കോഴിക്കോട്: വേദിയിൽ പ്രണവനാദമുയർന്നു, കിരാത വേഷത്തിൽ പരമശിവനായും അർജ്ജുനനായും വേദിയിൽ ജലാലുദ്ദീൻ ചുവടുവയ്ക്കുമ്പോൾ അവഗണിച്ചവരോടുള്ള കണക്കുതീർക്കൽ കൂടിയായിരുന്നു. മത്സരം കഴിഞ്ഞയുടനെ മകനെ ഓടിച്ചെന്ന് അശ്ലേഷിച്ച് പിതാവ് സുധീർഖാൻ. വെങ്ങാനൂരിലെ വീട്ടിലിരുന്ന് മൊബൈൽ ഫോണിലൂടെ മകന്റെ പ്രകടനം കണ്ട് ഉമ്മ മാജിദ സന്തോഷാശ്രുക്കൾ പൊഴിച്ചു.
കോടതി അപ്പീൽ അനുവദിക്കുമെന്ന പ്രതീക്ഷയിൽ കഴിഞ്ഞ ദിവസങ്ങളിൽ കുച്ചുപ്പുടി, നാടോടിനൃത്തം വേദികൾക്ക് പിന്നിൽ മേക്കപ്പിട്ട് ജലാലുദ്ദീൻ കാത്തുനിന്നിരുന്നു. നിരാശയായിരുന്നു ഫലം. തിരുവനന്തപുരം കോട്ടുകാൽകോണം വി.എച്ച്.എസ്.എസിലെ പ്ലസ്ടുക്കാരൻ അഞ്ചാം ക്ലാസ് മുതൽ നൃത്ത വേദിയിലുണ്ട്. യുട്യൂബ് നോക്കി പഠിച്ചാണ് കലോത്സവവേദിയിലെത്തിയത്. ജലാലുദ്ദീന്റെ നൃത്ത വൈഭവം തിരിച്ചറിഞ്ഞ നൃത്താദ്ധ്യാപിക വിഷ്ണുപ്രിയ ഗുരുവായി. എട്ടാം ക്ലാസിൽ പഠിപ്പിക്കുമ്പോൾ മുതൽ ജില്ലാതല മത്സരത്തിൽ ഇടറി വീഴാനായിരുന്നു വിധി. പന്ത്രണ്ടാം ക്ലാസിലും ഇത് ആവർത്തിച്ചപ്പോൾ ഒന്ന് പൊരുതാൻ തന്നെ ജലാലുദ്ദീൻ തീരുമാനിച്ചു. ഇത് നാടിന്റെ കൂടി ആവശ്യമായിരുന്നു. മൂന്നിനത്തിനും അപ്പീൽ നൽകി. ഭരതനാട്യത്തിന് ജില്ലാ വിദ്യാഭ്യാസ ഓഫീസറാണ് അപ്പീൽ അനുവദിച്ചത്.
വേഷഭൂഷാധികളും മറ്റ് ചെലുവുകൾ വഹിച്ചത് ജലാലുദ്ദീനെ ഏറെ ഇഷ്ടപ്പെടുന്ന നാട്ടുകാരിൽ ചിലരും. അച്ചാർ കച്ചവടം നടത്തി ഉപജീവനത്തിനുള്ള വക കണ്ടെത്തുന്നവരാണ് ജലാലുദ്ദീന്റെ ബാപ്പ സുധീർഖാനും ഉമ്മ മാജിദയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |