തിരുവനന്തപുരം: ക്ഷീരമേഖലയ്ക്ക് വെല്ലുവിളിയും ക്ഷീരകർഷകർക്ക് ആശങ്കയുമുയർത്തി പശുക്കളിലും എരുമകളിലും പടർന്നുപിടിക്കുന്ന ചർമ്മമുഴ രോഗത്തെ (ലംപി സ്കിൻ ഡിസീസ്) ചെറുക്കുന്നതിന് വാക്‌സിനേഷൻ ഊർജ്ജിതമാക്കാൻ മൃഗസംരക്ഷണവകുപ്പ് തീരുമാനിച്ചു. ഈ മാസം 15 മുതൽ സംസ്ഥാനത്തെ എല്ലാ പശുക്കൾക്കും എരുമകൾക്കും വാക്‌സിൻ നൽകാനാണ് ഒരുങ്ങുന്നത്. ഇതിനായി 9 ലക്ഷം ഡോസ് വാക്‌സിൻ വാങ്ങി. ആവശ്യമെങ്കിൽ കൂടുതൽ എത്തിക്കും.
സംസ്ഥാനത്ത് 8,000 പശുക്കളിലാണ് നിലവിൽ രോഗം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. സ്ഥിരീകരിച്ച പ്രദേശത്തിന് അഞ്ചു കിലോമീറ്റർ ചുറ്റളവിലെ പശുക്കൾക്ക് റിംഗ് വാക്സിനേഷൻ നടത്തി രോഗപ്രതിരോധമൊരുക്കും.
തിരുവനന്തപുരം, പാലക്കാട്, മലപ്പുറം, കാസർകോട് ജില്ലകളിലാണ് രോഗം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ വർഷം കേരളത്തിൽ 4,928 കന്നുകാലികൾക്ക് ചർമ്മമുഴ ബാധിച്ചിരുന്നു. ഇതിൽ 59 എണ്ണം ചത്തു. 2019ലാണ് കേരളത്തിൽ ചർമ്മ മുഴരോഗം ആദ്യമായി റിപ്പോർട്ട് ചെയ്തത്.
ചർമ്മമുഴ രോഗം
ആഫ്രിക്കയിലും മദ്ധ്യപൂർവേഷ്യൻ രാജ്യങ്ങളിലും റഷ്യയിലും വ്യാപകമായ ലംപി സ്കിൻ ഡിസീസ് 2019 ഫെബ്രുവരിയിലാണ് ഒറീസയിൽ റിപ്പോർട്ട് ചെയ്തത്. അതേവർഷം കേരളത്തിലുമെത്തി. കാപ്രിപോക്സ് ഇനത്തിലെ എൽ.എസ്.ഡി വൈറസുകളാണ് രോഗത്തിനു കാരണം. രോഗവാഹകരായ ചിലയിനം പട്ടുണ്ണികൾ (ചെള്ള് ), സ്റ്റോമോക്സിസ് ഇനത്തിൽപ്പെട്ട കടിയീച്ചകൾ, ചിലയിനം കൊതുകുകൾ എന്നിവ മുഖേനയാണ് രോഗം പകരുന്നത്. രോഗമുള്ളവയുമായുള്ള സമ്പർക്കം മൂലവും തള്ളയിൽ നിന്നു പാൽ വഴി കുഞ്ഞുങ്ങളിലേക്കും അപൂർവ്വമായി രോഗം പകരാറുണ്ട്.
രോഗലക്ഷണങ്ങൾ
1 - 5 സെന്റീമീറ്റർ വ്യാസത്തിൽ ചർമ്മത്തിൽ കാണുന്ന വൃത്താകൃതിയിലുള്ള മുഴ/ തടിപ്പ് ആണ് പ്രധാന രോഗലക്ഷണം. മൂക്കിൽ നിന്നും കണ്ണിൽ നിന്നുമുള്ള നീരൊലിപ്പാണ് മിക്കപ്പോഴും രോഗത്തിന്റെ ആദ്യ ലക്ഷണം. പനി, കഴല വീക്കം, പാൽ ഉത്പാദനത്തിൽ കുറവ്, തീറ്റ വേണ്ടായ്ക എന്നിവ മറ്റു ലക്ഷണങ്ങളാണ്. ചില പശുക്കൾക്ക് കൈകാലുകൾ, കീഴ്ത്താടി, താട, വയറിന്റെ കീഴ്ഭാഗം എന്നിവിടങ്ങളിൽ നീർക്കെട്ട്, വായിലും മൂക്കിലും വ്രണങ്ങൾ എന്നിവയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പശുക്കൾക്കും എരുമകൾക്കും മാത്രമാണ് ചർമ്മ മുഴ രോഗ സാധ്യതയുള്ളത്. രോഗം കന്നുകാലികളിൽ നിന്നു മനുഷ്യരിലേക്കു പകരില്ല.
ചികിത്സ
രോഗലക്ഷണങ്ങൾ കണ്ടെത്തുകയോ രോഗബാധ സംശയിക്കുകയോ ചെയ്ത കന്നുകാലികളെ മാറ്റിപ്പാർപ്പിച്ച് ചികിത്സയും പരിചരണവും നൽകണം. രോഗബാധയേറ്റ കന്നുകാലികളുമായി മറ്റു മൃഗങ്ങൾക്ക് സമ്പർക്കത്തിനുള്ള സാഹചര്യം ഒരുക്കരുത്. രോഗം ബാധിച്ചവയുടെ പാൽ കിടാവുകൾ കുടിക്കുന്നില്ലെന്നും ഉറപ്പാക്കണം. പ്രതിരോധ കുത്തിവയ്പ് എടുക്കണം.
ചർമ്മമുഴ രോഗത്തിന്റെ വ്യാപനം തടയാനാണ് തീവ്ര വാക്‌സിനേഷൻ കാമ്പയിൻ തുടങ്ങുന്നത്. രോഗം സ്ഥിരീകരിച്ച സ്ഥലങ്ങളിലെ മൃഗാശുപത്രികളിൽ ഇപ്പോൾ മരുന്നുകൾ നൽകിവരുന്നുണ്ട്.
-ജെ.ചിഞ്ചുറാണി
മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |