾ ആറിരട്ടി വേഗത്തിലാണ് ഇത് വിജയകരമായി പറന്നത്. ചൈന,റഷ്യ,അമേരിക്ക തുടങ്ങിയ രാജ്യങ്ങൾക്കുശേഷം ഇൗ നേട്ടം കൈവരിക്കുന്ന ആദ്യ രാജ്യമായി ഇന്ത്യ.

7. നവംബർ 25ന് രാജ്യത്തെ ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപണ ലോഞ്ച് പാഡ് ശ്രീഹരിക്കോട്ടയിൽ സ്ഥാപിച്ചു. അഗ്നികൂൽ കോസ്മോസാണ് ഇത് സ്ഥാപിച്ചത്.

8.നവംബർ 18ന് ഉത്തർപ്രദേശിലെ ഝാൻസിയിൽ ബിബിന എയർ ഫീൽഡിൽ ഗഗൻയാനിലെ ക്രൂമൊഡ്യൂളിന്റെ പാരച്യൂട്ട് ലാൻഡിംഗ് ടെസ്റ്റ് നടത്തി.

9.സെപ്തംബറിൽ ഹൈബ്രിഡ് മോട്ടോർ ടെസ്റ്റ്, ആഗസ്റ്റിൽ ഹ്യൂമൻ റേറ്റഡ് ബൂസ്റ്റർ ടെസ്റ്റും നടത്തി.

ഭൂട്ടാന് ഉപഗ്രഹം

കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്രമോദി നൽകിയ വാഗ്ദാനമാണ് ഭൂട്ടാന് സ്വന്തമായി ഉപഗ്രഹം. ഐ.എൻ.എസ് 2ബി. എന്ന ഭൂട്ടാന്റെ കുഞ്ഞൻ ഉപഗ്രഹത്തിൽ രണ്ട് ഉപകരണങ്ങളുണ്ട്. വ്യക്തമായ ചിത്രങ്ങളെടുക്കുന്ന നാനോ എം.എക്സ് എന്ന ഒപ്‌റ്റിക്കൽ ഇമേജിംഗ് കാമറയും എ.പി.ആർ.എസ്. ഡിജിപേറ്റർ എന്ന ഉപകരണവും. ബാംഗ്ളൂരിലെ യു.ആർ. റാവു സയിന്റിഫിക് സെന്ററിന്റെ സഹായത്തോടെയാണിത് വികസിപ്പിച്ചത്. 30കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം ദിവസത്തിൽ മൂന്ന് തവണ ഭൂട്ടാന്റെ മേലെയെത്തും. ചിത്രങ്ങൾ പകർത്തി ഭൂമിയിലേക്ക് അയയ്ക്കും.

2023ലെ പ്രധാന

വിക്ഷേപണദൗത്യങ്ങൾ

കൊവിഡിന് ശേഷം ബഹിരാകാശ ഗവേഷണ,വിക്ഷേപണ പ്രവർത്തനങ്ങൾ സജീവമാക്കിയ ഐ.എസ്.ആർ.ഒ പുതുവർഷത്തിൽ നിർണായകമായ നിരവധി ദൗത്യങ്ങൾക്ക് ഒരുങ്ങികഴിഞ്ഞു. ഇൗ വർഷം ഇന്ത്യയുടെ അഭിമാന പദ്ധതിയായ ഗഗൻയാൻ മനുഷ്യദൗത്യം,ചന്ദ്രയാൻ 3, സൂര്യപര്യവേഷണ ദൗത്യം എന്നിവയ്ക്ക് ഐ.എസ്.ആർ.ഒ തുടക്കമിടും. നിരവധി വാണിജ്യവിക്ഷേപണങ്ങളും നടത്തുന്നുണ്ട്. വിദേശരാജ്യങ്ങൾക്ക് ഉൾപ്പെടെ ഇതുവരെ 381 ഉപഗ്രഹങ്ങളാണ് ഐ.എസ്.ആർ.ഒ. വിക്ഷേപിച്ചിട്ടുള്ളത്.

ഗഗൻയാൻ

അടുത്തവർഷം പകുതിയോടെ ഗഗൻയാൻ യാഥാർത്ഥ്യമാക്കാൻ ഇന്ത്യ തീരുമാനിച്ചുകഴിഞ്ഞു. പ്രവർത്തനങ്ങളെല്ലാം ഏതാണ്ട് പൂർത്തിയായി. 2023 പകുതിയോടെ ഗഗൻയാനിന് തുടക്കംകുറിച്ച് ആദ്യ ആളില്ലാ പേടകം വിക്ഷേപിക്കും. ഇത്തരത്തിൽ രണ്ട് വിക്ഷേപണങ്ങളാണ് ഗഗൻയാൻ ദൗത്യത്തിന് മുമ്പ് പൂർത്തിയാക്കുക. 12400കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

ആദിത്യ എൽ.1

കൊവിഡ് മൂലം കഴിഞ്ഞവർഷം മാറ്റിവെച്ച സൂര്യപര്യവേഷണ ദൗത്യമായ ആദിത്യ എൽ.വൺ ദൗത്യം 2023 മാർച്ചിൽ നടത്തും. സൂര്യനിലെ സോളാർ കൊറോണയെകുറിച്ച് കൂടുതൽ മനസിലാക്കുകയാണ് ലക്ഷ്യം. ഭൂമിയിൽനിന്ന് പതിനഞ്ച് ലക്ഷം കിലോമീറ്റർ അകലെവരെ യാത്ര ചെയ്യുന്ന ആദിത്യപേടകം ഇതുവരെ ഐ.എസ്.ആർ.ഒ. നടത്തിയ ദൗത്യങ്ങളിൽ ഏറ്റവും സങ്കീർണമായ ഒന്നാണ്. 378കോടി രൂപയാണ് ചെലവ്.

ചന്ദ്രയാൻ 3

ചന്ദ്രയാൻ 2 പ്രതീക്ഷിച്ച രീതിയിൽ വിജയം കാണാതിരുന്നതിനെ തുടർന്ന് ആവിഷ്‌കരിച്ച ചന്ദ്രയാൻ 3 ദൗത്യം കൊവിഡ് മഹാമാരി മൂലമാണ് വൈകിയത്. 2023 ജൂണിൽ ജി.എസ്.എൽ.വി. മാർക്ക് ത്രീ റോക്കറ്റ് ഉപയോഗിച്ചാണ് ചന്ദ്രയാൻ പേടകം വിക്ഷേപിക്കുക. ചെലവ് 615കോടി രൂപ

എക്സ്റേ പോളാറി

മീറ്റർ സാറ്റലൈറ്റ്

പ്രപഞ്ചത്തിന്റെ ഉൽപത്തിയും ബഹിരാകാശത്തിന്റെ സ്വഭാവസവിശേഷതകളും പഠിക്കാനുള്ള ദൗത്യമാണ് എക്സ്റേ പോളാറി മീറ്റർ സാറ്റലൈറ്റ്. 2023മേയ് മാസത്തിലാണിത് വിക്ഷേപിക്കുക. നിരീക്ഷണ ഉപഗ്രഹമാണിത്. എസ്.എസ്.എൽ.വി. യുടെ രണ്ടാം വിക്ഷേപണവും ആയിരിക്കും ഇത്. ചെലവ് 95 കോടിരൂപ

നിസാർ വിക്ഷേപണം

നാസയുമായി ചേർന്ന് 2023 ഡിസംബറിൽ നടത്താനുദ്ദേശിക്കുന്ന ദൗത്യമാണിത്. ഭൂമിയെ നിരീക്ഷിക്കുന്ന ഉപഗ്രഹം നാസയുമായി ചേർന്നാണ് നിർമ്മിക്കുകയും വിക്ഷേപിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുക. സിന്തറ്റിക് അപ്പർചർ റഡാർ എന്ന പേരുളള നിസാർ ഉപഗ്രഹത്തിന്റെ ചെലവ് 1.5ബില്യൺ അമേരിക്കൻ ഡോളറാണ്.

TAGS: ISRO SPACE MISSION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.