സർവീസ് റോഡ് നിരപ്പാക്കൽ 25 കിലോമീറ്ററോളം പൂർത്തിയായി
കൊല്ലം: ദേശീയപാത 66 വികസനത്തിന്റെ ആദ്യഘട്ടമായി സർവീസ് റോഡുകളുടെ നിർമ്മാണം പുരോഗമിക്കുന്നു. ഓച്ചിറ മുതൽ കടമ്പാട്ടുകോണം വരെ 57 കിലോമീറ്റർ പാതയിൽ 25 കിലോമീറ്ററോളം സർവീസ് റോഡുകളുടെ നിരപ്പാക്കൽ ജോലികൾ ഇതിനകം പൂർത്തിയായിട്ടുണ്ട്. ചില സ്ഥലങ്ങളിൽ മെറ്റിൽ ഉറപ്പിക്കുന്ന ജോലികളും ആരംഭിച്ചു. കരുനാഗപ്പളളി,ചവറ, ശക്തികുളങ്ങര, പാരിപ്പളളി, കല്ലുവാതുക്കൽ ഭാഗങ്ങളിൽ സർവ്വീസ് റോഡുകൾ മണ്ണിട്ട് ലെവൽ ചെയ്യുന്ന ജോലികൾ പുരോഗമിക്കുന്നു. പാതയുടെ ഇരുവശങ്ങളിലായി 7 മീറ്റർ വീതിയിലാണ് സർവീസ് റോഡുകൾ നിർമ്മിക്കുന്നത്. സർവീസ് റോഡുകളുടെ ടാറിംഗ് ഉൾപ്പെടെ പൂർത്തിയായി വാഹനം തിരിച്ചുവിട്ട ശേഷമേ പ്രധാന റോഡുകളുടെ നിർമ്മാണം ആരംഭിക്കു. സർവീസ് റോഡിനൊപ്പം ഓടകളുടെ നിർമ്മാണം പൂർത്തിയായിട്ടുണ്ട്. പുതിയ ഇലക്ട്രിക് പോസ്റ്റുകൾ സ്ഥാപിച്ച് ലൈൻ മാറ്റി വലിക്കുന്ന ജോലികളും നടന്നു വരുന്നു. നീണ്ടകര പാലത്തിന്റെ ഇരുവശങ്ങളിലായി നിർമ്മിക്കുന്ന രണ്ട് പാലങ്ങളുടെ നിർമ്മാണവും വേഗതയിൽ പുരോഗമിക്കുന്നു. പാലങ്ങളുടെ പൈലിംഗ് ജോലികൾ നേരത്തെ ആരംഭിച്ചിരുന്നു. തൂണുകളുടെ നിർമ്മാണവും നടന്നു വരുന്നു. 22 മീറ്റർ വീതിയും 650 മീറ്റർ നീളവുമുള്ള പാലമാണ് നീണ്ടകരയിൽ നിർമ്മിക്കുക. ഇത്തിക്കരയിലും പാലം നിർമ്മിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു.
കരുനാഗപ്പള്ളി കന്നേറ്റി,ചവറ എന്നിവിടങ്ങളിലും രണ്ട് പാലങ്ങൾ വീതം നിർമ്മിക്കും.
തടസമായി മണ്ണും മരവും
സർവീസ് റോഡുകളുടെ നിർമ്മാണം പുരോഗമിക്കുമ്പോഴും പല ഭാഗങ്ങളിലെയും മരങ്ങൾ ഇനിയും മുറിച്ചു നീക്കിയിട്ടില്ല.വൈദ്യുത ലൈനുകൾ, ട്രാൻസ് ഫോമറുകൾ തുടങ്ങിയവയും നീക്കം ചെയ്തിട്ടില്ല. സർവീസ് റോഡുകളുടെ നിർമ്മാണത്തിന് മണ്ണിന്റെ ദൗർലഭ്യം ഒരു തടസമാകുന്നതായും ദേശീയ പാത വികസന അതോറിട്ടി ഉദ്യോഗസ്ഥർ പറയുന്നു.
.....................................................
ദേശീയപാത 66 വികസനത്തിന്റെ ആദ്യഘട്ടമെന്ന നിലയിൽ സർവീസ് റോഡുകളുടെ നിർമ്മാണം പുരോഗമിക്കുന്നു. ഇത് വേഗത്തിൽ തീർക്കാനുളള ശ്രമത്തിലാണ്. രണ്ട് മാസം കൊണ്ട് ലെവലിംഗ് പൂർത്തിയാക്കും. മണ്ണിന്റെ ലഭ്യത ഇതിന് തടസമാകുന്നുണ്ട്.
എം.കെ.റഹ്മാൻ, ദേശീയപാത ലെയ്സൺ ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |